ADVERTISEMENT

തങ്ങളുടെ ജോലി പ്രതിഫലിക്കുന്ന വിധം വീടൊരുക്കിയതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു.

എന്റെ പേര് ജയപ്രകാശ്. ഞാനും ഭാര്യ രാജിയും കോളജ് അധ്യാപകരാണ്. കോട്ടയം അതിരമ്പുഴയിൽ വീടുപണിയുമ്പോൾ, ഞങ്ങളുടെ തൊഴിലിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഇടങ്ങളുള്ള ഗൃഹം എന്നതായിരുന്നു ആശയം. അജ്ഞതയുടെ തമസ്സിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണല്ലോ അധ്യാപനത്തിന്റെ ലക്ഷ്യം. ഇതിനായി മൂന്നു ഭാഗങ്ങളായാണ് വീടൊരുക്കിയത്. പോർച്ച് വരുന്ന ആദ്യഭാഗത്ത് ഇരുണ്ട നിറങ്ങൾ നൽകി. അകത്തേക്ക് കയറുമ്പോൾ സ്വാഗതമരുളുന്ന സിറ്റൗട്ട്, കോർട്‌യാർഡ് എന്നിവയ്ക്ക് റസ്റ്റിക് ഫിനിഷ് നൽകി. വീടിന്റെ ബാക്കി ഇടങ്ങൾ എല്ലാം വൈറ്റ് പെയിന്റും നൽകി. ഇതിലൂടെ തമസ്സിൽ നിന്നും പ്രകാശത്തിലേക്ക് എത്തുന്ന പ്രതീതി അതിഥികൾക്ക് ലഭിക്കും.

teacher-home-elevation

വീടിന്റെ മൂന്നുവശങ്ങളിൽനിന്നും വ്യത്യസ്തമായ പുറംകാഴ്ചയാണ് ലഭിക്കുക. ഫ്ലാറ്റ് റൂഫിന് മുകളിൽ ജിഐ ട്രസ് ചെയ്തു റൂഫിങ് ടൈൽസ് വിരിച്ചു. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പാത്തികളിലൂടെ ജലസംഭരണിയിൽ എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീടു വയ്ക്കാൻ മരങ്ങൾ മുറിക്കരുതെന്നു ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. വീടിനു ചുറ്റുമുള്ള മരങ്ങളും സ്വച്ഛമായ അന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

teacher-home-exterior

ഇടങ്ങളുടെ ബാഹുല്യമൊന്നുമില്ല അകത്തേക്ക് കയറിയാൽ. സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ...ഇത്രമാത്രമാണ് 1400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

ഡബിൾ ഹൈറ്റിലാണ് മേൽക്കൂര. സ്വീകരണമുറിയിൽ ഒരു വശത്തു ഭിത്തി നിറയെ ജിഐ കൊണ്ടുള്ള ഗ്രിൽ നൽകി. ഇതിനൊപ്പം തുറസ്സായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. കൊതുകുശല്യം ഒഴിവാക്കാൻ മെറ്റൽ അഴികളിൽ കൊതുകുവല നൽകി. 

teacher-home-living

ഹാളാണ് വീടിന്റെ ഹൃദയഭാഗം. ഊണുമുറി, കോർട്‌യാർഡ്, ഗോവണി തുടങ്ങിയവയെല്ലാം ഇവിടെ വരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രമുള്ളതിനാൽ കിടപ്പുമുറികളും അടുക്കളയും ലളിതമായാണ് ഒരുക്കിയത്. ഇതിലൂടെ പരിപാലനവും എളുപ്പമായി. മുകൾനിലയിൽ ലൈബ്രറിയുണ്ട്. ഗോവണിയുടെ കൈവരിയിലാണ് ബുക്ക് ഷെൽഫ് ഒരുക്കിയത്. 

teacher-home-library

'സുഖം' എന്നാണ് വീടിനു ഞങ്ങളിട്ട പേര്. ഇത് അന്വർഥമാക്കുംവിധം സുഖകരമായ അന്തരീക്ഷം വീടിനുള്ളിൽ ഇപ്പോഴും നിറയുന്നു. കാറ്റും വെളിച്ചവും സുഗമമായി ലഭിക്കുന്നതിനാൽ വീട്ടിൽ ഫാൻ ഇടേണ്ട ആവശ്യം അധികം വരാറില്ല. രാത്രിയിലൊഴിച്ച് ലൈറ്റും ആവശ്യമില്ല. മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി ബില്ലിൽ നല്ല കുറവുണ്ട്.  

മറ്റുള്ളവരെ കാണിക്കാനല്ല, നമുക്ക് സന്തോഷമായി കഴിയാനാണ് വീടുവയ്ക്കേണ്ടത്. വീടിനകത്ത് ഇത്തിരി സ്ഥലം വെറുതെ കിടന്നാൽ അവിടെ എന്ത് കുത്തിനിറയ്ക്കാം എന്നാണ് പലരും ചിന്തിക്കുക. എന്നാൽ കുറച്ചിട എങ്കിലും ഒഴിച്ചിട്ടുനോക്കൂ. അത് വീടിനു നൽകുന്ന പോസിറ്റീവ് എനർജി വലുതായിരിക്കും. ഇതാണ് വീടുപണിയുന്ന മറ്റുള്ളവരോട് ഞങ്ങൾക്ക് അനുഭവത്തിൽനിന്നും പറയാനുള്ളത്.

teacher-home-ff-plan
teacher-home-gf-plan

 

Project Facts

Location- Athirampuzha, Kottayam

Area-1400 sqft

Architect : Sreeraj S

4D Architects

email- 4darchitects2009@gmail.com

Mob- 99950 06335

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com