sections
MORE

ചൂട് കണികാണാൻ പോലുമില്ല! വിഷു സ്‌പെഷൽ വീട്

summer-cool-home-kannur
SHARE

'ഏതു കാലത്താണാവോ ഈ വീട് പണിയാൻ തോന്നിയത്'...വേനൽക്കാലമെത്തിയതോടെ, ഷോ ഓഫിനായി പെട്ടിക്കൂട് പോലെ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച പലരും ഇപ്പോൾ വിയർത്തൊലിച്ച് പരിതപിക്കുന്നുണ്ടാകും. എന്നാൽ കണ്ണൂർ ചൊക്ലിയിലുള്ള സതീഷിന്റെ വീട്ടിലേക്ക് ചൂടിന് പ്രവേശനമേയില്ല. സതീഷ് വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

വീടുനിർമാണത്തിൽ എല്ലാവരും പോകുന്ന വഴിയിൽനിന്നും മാറിനടക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പൊതുവെ ചൂട് കൂടുതലുള്ള പ്രദേശമാണിവിടം. കോൺക്രീറ്റ് വീട്ടിൽ ചൂട് സഹിക്കാനാകാതെ കഴിയുന്ന പരിചയക്കാരുടെ അനുഭവവും മാറിചിന്തിക്കാൻ പ്രചോദനമായി. പ്രകൃതിസൗഹൃദ വീടുകൾ നിർമിച്ചിട്ടുള്ള ആർക്കിടെക്ട് ബിജു ബാലന്റെ എൻട്രിയാണ് വഴിത്തിരിവ്. പരിസ്ഥിതിസൗഹൃദമായി നിർമിച്ച അദ്ദേഹത്തിന്റെ ചമൻ എന്ന വീട് ഞാൻ ശ്രദ്ധിച്ചിരുന്നു. അതുപോലെ ഒരു വീട് വേണം എന്ന ആഗ്രഹം ഞാൻ പങ്കുവച്ചു. അദ്ദേഹത്തിനും നൂറുവട്ടം സമ്മതം.

summer-cool-home-dine

പല തട്ടുകളായി കിടക്കുന്ന പ്ലോട്ട് നിരപ്പാക്കാതെ തനിമ നിലനിർത്തിയാണ് വീടുപണിതത്. വീടിനുള്ളിൽ ഇതിന്റെ ഉയരവ്യത്യാസം പ്രകടമാണ്. ഞങ്ങളുടെ നാട്ടിൽ സുലഭമായ വെട്ടുകല്ലാണ് നിർമാണത്തിനുപയോഗിച്ചത്. ഭിത്തികൾ തേച്ചിട്ടില്ല. ചിതലിനെ പ്രതിരോധിക്കാൻ ടെർമൈറ്റ് ട്രീറ്റ്‌മെന്റ് ചെയ്തു. 

മൂന്ന് തരത്തിലുള്ള മേൽക്കൂരകൾ ഉപയോഗിച്ചു. മേൽക്കൂരയുടെ സ്വഭാവം അനുസരിച്ച് വിവിധ താപനിലകൾ വീടിനുള്ളിൽ അനുഭവവേദ്യമാകും.

  • സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവിടങ്ങളിൽ കോൺക്രീറ്റ് മേൽക്കൂര നൽകി.
  • താഴത്തെ നിലയിൽ കുറച്ചു ഭാഗങ്ങളിൽ സ്റ്റീലും സിമന്റ് ബോർഡും ഉപയോഗിച്ചു.
  • മുകളിലെ നിലയിൽ സ്റ്റീലും ജിഐ ഷീറ്റും ഉപയോഗിച്ചു. ഇതിനു മുകളിൽ ട്രസ് ചെയ്ത് ഓട് വിരിച്ചു.
summer-cool-home-interior

സ്വീകരണമുറി, ഊണുമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഒരുക്കിയത്. ഭൂമിക്കും പരിസ്ഥിതിക്കും ഭാരമാകാത്ത അകത്തളങ്ങൾ വേണം എന്നുണ്ടായിരുന്നു. ടൈലും മാർബിളുമൊന്നും വീട്ടിലേക്ക് കയറ്റിയില്ല. കടപ്പ, കോട്ട കല്ലുകളാണ് നിലത്തു വിരിച്ചത്. പലയിടങ്ങളിലും കോൺക്രീറ്റ് സീലിങ് തേക്കാതെ അതുപോലെ നിലനിർത്തി.  സ്വീകരണമുറിയുടെ ഒരുവശത്തെ ഭിത്തി മുഴുവനായും വലിയ മെറ്റൽ അഴികളുള്ള ജനൽ നൽകി. തണുത്ത കാറ്റ് എപ്പോഴും വീടിനുള്ളിൽ പരിലസിക്കുന്നു.

summer-cool-home-interiors

വീട്ടിൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗമാണ് പ്രകൃതിയിലേക്ക് തുറന്ന നടുമുറ്റം. വീടിന്റെ മിക്ക ഇടങ്ങളിൽനിന്നും ഇവിടേക്ക് കാഴ്ചയെത്തുന്നു. സുരക്ഷയ്ക്കായി ഇതിനു ചുറ്റും മെറ്റലും ഗ്ലാസും കൊണ്ട് ഗ്രില്‍ നൽകി. പച്ചപ്പ് നിറയ്ക്കാൻ രണ്ടു ചെറിയ മരങ്ങളുടെ തൈയും നട്ടിട്ടുണ്ട്. ഭാര്യ ദിവ്യക്കും പച്ചപ്പും കൃഷിയുമെല്ലാം ഇഷ്ടമാണ്. ടെറസിൽ ചെറിയൊരു പച്ചക്കറിത്തോട്ടം ഒരുക്കാനുള്ള പണിപ്പുരയിലാണ് കക്ഷി.

summer-cool-home-courtyard

തടിയുടെ ഉപയോഗം കഴിവതും നിയന്ത്രിച്ചു. ഫർണിച്ചറുകൾ വാങ്ങിയില്ല. മാസ്റ്റർ ബെഡ്റൂമിലെ കട്ടിൽ കോൺക്രീറ്റ് ഫ്രയിമിൽ തന്നെ ഇൻബിൽറ്റ് ആയി വാർത്തെടുത്തു. മറ്റു മുറികളിൽ സ്റ്റീലിലും പ്ലൈവുഡിലും കോട്ട് ഒരുക്കി. ഇതിലൂടെ നല്ലൊരു തുക ലാഭിക്കാനും കഴിഞ്ഞു. തടിയിലും മെറ്റലിലുമാണ് ഊണുമേശ ഒരുക്കിയത്. തുറസ്സായ അടുക്കളയാണ്. സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയിട്ടുണ്ട്. 

summer-cool-home-bed

ചിത്രങ്ങൾ കണ്ടപ്പോൾ നിങ്ങൾ ശ്രദ്ധിച്ചു കാണും, പേരിനു ഒരു വോൾ ഫാൻ നൽകിയിട്ടുണ്ട് എന്നതല്ലാതെ വീടിനുള്ളിൽ ഫാനിന്റെ ആവശ്യമേയില്ല. വൈകുന്നേരങ്ങളിൽ വീടിന്റെ തണുപ്പ് ആസ്വദിക്കാനും സംസാരിച്ചിരിക്കാനുമായി സുഹൃത്തുക്കൾ എത്താറുണ്ട്. ആഗ്രഹിച്ചതിലും ഭംഗിയായി സ്വപ്നക്കൂട് ഒരുക്കി നൽകിയ ബിജു ബാലനോടുള്ള നന്ദി ഞങ്ങൾ അറിയിക്കുകയാണ്.

ചൂട് കുറച്ച ഘടകങ്ങൾ

  • കോൺക്രീറ്റ് ഉപയോഗം നിയന്ത്രിച്ചു. വെട്ടുകല്ലിന്റെ താപപ്രതിരോധശേഷി അകത്തളങ്ങളിൽ ചൂട് കുറയ്ക്കുന്നു.
  • നേരിട്ട് വെയിൽ അടിക്കാതെ ചൂട് പുറത്തേക്ക് പ്രസരിപ്പിക്കുന്ന വിധമുള്ള മേൽക്കൂരകൾ.
  • വലിയ ജനാലകളുടെയും തുറന്ന നടുമുറ്റത്തിന്റെയും സാന്നിധ്യം.
  • മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യം.

Project Facts

Location- Chokli, Kannur

Area- 1800 SFT

Owner- Satheesh

Architect- Biju Balan

Laurels Designs, Calicut

Mob- 90746 63763

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA