sections
MORE

4 സെന്റ്, 26 ലക്ഷം; പണിയാനാകുമോ ഇതിലും മികച്ച വീട്! പ്ലാൻ

4-cent-home-calicut-elevation
SHARE

കോഴിക്കോട് ജില്ലയിലെ മാവൂരിൽ പരിമിതമായ സ്ഥലത്ത് കോസ്റ്റ് ഇഫക്ടീവ് ആയി പണിത വീടിന്റെ വിശേഷങ്ങൾ ഷിഹാബ് പങ്കുവയ്ക്കുന്നു.

കൃത്യമായ ആകൃതിയില്ലാതെ പിൻഭാഗത്തേക്ക് വീതി കുറഞ്ഞു പോകുന്ന നാലു സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. അതും രണ്ടു തട്ടുകളായി കിടക്കുന്നു. ഇവിടെ നിയമപ്രകാരമുള്ള സെറ്റ് ബാക്ക് എല്ലാം ഇട്ടുകഴിഞ്ഞാൽ പിന്നെ വീടിനു എന്തു സ്ഥലമുണ്ടാകും എന്നതായിരുന്നു ആശങ്ക. എന്നാൽ എന്റെ സഹോദരനായ ഡിസൈനർ മുജീബ് വീടുപണി ഏറ്റെടുത്തതോടെ സ്വപ്നങ്ങൾക്ക് ജീവൻ വച്ചുതുടങ്ങി. പുറമെ നിന്നും കാണുമ്പോൾ ഇത്രയും പരിമിതികൾക്കുള്ളിൽ നിർമിച്ച വീടാണെന്ന് പറയുകയില്ല എന്നതാണ് സവിശേഷത.

4-cent-home-calicut

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അപ്പർ ലിവിങ്, മുകളിലും താഴെയുമായി രണ്ടുവീതം കിടപ്പുമുറികൾ എന്നിവയാണ് 1450  ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.പ്ലോട്ടിന്റെ ഉയരവ്യത്യാസം അകത്തളങ്ങളിലും പ്രകടമാണ്. താഴത്തെ നിലയിൽ സിറ്റൗട്ട്,  സ്വീകരണമുറി, അടുക്കള എന്നിവ ആദ്യ ലെവലിലും അടുക്കള, രണ്ടു കിടപ്പുമുറികൾ എന്നിവ രണ്ടാമത്തെ ലെവലിലുമാണ്.

പ്ലൈവുഡിലും വെനീറിലും നിർമിച്ച ഇൻബിൽറ്റ് സോഫയാണ് സ്വീകരണമുറിയിലെ ഹൈലൈറ്റ്.  ലിവിങ്- ഡൈനിങ് തുറസായ ശൈലിയിൽ ക്രമീകരിച്ചതുകൊണ്ട് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലത അനുഭവപ്പെടുന്നു.

4-cent-home-calicut-interior

കോൺക്രീറ്റ് ഗോവണിയുടെ വശത്ത് എംഎസ് പൈപ്പിന് മുകളിൽ പെയിന്റ് അടിച്ചാണ് കൈവരികൾ ഒരുക്കിയത്.  ഗോവണിയുടെ താഴെ തറനിരപ്പിൽനിന്നും താഴെയുള്ള ഭാഗം സ്റ്റഡി ഏരിയയും സ്റ്റോറേജ് സ്‌പേസുമാക്കി മാറ്റിയെടുത്തു. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ ഭിത്തി നിറയെ ജനാലകളാണ്. കിഴക്ക് വശത്തു നിന്നും പ്രകാശം സമൃദ്ധമായി ഇതിലൂടെ അകത്തേക്ക് ഒഴുകിയെത്തുന്നു. 

4-cent-home-calicut-inside

ഊണുമുറിയുടെ സീലിങ് ഇരട്ടി ഉയരത്തിലാണ് നൽകിയത്. ഒരുവശത്ത് ബേ വിൻഡോയിലെ ഇരിപ്പിടങ്ങൾ വരുംവിധം ഊണുമേശ ക്രമീകരിച്ചു. വടക്ക് പടിഞ്ഞാറു നിന്നുള്ള കാറ്റ് ഇതിലൂടെ വീടിനുള്ളിലേക്ക് എത്തുന്നു. കാറ്റും വെളിച്ചവും വീടിനുള്ളിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിർത്തുന്നു. നമ്മുടെ നാട്ടിൽ പല വീടുകളിലും അപ്പർ ബാൽക്കണി പേരിനു നൽകുന്നു എന്നല്ലാതെ തുറന്നു പോലും നോക്കാറില്ല. അതുകൊണ്ട് വീടിനകത്ത് തന്നെ മൂന്നുവശത്തും ജനാലകൾ നൽകി സീറ്റിങ് ക്രമീകരിച്ചു. മുകൾനില എപ്പോഴും പ്രകാശമയമായി നിലനിൽക്കുന്നു.

4-cent-home-calicut-upper

അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് കിടപ്പുമുറികളിൽ നൽകിയത്. മുകളിലും താഴെയും ഓരോ മുറികൾക്ക് മാത്രം അറ്റാച്ഡ് ബാത്റൂം നൽകി. മുകളിൽ ഒരു കോമൺ ടോയ്‌ലറ്റും ക്രമീകരിച്ചു.

4-cent-home-calicut-dine

ഒറ്റ അടുക്കള ആയിട്ടാണ് ഒരുക്കിയത്. വർക്കേരിയ നൽകിയിട്ടില്ല. പുറത്ത് പുകയെടുപ്പും ചിമ്മിനിയും വേറെയായി നൽകി. മൾട്ടിവുഡിൽ പെയിന്റ് അടിച്ചാണ് കബോർഡുകൾ ഒരുക്കിയത്. L ഷേപ്പ് കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

4-cent-home-calicut-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26 ലക്ഷത്തിനു ഞങ്ങളുടെ സ്വപ്നഭവനം പൂർത്തിയായി. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളയാതെ ഉപയുക്തമാക്കിയതാണ് വിജയമന്ത്രം. വീടിന്റെ പ്ലാൻ നോക്കിയാണ് ഊണുമേശയുടെ വലുപ്പം പോലും നിശ്‌ചയിച്ചത് എന്നുപറയുമ്പോൾ എത്രമാത്രം പ്ലാനിങ്ങോടെയാണ് വീടുപണിയെ സമീപിച്ചത് എന്നു ഏകദേശ രൂപം കിട്ടുമല്ലോ...വീടിന്റെ കാര്യത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നതും സഹോദരനോട് തന്നെ.

ചെലവ് കുറച്ച ഘടകങ്ങൾ 

ഉറപ്പുള്ള പ്ലോട്ടിൽ ബെൽറ്റ് വാർത്ത് അടിത്തറ നേരിട്ട് കെട്ടിയതിനാൽ ചെലവ് ലഭിക്കാനായി.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ജനലുകൾക്കും വാതിലുകൾക്കും എംഎസ് പൈപ്പ് ഉപയോഗിച്ചു.

ചെലവ് കുറഞ്ഞ വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത് (താഴെ 60 രൂപ/ SFT,മുകളിൽ 33 രൂപ/ SFT ).

ക്ലാഡിങ്, ടെക്സ്ചർ പെയിന്റിങ്, പാനലിങ് ഒന്നും ചെയ്തിട്ടില്ല. 1000 രൂപയിൽ താഴെ വിലയുള്ള ലൈറ്റുകളാണ് ഉപയോഗിച്ചത്.

കടുംനിറങ്ങൾക്ക് പകരം റസ്റ്റിക്ക് സിമന്റ് ഫിനിഷുള്ള പെയിന്റാണ് അകത്തും പുറത്തും കൂടുതൽ നൽകിയത്. ഇതും ചെലവ് ലാഭിച്ചു.

4-cent-home-calicut-siteplan

എസ്റ്റിമേറ്റ് 

സ്ട്രക്ചർ- 22 ലക്ഷം 

കട്ടിൽ, വാഡ്രോബ്, മറ്റു ഫർണിച്ചറുകൾ-  2 ലക്ഷം 

അടുക്കള ഫർണിഷിങ്- 70000

സീലിങ്, ലൈറ്റിങ്, കർട്ടൻ- 30000

മുറ്റം, യൂട്ടിലിറ്റി ഷെഡ്, പുകയടുപ്പ്- 1 ലക്ഷം 

മൊത്തം- 26 ലക്ഷം 

4-cent-home-calicut-ff

Project Facts

Location- Mavoor, Calicut

Area- 1450 SFT

Plot- 4 cents

Owner- Shihab

Designer- Mujeeb Rahman

BIRD Calicut

Mob- 9846905585

email- buildingresearch@gmail.com

Budget- 26 Lakh

Completion year- 2019

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA