ADVERTISEMENT

ആലുവ ശ്രീമൂലനഗരത്താണ് അനീഷ് ഗോപിയുടെയും ഭാര്യ അമ്പിളിയുടെയും പുതിയ വീട്. പഴയ മലയാളസിനിമയിലൊക്കെ കാണുന്ന തറവാടുകളുടെ ഓർമകളാണ് ഈ വീട് കാണുമ്പോൾ ആദ്യം മനസ്സിൽ വരിക. 12 സെന്റിൽ വീടിനു ചുറ്റും പച്ചപ്പ് കൊണ്ട് വേലി തീർത്തിരിക്കുകയാണ്. പതിവ് രീതികളിൽനിന്നെല്ലാം വ്യത്യസ്തമാണ് വീട്. മുറ്റം മുതൽ അത് വ്യക്തമാണ്.  ഇന്റർലോക്ക് ചെയ്തു ശ്വാസം മുട്ടിക്കാതെ, ചരൽ വിരിച്ച മുറ്റം, അകമ്പടിയായി നിരവധി പൂച്ചെടികൾ. മേനോന്‍ അസോഷ്യേറ്റ്സിലെ എൻജിനീയർ രാമചന്ദ്രൻ മേനോനാണ് വീട് നിർമിച്ചു നൽകിയത്.

traditional-home-aluva-view

കോൺക്രീറ്റ് പരമാവധി ഒഴിവാക്കി. മേൽക്കൂര വാർക്കുന്നതിനു പകരം ജിഐ പൈപ്പ് കൊണ്ട് ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചു. മേൽക്കൂരയ്ക്കുതാഴെയുള്ള സ്ഥലം സ്റ്റോറേജിനും മറ്റും ഉപയോഗിക്കാനായി ജിപ്സത്തിനു പകരം പ്ലൈവുഡ് സീലിങ് നൽകി. ചൂട് കുറയ്ക്കാൻ ഇൻസുലേഷൻ ഷീറ്റ് ഉപയോഗിച്ചു സീൽ ചെയ്തു. 

സ്വീകരണമുറി, ഊണുമുറി, നടുമുറ്റം, അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ  ഉൾക്കൊള്ളിച്ചത്. പ്രധാനവാതിൽ തുറന്നാൽ നേരെ ദർശനമായി പൂജാമുറി ക്രമീകരിച്ചു. അനാവശ്യ ചുവരുകൾ നൽകാതെ സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ വിന്യസിച്ചത്. ഇത് സ്ഥലഉപയുക്തത നൽകുന്നതിനൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. 

traditional-home-aluva-living

തുറന്ന നടുമുറ്റമാണ് വീടിന്റെ ഹൃദയം. ഇതിന്റെ വശങ്ങളിലായി വിവിധ ഇടങ്ങൾ ഒരുക്കി. മഴയും വെയിലുമെല്ലാം നടുമുറ്റത്തിലൂടെ വീടിനകത്തെത്തും. മേൽക്കൂരയിൽ സുരക്ഷയ്ക്കായി ഇരുമ്പു ഗ്രില്ലുകൾ ഘടിപ്പിച്ചു. മുറ്റം നിറയെ പൂച്ചെടികൾ ഹാജർ വച്ചിരിക്കുന്നു.  

traditional-home-aluva-court

ഫൗണ്ടേഷൻ കെട്ടിക്കഴിഞ്ഞു തറ നിരപ്പാക്കാൻ മെഷീൻ ഉപയോഗിക്കുന്ന (പവർ ട്രവലിങ്) രീതിയാണ് ഇവിടെ പിന്തുടർന്നത്. മനുഷ്യാധ്വാനവും ചെലവും ഇതിലൂടെ കുറയ്ക്കാനായി. തടികൊണ്ടുള്ള ഫ്രെയിമിൽ ജനലും വാതിലും ജനലുകൾക്കും വാതിലുകൾക്കും തടി കൊണ്ടുള്ള ഫ്രെയിം നൽകുന്ന പതിവ് രീതി ഇവിടെ തെറ്റിച്ചു. പകരം ലിന്റൽ ചെയ്യുമ്പോൾ തന്നെ ജനലിന്റെ ഗ്രിൽ കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചു. ഭിത്തി വെട്ടിപ്പൊളിക്കാതെ ഓപ്പൺ കോൺഡ്യൂട്ട് ശൈലിയിലാണ് വയറിങ് ചെയ്തത്.

traditional-home-aluva-library

മൂന്നു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങൾ മാത്രം നൽകി.ഓപ്പൺ ശൈലിയിൽ അടുക്കള ഒരുക്കി. കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ആഡംബരങ്ങളോ അകത്തളത്തിൽ നൽകിയിട്ടില്ല. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 21 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി.

traditional-home-aluva-dine

 

ചെലവ് കുറച്ച ഘടകങ്ങൾ

  • നിലമൊരുക്കാൻ പവർ ട്രവലിങ് രീതി ഉപയോഗിച്ചു. ചതുരശ്രയടിക്ക് 27 രൂപയേ ചെലവുള്ളൂ.
  • കോൺക്രീറ്റ് ഉപയോഗം നിയ്രന്തിച്ചു. മേൽക്കൂര ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചു.
  • തടിയുടെ ഉപയോഗം കുറച്ചു. ഫർണിച്ചറിന് തെങ്ങിൻതടി ഉപയോഗിച്ചു. ജനൽ, വാതിൽ എന്നിവയ്ക്ക് മെറ്റൽ ഫ്രെയിം നൽകി.
traditional-home-aluva-kitchen

 

Project Facts

Location- Aluva

Area- 1600 SFT

Owner- Aneesh Gopi

Designer- Ramachandra Menon

Menon Associates

Mob- 94465 44968

Budget- 21 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com