sections
MORE

6 സെന്റ്, 20 ലക്ഷം; ബജറ്റിൽ നിന്ന് അണുവിട മാറാതെ വീട് ഒരുങ്ങി

20-lakh-home
SHARE

ബജറ്റ് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച് വീടു പണിക്കിറങ്ങുന്നവർ നിരവധിയാണ്. വീട് പണി കഴിഞ്ഞ് വിചാരിച്ചതിലും അധികം തുകയായി എന്ന് വിലപിക്കുന്നവരും കുറവല്ല. എന്നാൽ ആദ്യം തീരുമാനിച്ച ബജറ്റിൽ നിന്ന് അണുവിട മാറാതെ വീട് പണി പൂർത്തീകരിച്ചാണ് വീട്ടുടമയായ അനീഷാദ് വ്യത്യസ്തനാകുന്നത്.  ആർമിയിൽ നിന്ന് വിരമിച്ച അനീഷാദിന് നാട്ടിലെ പ്രകൃതിരമണീയമായ സഥലത്ത് സ്വന്തമായൊരു വീട് എന്നതായിരുന്നു ആഗ്രഹം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പാലപ്പുറത്താണ് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയ വീട് 1000 SFT വിസ്തൃതിയിൽ നിലകൊള്ളുന്നത്. തൃശ്ശൂർ ചെറുതുരുത്തി ആസ്ഥാനമായി പ്രവത്തിക്കുന്ന ബി. പി. ഡിസൈനേഴ്സിലെ ഡിസൈനർ ബി. പി. സലീമാണ് വീടിന്റെ രൂപകല്പനയ്ക്ക് നേതൃത്വം നൽകിയത്. 

20-lakh-home-exterior

ഏറ്റവും കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇരുനില വീടാണിത്. ആറ് സെന്റ് പ്ലോട്ടിൽ മൂന്ന് കിടപ്പുമുറികളോട് കൂടിയ വീട്ടിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ,വർക്ക് ഏരിയ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൺടെംപ്രറി നയത്തിൽ മിനിമലിസത്തിലൂന്നിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മിതമായ ഇന്റീരിയർ വർക്കുകൾ മാത്രമാണ് അകത്തളങ്ങളിൽ. വീടിന്റെ മുൻഭാഗത്ത് മിൽക്കി ഗ്ലാസ് വിത്ത് വിൻഡോ നൽകി പ്രകൃതി വെളിച്ചത്തെ ഉള്ളിലേക്ക് എത്തിക്കുന്നു. ബോക്സ് ടൈപ്പ് പാറ്റേണിലുള്ള എക്സ്റ്റീരിയറും ഫ്ളാറ്റ് റൂഫും റൊട്ടേറ്റ് ചെയ്യുന്ന ടിവി യൂണിറ്റും ഡിസൈൻ എലമെന്റുകളായി വർത്തിക്കുന്നു. 

20-lakh-home-interior

നിർമ്മാണ സാമഗ്രികൾ കുറച്ച്, സ്വാഭാവികമായി ഡിസൈൻ എലമെന്റുകൾ ഉൾച്ചേർത്ത് കേവലം 20 ലക്ഷം രൂപയ്ക്കാണ് വീടൊരുക്കിയത്. കിണർ, പോർച്ച്, മതിൽ, ഗേറ്റ് തുടങ്ങിയവ നിർമ്മിക്കുവാൻ അഞ്ച് ലക്ഷം രൂപയായി. തദ്ദേശീയമായി ലഭ്യമാകുന്ന വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി. തുറസ്സായ നയത്തിൽ ഭിത്തികൾ പരമാവധി ഒഴിവാക്കിയത് ചെലവ് ചുരുക്കാൻ സഹായകമായി. ഇളം നിറത്തിൽ ചാലിച്ചൊരുക്കിയ വീട്ടകം പകൽ സമയങ്ങളിൽ പ്രകാശപൂരിതമാണ്. കിടപ്പുമുറികളുടെ ഒാരോ ഭിത്തി കടുംനിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ലിവിങ്, ഡൈനിങ് ഏരിയകളുടെ വലതു വശത്ത് പൂമുഖത്തേക്ക് നോട്ടമെത്തും വിധത്തിലാണ് പാൻട്രി കൗണ്ടർ ഉൾച്ചേർത്ത അടുക്കളയുടെ സ്ഥാനം. 

നിർമ്മാണസാമഗ്രികളുടെ ശ്രദ്ധാപൂർവ്വമുള്ള തിരഞ്ഞെടുപ്പ് ചെലവിന് കടിഞ്ഞാണിടാൻ സഹായകമായിട്ടുണ്ട്. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈലുകളും ബാത്ത്റൂമുകളിൽ മാറ്റ് ഫിനിഷിലുള്ള ടൈലുകളും തിരഞ്ഞെടുത്തു. ഫെറോസിമന്റ് കൊണ്ടുണ്ടാക്കിയ ഷെൽഫിന് എസിപി ഷീറ്റ് കൊണ്ട് വാതിലുകൾ ഘടിപ്പിച്ചാണ് വാർഡ്രോബും കിച്ചൻ ക്യാബിനറ്റും തീർത്തത്. കിച്ചനിൽ ഗ്രാനൈറ്റ് കൊണ്ടുള്ള കൗണ്ടർടോപ്പാണ്. 

20-lakh-home-bed

നാലംഗ കുടുംബത്തിന് ഇണങ്ങുന്ന അത്യാവശ്യ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചെയ്തിരിക്കുന്ന വീടാണിത്. നിർമ്മാണ ഘട്ടത്തിൽ ഗൃഹനാഥന്റെ സജീവസാന്നിദ്ധ്യവും സഹകരണവും ഉണ്ടായതും, കുറഞ്ഞ വിസ്തൃതിയിലുള്ള നിർമ്മിതിയുമാണെന്നതുമാണ് ചെലവ് കുറയ്ക്കാൻ സഹായകരമായത്. കോമ്പൗണ്ട് വാളിന്റേയും ഗേറ്റിന്റേയും നിർമ്മാണം ഉൾപ്പെടെ 25 ലക്ഷത്തിൽ പിടിച്ചുനിർത്തുവാൻ സാധിച്ചതിൽ ക്ലയന്റിനും മുഖ്യ പങ്കുണ്ടെന്ന് ഡിസൈനർ ബി. പി. സലീം വ്യക്തമാക്കുന്നു.

Project Facts

Location: Ottapalam, Palakkad

Area:1000 Sqft

Plot: 6 cents

Owner: Anishad

Designer: B. P. Saleem

B. P. Saleem

BeePee Designs,

Cheruthuruthy, Thrissur

Mob: 9847155166, 8086667667

Completed in: 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA