sections
MORE

ഈ വീട്ടിൽ എത്തുന്നവർക്ക് അറിയേണ്ടത് തണുപ്പിന്റെ രഹസ്യം!

ajay-tara-residence
SHARE

ആളുകളെ കാണിക്കാൻ വേണ്ടി വീടുപണിയുന്ന നമ്മുടെ നാട്ടിൽ പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന ഈ വീടിനു വളരെയേറെ പ്രസക്തിയുണ്ട്. കൊല്ലം നീണ്ടകരയിലുള്ള വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ആന്റണി പങ്കുവയ്ക്കുന്നു. 

വീട് പുതുക്കിപ്പണിയാം എന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ കാലപ്പഴക്കം കൊണ്ട് ഭിത്തികളും കഴുക്കോലുമെല്ലാം ദ്രവിച്ച അവസ്ഥയിലായിരുന്നു. അങ്ങനെ പുതിയ വീട് നിർമിക്കുന്നതാണ് നല്ലത് എന്ന് തീരുമാനിക്കുന്നത്. ഭൂമിക്ക് ഭാരമാകാതെ, സമാധാനമായി വസിക്കാൻ പാകത്തിലൊരു വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ആർക്കിടെക്ട് അജയും താരയും അത് സഫലമാക്കി നൽകി.

വീടിന്റെ മേൽക്കൂരയിലാണ് ഏറ്റവും പരീക്ഷണങ്ങൾ നടത്തിയത്. മൂന്ന് പാളികളായാണ് മേൽക്കൂര. ആദ്യം  ജിഐ ട്രസ്സിട്ട് ജിഐ ഷീറ്റ് വിരിച്ചു. അതിനു മുകളിൽ ചൂടിനെ ചെറുക്കാൻ തെർമോക്കോൾ കൊണ്ട് പാളിനൽകി. പുറത്ത് കാഴ്ചയ്ക്ക് ഭംഗി പകരുംവിധം ഓടു വിരിച്ചു. 

ajay-house-view

വീതി കുറഞ്ഞു പിന്നിലേക്ക് നീണ്ടുകിടക്കുന്ന ഭൂമിയാണ്. അതുകൊണ്ട് പിന്നിലേക്കാണ് ഇടങ്ങൾ ക്രമീകരിച്ചത്. വീടിന്റെ പിന്നിൽ ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് കടലാണ്. ഇവിടെ നിന്നുള്ള കാറ്റിനെ സ്വീകരിക്കാൻ പാകത്തിൽ ജനാലകളും കിടപ്പുമുറികളും ക്രമീകരിച്ചു. മേൽക്കൂര ഡബിൾ ഹൈറ്റിൽ ഒരുക്കിയത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. ഒപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. സിറ്റ്ഔട്ടും കാർപോർച്ചും വരെ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്.  വീടിനുള്ളിൽ പേരിനു ഫാൻ നൽകിയിട്ടുണ്ട് എന്നല്ലാതെ ഉപയോഗിക്കേണ്ടി വരാറില്ല. പകൽ സമയത്ത് ലൈറ്റുകളും ഇടേണ്ട ആവശ്യമില്ല. ഇതിലൂടെ വൈദ്യുതിയും ലഭിക്കാൻ കഴിയുന്നു. 

ajay-tara-interior

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഭിത്തികൾ കൊണ്ട് വീടിനുള്ളിൽ അതിരുകൾ തീർക്കരുത് എന്ന് നിഷ്കർഷ ഉണ്ടായിരുന്നു. അതിനാൽ തുറസായ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. സ്വീകരണമുറിയിൽ പ്രാർഥനാഇടം വേർതിരിച്ചു. 

മേൽക്കൂരയുടെ കഴുക്കോലുകൾക്കും ഫർണീച്ചറുകൾക്കും പാനലിങ്ങിനുമെല്ലാം തടിയാണ് ഉപയോഗിച്ചത്. ആശാരിമാർ ഒന്നരവർഷത്തോളം പ്ലോട്ടിൽ താമസിച്ചാണ് തടിപ്പണി പൂർത്തിയാക്കിയത്. മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ബാക്കി വന്ന തടി കൊണ്ട് വുഡൻ ഫ്ളോറിങ്ങും ചെയ്തിട്ടുണ്ട്. ഗോവണിയുടെ അടിയിൽ വാഷ് ഏരിയ നൽകി സ്ഥലം ഉപയുക്തമാക്കി.

ajay-dine

ഓപ്പൺ ശൈലിയിലാണ് പ്രധാന അടുക്കള. സമീപം വർക്കേരിയയും സ്റ്റോറും നൽകി. കിടപ്പുമുറികളിൽ ജനലിനോടു ചേർന്ന് ഇൻബിൽറ്റ് സീറ്റിങ്ങും ഒരുക്കി. ഈ വേനൽക്കാലത്താണ് ബന്ധുവീടുകളിലൊക്കെ പോയി തിരിച്ചുവരുമ്പോഴാണ് സ്വന്തം വീടിന്റെ മഹത്വം ഞങ്ങൾ തിരിച്ചറിയുന്നത്. മിക്ക അതിഥികൾക്കും ചോദിക്കാനുള്ളത് വീട്ടിലെ തണുപ്പിന്റെ രഹസ്യമാണ്. പ്രകൃതിദത്തമായ സാമഗ്രികൾ ഉപയോഗിക്കുക, പ്രകൃതിയിലേക്ക് ഇടങ്ങൾ തുറന്നിടുക..അതാണ് ഞങ്ങൾക്ക് പറയാനുള്ള ഉത്തരവും..

 

Project Facts

Location- Neendakara, Kollam

Area- 2800 SFT

Owner- Antony

Architect- Ajay Abey, Tara Pandala

Mob- 85930 61706

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA