ADVERTISEMENT

ചുട്ടുപൊള്ളിക്കുന്ന വേനൽ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. കോൺക്രീറ്റ് വീടുകൾ ചൂടാറാപ്പെട്ടികളായി മാറുന്ന കാലം. ഇതിൽനിന്നും വ്യത്യസ്തമായി, കുറഞ്ഞ ചെലവിൽ ഒരുക്കിയ, വേനൽചൂട് എത്തിനോക്കാൻ മടിക്കുന്ന വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗൃഹനാഥൻ. 

mud-house-thrissur-JPG

എന്റെ പേര് അഭിലാഷ്. ഇരിങ്ങാലക്കുടയിലെ കാറളമാണ് സ്വദേശം. എല്ലാ പ്രവാസികളെയും പോലെ നാട്ടിലൊരു വീട് എന്റെയും സ്വപ്നമായിരുന്നു. പക്ഷേ അതിനുവേണ്ടി അന്യദേശത്ത് കഷ്ടപ്പെട്ടുണ്ടാകുന്ന സമ്പാദ്യം മുഴുവൻ നിക്ഷേപിക്കാൻ താൽപര്യമില്ലായിരുന്നു. വലിയ തുക ലോണെടുത്തുള്ള കടബാധ്യയും വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന ഒരുനില വീട് എന്നതായിരുന്നു സങ്കൽപം. ഇതിനായി ഞങ്ങൾ സമീപിച്ചത് കോസ്റ്റ് ഫോർഡിലെ എഞ്ചിനീയർ ശാന്തിലാലിനെയായിരുന്നു. 

mud-house-thrissur-sitout-JPG

പ്രാദേശികമായി വെട്ടുകല്ല് സുലഭമായിരുന്നു. അതുകൊണ്ട് നിർമാണത്തിന് വെട്ടുകല്ല് തിരഞ്ഞെടുത്തു. തട്ടുകളായുള്ള പ്ലോട്ടിൽ കരിങ്കല്ല് കൊണ്ട് അടിത്തറ കെട്ടി. വെട്ടുകല്ല് കൊണ്ടു ഭിത്തി നിർമിച്ചു. പ്ലാസ്റ്ററിങ്ങിനു മണ്ണും കുമ്മായവും ഉപയോഗിച്ചു. പറമ്പിൽ തന്നെയുള്ള മണ്ണാണ് ഉപയോഗിച്ചത്. മണലിന്റെ ആവശ്യമേ ഉണ്ടായില്ല. പ്രത്യേകം പെയിന്റ് അടിക്കേണ്ട കാര്യവുമില്ല. ദീർഘ കാലയളവിൽ പരിപാലന ചെലവും ലാഭമാണ്.

mud-house-thrissur-living-JPG

ഫ്ലാറ്റും സ്ലോപ്പും റൂഫുകൾ വീടിനു ഭംഗിയേകുന്നു. ഓടുവച്ചു വാർക്കുന്ന ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര ഒരുക്കിയത്. അതിനാൽ പ്രത്യേകം സീലിങ് വർക്കുകൾ ചെയ്യേണ്ട ആവശ്യവുമില്ല. 

mud-house-thrissur-dine-JPG

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. പരിപാലനം കൂടി കണക്കിലെടുത്ത്, അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഇടങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇടച്ചുവരുകൾ നൽകാതെ തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തുന്നു. സ്വാഭാവിക വെളിച്ചം ലഭിക്കാൻ ധാരാളം ജനാലകളും നൽകി. പകൽസമയത്ത് ലൈറ്റുകൾ ഉപയോഗിക്കേണ്ട കാര്യമില്ല.

mud-house-thrissur-bed-JPG

രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. ഒരു കോമൺ ടോയ്‌ലറ്റും സജ്ജീകരിച്ചു. അടുക്കളയിൽ കബോർഡുകൾ നൽകി.

mud-house-thrissur-kitchen-JPG

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഇരുപതു ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നക്കൂട് പൂർത്തിയായി. എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്തും വീടിനുള്ളിൽ നല്ല തണുപ്പാണ്. കോൺക്രീറ്റ് ഇല്ലാത്തതും മണ്ണിന്റെ ഉപയോഗവുമാണ് പ്രധാന കാരണം. ചിത്രങ്ങൾ കണ്ടപ്പോൾ നിങ്ങൾക്ക് മനസിലായി കാണും, വീടിനുള്ളിൽ സീലിങ് ഫാൻ വച്ചിട്ടില്ല!

 

ചെലവ് കുറച്ച ഘടകങ്ങൾ

  • മണ്ണു കൊണ്ടാണ് പ്ലാസ്റ്ററിങ്. ഇതിലൂടെ സിമന്റ്, മണൽ, പെയിന്റ് ഉപയോഗം നിയന്ത്രിച്ചു.
  • പഴയ മേച്ചിൽ ഓടുകൾ നാലു രൂപയ്ക്ക് വാങ്ങി പോളിഷ് ചെയ്തുപയോഗിച്ചു. 
  • ഫർണിച്ചറുകൾക്കും കബോർഡുകൾക്കും പഴയ മരം പോളിഷ് ചെയ്തു പുനരുപയോഗിച്ചു.

 

നിർമാണ സാമഗ്രികൾ

  • അടിത്തറ- കരിങ്കല്ല്, RCC
  • സ്ട്രക്ചർ- വെട്ടുകല്ല് 
  • പ്ലാസ്റ്ററിങ്- മഡ് പ്ലാസ്റ്ററിങ്  
  • ഫർണിച്ചർ- പുനരുപയോഗിച്ച തടി 
  • ഫ്ളോറിങ്- ഇടത്തരം വിട്രിഫൈഡ് ടൈൽ
santilal-plan

 

Project Facts

Location- Keralam, Iringalakuda

Plot - 10 cent

Area- 1500 SFT

Budget- 20 Lakhs

Owner - Abhilash

Structural Engineer– Santhilal

Costford Triprayar Center, Thrissur

Ph : 9495667290

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com