ADVERTISEMENT

തൃശൂർ എരുമപ്പെട്ടിയിൽ ആധുനിക ശൈലിയിൽ നിർമ്മിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഹനീഫ. 

ഞാൻ തൃശ്ശൂർ എരുമപ്പെട്ടി സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നു. കൃത്രിമമായ ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ വീടായിരുന്നു എനിക്കും കുടുംബത്തിനും താത്പര്യം. സദാ കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങളും അല്പം പച്ചപ്പുമെല്ലാം വീടിനുള്ളിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഞങ്ങൾക്ക്  എന്നാൽ കുടുംബ വകയായി കിട്ടിയ പ്ലോട്ട് ഒരുപ്രധാന വില്ലനാവുകയായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ സെഡ് 'Z'എന്ന അക്ഷരം പോലെ കിടക്കുന്ന പ്ലോട്ടിൽ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് എല്ലാവരും പറഞ്ഞതോടെ ആർക്കിടെക്ട് അനസിനെ സമീപിക്കുകയായിരുന്നു. അനസുമായി സംവദിച്ചപ്പോൾ  പ്ലാനും ഡിസൈനിങ്ങിനേയും പറ്റി ധാരണയായി. 

 

utiliity-home-thrisur-view

സമകാലിക ശൈലിയിൽ

ബോക്സ് ടൈപ്പ് എലവേഷനിൽ നൂതന ശൈലിയിലാണ് ഞങ്ങളുടെ വീട് ഒരുക്കിയിട്ടുള്ളത്. സിമന്റ് ബോർഡ് കൊണ്ടുള്ള ക്ലാഡിങ്ങാണ് എലവേഷനെ വ്യത്യസ്തമാക്കുന്നത്. റോഡിൽ നിന്ന് കുറച്ച് നീങ്ങിയാണ് വീടിരിക്കുന്നത്. ഇത് വീടിനല്പം സ്വകാര്യത നൽകുന്നു. ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുയോജ്യമായ വിധത്തിൽ തുറസ്സായ രീതിയിലാണ് അകത്തളങ്ങൾ  ക്രമീകരിച്ചിരിക്കുന്നത്.  ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് എക്സ്റ്റീരിയറും ഇന്റീരിയറും. പഴമയും പുതുമയും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിച്ചു കൊണ്ട് മനോഹരമായ ഇടങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിലൂടെ നിറവേറിയത്. വീടിന്റെ നാലുവശവും ലാന്റ്സ്കേപ്പ് ചെയ്ത്  മനോഹരമാക്കിയതിനാൽ പ്രകൃതിയുമായി സംവദിക്കുവാൻ അവസരമുണ്ടാകുന്നു. 

utiliity-home-thrisur-living

 

utiliity-home-thrisur-dine

അകത്തള സൗകര്യങ്ങൾ

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, 4 ബെഡ്റൂമുകൾ തുടങ്ങിയവയാണ് അകത്തള സൗകര്യങ്ങൾ. അലങ്കാരങ്ങളുടെ ധാരാളിത്തമില്ലാതെ ലളിതമായ രീതിയിലാണ് കോമൺ ഏരിയകൾ ഒരുക്കിയത്. ഞാനൊരു പൊതു പ്രവർത്തകനും കൂടിയാണ്. അതിനാൽ മീറ്റിങ്ങുകളും മറ്റുമായി മിക്കവാറും വീട്ടിൽ ആളുകൾ ഉണ്ടാവും. അതുകൊണ്ട് തന്നെ ഗസ്റ്റ് ലിവിങ്ങ് റൂം അല്പം വിശാലമായി തന്നെ ക്രമീകരിച്ചു. ഡബിൾഹൈറ്റിൽ ഒരുക്കിയ ഫാമിലി ലിവിങ്ങിനു മുകളിൽ പർഗോളയും ഒാപ്പണിങ്ങും നൽകി. ഇത് വഴിയാണ് വെളിച്ചം അകത്തെത്തുന്നത്. ഇതിന് സമീപത്തായി പ്രെയർ ഏരിയയും സ്റ്റെയർകേസും നിലകൊള്ളുന്നു. ഡൈനിങ്ങിൽ നിന്ന് പാഷ്യോയിലേക്ക് ഇറങ്ങാം. തൊട്ടടുത്താണ് സഹോദരൻ താമസിക്കുന്നത്. അതിനനുസരിച്ചാണ് പാഷ്യോ ക്രമീകരിച്ചത്. ആവശ്യാനുസരണം രണ്ടു കുടുംബങ്ങൾക്കും ഒത്തും ചേരുവാൻ ഇൗ ഇടം പ്രയോജനപ്പെടുന്നു. 

utiliity-home-thrisur-bed

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഒാപ്പൺ കിച്ചനാണ് വീട്ടിലുള്ളത്. ഇളം നിറത്തിനാണ് അടുക്കളയിൽ പ്രാധാന്യം. മൾട്ടിവുഡും മറൈൻ മറൈൻ പ്ലൈവുഡും കൊണ്ട് നിർമ്മിച്ച ക്യാബിനറ്റുകളും കൊറിയൻ കൗണ്ടർ ടോപ്പും തീമിനനുസൃതമായാണുള്ളത്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഇൗ മോഡുലാർ കിച്ചനിൽ ഇൻബിൽറ്റായി ക്രമീകരിച്ചു. 

utiliity-home-thrisur-lawn

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണുള്ളത്. മിനിമലിസത്തിന്റെ പര്യായമായി നിലകൊള്ളുന്ന കിടപ്പുമുറികളെല്ലാം ഏറെ സ്വകാര്യത പ്രദാനം ചെയ്യുന്നു. മുഖ്യ കിടപ്പുമുറിയിലും മക്കളുടെ മുറിയിലും ഡ്രെസ്സിങ് ഏരിയ ഒരുക്കിയിട്ടുണ്ട്.

ക്രോസ് വെന്റിലേഷനും ലൈറ്റിങ്ങിനും ഏറെ പ്രാധാന്യം നൽകിയാണ് അകത്തളം സജ്ജീകരിച്ചിട്ടുള്ളത്. പ്ലോട്ടിലുണ്ടായിരുന്ന തേക്കുകൾ മുറിച്ചാണ് വാതിലും ജനാലകളും പണിതത്. ഫർണീച്ചറുകളെല്ലാം പ്ലൈവുഡും വെനീറും കൊണ്ട് തീർത്തതാണ്. ചില ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുവാനായി പ്ലൈവുഡ് കൊണ്ട് സീലിങ്ങ് ചെയ്തു. ഒന്നര വർഷം കൊണ്ടാണ് പണി തീർത്തത്. കൃത്യമായി സ്ഥലവിനിയോഗം നടത്തി രൂപകല്പന ചെയ്തതിനാൽ വീടിന്റെ ഒാരോ ഇടങ്ങളും ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

 

Project Facts

Location: Erummapetty, Thrissur

Area: 3100 Sqft.

Plot: 15 Cents

Owner: Haneefa

Architect: Anas Muthunny 

Anas Shameem Architects

Kechery, Thrissur

Ph: 9746547448

Completed in: 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com