പലതരം വീടുകൾ കണ്ടിട്ടുണ്ട്, എങ്കിലും ഇതൊരു സംഭവം തന്നെ!
Mail This Article
പലതരത്തിലുള്ള റെനവേഷൻ കണ്ടിട്ടുണ്ടെങ്കിലും നവീകരണം ഒരു അത്ഭുതക്കാഴ്ചയായി മാറുന്നത് ഇൗ വീട് കാണുമ്പോഴാണ്. കാരണം ഏതൊരു പുതിയ വീടിനോടും കിടപിടിക്കുന്ന രീതിയിലാണ് പഴയ വീടിന്റെ മുഖംമാറ്റം. ഉയരക്കുറവും വെളിച്ചക്കുറവുമൊക്കെയാണ് വീടൊന്നു പുതുക്കിയേക്കാം എന്ന ചിന്തയിലേക്ക് വീട്ടുടമസ്ഥൻ ഫൗസിറിനെ എത്തിച്ചത്. ആധുനിക സൗകര്യങ്ങളും ആഡംബരയഴകും നിറയുന്ന വീട് യാഥാർത്ഥ്യമാക്കിയത് കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷബിർ സലീൽ അസോഷ്യേറ്റ്സിന്റെ സാരഥികളായ ഷബിറും സലീൽ കുമാറുമാണ്.
കോഴിക്കോട് മൂഴിക്കൽ 32 സെന്റിലാണ് ഫൗസിറിന്റെ ഇൗ വീട്. സെമി കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ഫ്ലാറ്റ്, സ്ലോപ് റൂഫുകൾ ഇടകലർത്തി നൽകി. ഇറക്കുമതിചെയ്ത ടെറാക്കോട്ട ടൈലാണ് റൂഫിൽ. എലിവേഷനിൽ വൈറ്റ് നിറത്തിനാണ് പ്രാമുഖ്യം. വള്ളിച്ചെടികൾ വീടിന്റെ റുഫിലേക്കും പടർത്തിയിട്ടുണ്ട്. പ്ലാന്റർ ബോക്സുകൾ ഒരുക്കി വീടിന് ചുറ്റും ഗ്രീനറി തീർത്തിട്ടുണ്ട്. മുറ്റത്ത് കടപ്പ കോബിൾ സ്റ്റോൺ വിരിച്ചിരിക്കുന്നു. കിണറിന്റെ ചുറ്റുമതിൽ പ്ലാന്റർ ബോക്സായിട്ടാണ് തിർത്തിരിക്കുന്നത്. വുഡൻ പ്രിന്റിങ്ങുള്ള അലുമിനിയത്തിലാണ് ഗസീബോ ഒരുക്കിയത്. പൂമുഖത്ത് ഒരു വാട്ടർബോഡി തീർത്ത് ആകർഷകമാക്കിയിട്ടുണ്ട്.
സിറ്റൗട്ട്, ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, കിച്ചൺ, പാൻട്രി, വർക്ക് ഏരിയ, സർവെന്റസ് റൂം, അഞ്ചു കിടപ്പുമുറികൾ എന്നിവ 6500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നു.
രണ്ട് സിറ്റൗട്ടാണ് വീട്ടിലുള്ളത്. ഒന്ന് സ്വീകരണമുറിയോട് ചേർന്നും മറ്റൊന്ന് പോർച്ചിൽ നിന്നും നേരിട്ട് വീട്ടകത്തേക്ക് കടക്കാവുന്ന വിധത്തിലുമാണ്. വീട്ടുകാർ ഒത്തുകൂടുന്ന പ്രധാനയിടം ഇതാണ്.
സ്വീകരണമുറി ആഡംബരത്തിലാണ് ചിട്ടപ്പെടുത്തിരിക്കുന്നത്. ടെംപേർഡ് ഗ്ലാസ്സിൽ തീർത്ത ജാലകങ്ങൾ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്ക് എത്തിക്കുന്നു.
സ്വീകരണമുറിയോടു ചേർന്നുള്ള ഓപ്പൺ ഡെക്കിൽ വുഡൻ ഫ്ളോറിങ് നൽകി. വാതിലുകൾ തുറന്നിട്ടാൽ വാട്ടർബോഡിയുടേയും പുറംകാഴ്ചകളുടേയും ഭംഗി വീട്ടകത്തേക്ക് വിരുന്നെത്തും. പഴയ വീടിന്റെ ഭാഗങ്ങൾ കവർ ചെയ്തിരിക്കുന്നത് വുഡൻപാനലിങ് കൊണ്ടാണ്. ഡൈനിങിലെ മുഖ്യാകർഷണം തൂക്ക് വിളക്കുകളാണ്.
ഇൗ വീട്ടിലെ ഏറ്റവും ആകർഷകമായ രണ്ടിടങ്ങൾ ഒാപ്പൺ ഡെക്കും മണിയറയുടെ ആശയത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കിടപ്പുമുറിയുമാണ്. മകളുടെ കിടപ്പുമുറിയാണ് മണിയറയുടെ ആശയത്തിൽ തീർത്തിരിക്കുന്നത്. ക്ലാസ്സിക്ക് ഫർണിച്ചറിന്റെ കമനീയതയാണ് ഇൗ കിടപ്പറ അതുല്യമാക്കുന്നത്. അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത ശൈലിയിലാണ് ഒരുക്കിയത്. ജിപ്സം പ്ലൈവുഡ് ഫിനിഷിലാണ് കബോർഡും കോട്ടും സീലിങ്ങും ഒരുക്കിയത്.
മോഡുലാർ ശൈലിയിലുള്ള ഐലൻഡ് കിച്ചനാണ് ഒരുക്കിയത്. സ്റ്റോറേജിന് ധാരാളം സ്ഥലമുണ്ട്. കളേർഡ് ഗ്ലാസ്സ് ഫിനിഷാണ് ക്യാബിനറ്റുകൾക്ക്. കൊറിയൻ ടോപ്പാണ് കൗണ്ടറിന്.
ആധുനികതയുടേയും ആഡംബരത്തിന്റേയും പുതുവ്യാഖ്യാനമാണ് ഇൗ പാർപ്പിടത്തിന്റെ ഒാരോ കോണും പകർന്നുനൽകുന്നത്.
Project Facts
Location- moozhikkal, Kozhikode
Plot- 32 cent
Area- 6500 SFT
Owner- Fauseer
Designer- Shabeer and Saleel Kumar
SHABEER SALEEL ASSOCIATES, Calicut
Phone: 0495-2743329
ചിത്രങ്ങൾ- അജീബ് കോമാച്ചി