sections
MORE

ഒരുനില വീട് ചോദിച്ചു; നയാപൈസ അധികം കളയാതെ ഇരുനില വീടൊരുക്കി!

wadakanchery-home-view
SHARE

വീടുപണിയെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ സാധാരണക്കാർ നേരിടുന്ന രണ്ടു പ്രശ്ങ്ങളുണ്ട്. ഒന്ന് സാമ്പത്തിക പരിമിതിയാണ്. രണ്ട് സ്ഥലപരിമിതിയും. എന്നാൽ ഈ രണ്ടു വെല്ലുവിളികളെയും ഫലപ്രദമായ പ്ലാനിങ്ങിലൂടെ മറികടന്നു നിർമിച്ച വീടിന്റെ വിശേഷങ്ങൾ വായിക്കാം...

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ, തന്റെ സഹോദരീപുത്രിക്ക് വേണ്ടി ഡിസൈനർ ബി പി സലിം നിർമിച്ചു നൽകിയതാണ് ഈ വീട്. വീട്ടുകാർ ഒരുനില വീടാണ് ആവശ്യപ്പെട്ടത് എങ്കിലും ബജറ്റിനുള്ളിൽ സൗകര്യങ്ങളുള്ള ഇരുനില വീട് സലീം ഒരുക്കിനൽകി. താഴ്ന്ന പ്ലോട്ടിൽ പുറംകാഴ്ചയിലെ ഭംഗിക്കും അനുയോജ്യം ഇരുനില വീടാണ് എന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു. 

ബോക്സ് ടൈപ്പ് പാറ്റേൺ

wadakanchery-home-exterior

സമകാലീന ശൈലിയിൽ ഒരുക്കിയ വീടിന് കണ്ടെയിനർ മാതൃകയിലാണ് എലിവേഷൻ ഒരുക്കിയത്.വൈറ്റ്, ഗ്രേ എന്നീ നിറങ്ങളുടെ സമ്മേളനമാണ് എക്സ്റ്റീരിയറിൽ. മുൻവശത്തെ ജനാലകൾക്ക് ബോർഡർ കൊടുത്ത് ഒരു ചട്ടക്കൂടിനുള്ളിലാക്കി. മുകൾ നിലയിൽ കാണപ്പെടുന്ന പ്രൊജക്ഷൻ ഏരിയ എച്ചിങ്ങ് ഗ്ലാസ്സ് ഇട്ട് മനോഹരമാക്കി. സ്റ്റെയർകേസിന്റെ ഭാഗമാണ് ഇൗ വിധത്തിൽ മാറ്റിയെടുത്തത്. മുൻവശത്ത് കാണുന്ന ബാൽക്കണിയും ജിഎെ പൈപ്പ് കൊണ്ടുള്ള ഹൊറിസോണ്ടൽ ലൈൻസും വീടിന് മോഡേൺ ലുക്ക് തരുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. രാത്രികാലങ്ങളിൽ വീട്  പ്രസന്നമാക്കുവാൻ സ്പോട്ട് ലൈറ്റുകൾ എലവേഷനിലും ഗാർഡനിലും നൽകിയിട്ടുണ്ട്.    

ഇടങ്ങളുടെ ക്രമീകരണം

wadakanchery-home-dine

രണ്ട് നിലയിലായി അത്യാവശ്യ ഇടങ്ങളായ ലിവിങ്, ഡൈനിങ്, കിച്ചൻ,  മൂന്ന് അറ്റാച്ച്ഡ് ബെഡ്റൂമുകൾ, പ്രെയർ ഏരിയ എന്നിവയാണ് 1200 ചതുരശ്രയടിയിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിസ്തൃതി കുറവാണെങ്കിലും ഉള്ളിലെ ഇടങ്ങൾ വിസ്താരമുള്ളതായി കാണപ്പെടുന്നു. അകത്തളങ്ങളിൽ പരമാവധി സ്ഥല ഉപയുക്തത കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ലിവിങ്ങും ഡൈനിങ്ങും അടുത്തടുത്തായി ഒരുക്കിയത് ഇതിനുദാഹരണമാണ്. ബ്ലാക്ക്, വൈറ്റ് നിറങ്ങളുടെ സംയോജനമാണ് ഗ്രൗണ്ട് അകത്തളങ്ങളിൽ. ലളിതമായ അലങ്കാരങ്ങളാണ് ഉൾവശങ്ങളിൽ തയ്യാറാക്കിയത്.  സ്പോട്ട് ലൈറ്റുകൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

ഹൊറിസോണ്ടൽ മാതൃക

സുതാര്യമായ ഡിസൈൻ നയത്തിലാണ് സ്റ്റെയർകേസ്. ജിഎെ പൈപ്പ്, വുഡ് എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ച് ഹൊറിസോണ്ടൽ രീതിയിൽ ക്രമീകരിച്ച ഗോവണി അകത്തളത്തിലെ ഹൈലൈറ്റുകളിൽ പ്രധാനമാണ്. അപ്പർ ലിവിങ്ങും ബാൽക്കണിയും ഒരു അറ്റാച്ച്ഡ് ബെഡ്റൂമുമാണ് മുകളിലുള്ളത്. ഒാപ്പൺ ടെറസ് യൂട്ടിലിറ്റി ഏരിയയായി രൂപമാറ്റം വരുത്തി. ഒരു ചെറിയ പാർട്ടി നടത്തുവാനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഫസ്റ്റ് ഫ്ളോറുമായി ബന്ധിപ്പിക്കുന്ന ഗോവണിയുടെ താഴെയാണ് പ്രെയർ ഏരിയ. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് അടുക്കള നിലനിൽക്കുന്നത്. 

wadakanchery-home-kitchen

10*10 സൈസിലാണ് കിടപ്പുമുറികളെല്ലാം. ജനലിനു സമീപത്തായി കട്ടിലുകൾ ക്രമീകരിച്ച് കൂടുതൽ സ്പേയ്സ് സൃഷ്ടിച്ചു. ചുമരുകൾ ശ്രദ്ധേയമാക്കുവാൻ വിവിധ നിറത്തിലുള്ള ലൈറ്റ് ഷേഡുകൾ നൽകി. വാർക്കുമ്പോൾ തന്നെ ലൈറ്റിങ്ങിന് വേണ്ട സ്പോട്ടുകൾ മുൻകൂട്ടി നിശ്ചയിച്ചു. പിന്നീടുള്ള പൊളിക്കലുകൾ ഒഴിവാക്കുവാൻ ഇതുമൂലം സാധിച്ചു. ഒാപ്പൺ ടൈപ്പ് എൽഇഡി ലൈറ്റുകളാണ് സീലിങ്ങിൽ. ഫ്ളോറിങ്ങിന് 40 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകൾ തെരഞ്ഞെടുത്തു. തടിപ്പണികൾക്ക് തേക്കും കരിവേലകവും മഹാഗണിയും തെരഞ്ഞെടുത്തു. ഭാരപ്പെട്ട ഇന്റീരിയർ വർക്കുകൾ ഒഴിവാക്കി മിനിമലിസ്റ്റിക് ശൈലി പിന്തുടർന്നതിനാൽ ഭംഗിയോടൊപ്പം ചെലവ് നിയന്ത്രിക്കാനും സാധിച്ചു. കൃത്യമായ പ്ലാനിങ്ങ് തന്നെയാണ് 20 ലക്ഷം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ സഹായിച്ചത്. 

ചെലവ് കുറച്ച ഘടകങ്ങൾ 

കരിങ്കൽ കൊണ്ടുള്ള അടിത്തറയും ഭിത്തി കെട്ടുവാൻ ഹോളോ ബ്രിക്സുമാണ് ഉപയോഗിച്ചത്.

ഫ്ളോറിൽ 40 രൂപ നിരക്കിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വിരിച്ചത്. 160 രൂപ നിരക്കിലുള്ള ഗ്രാനൈറ്റ് കൗണ്ടർടോപ്പിനും ഉപയോഗിച്ചു. 

മുൻവശത്ത് മാത്രമാണ് പുട്ടിയിട്ട് പെയിന്റടിച്ചത്. 

മുൻവശത്തുള്ള വാതിൽ തേക്കിലും മറ്റുള്ളവ കരിവേലകത്തിലും നിർമ്മിച്ചു. ചില ഭാഗത്ത് റെഡിമെയ്ഡ് ഡോറുകളും ഉപയോഗിച്ചു.

വാഡ്രോബുകൾക്കും കിച്ചൻ ക്യാബിനറ്റുകൾക്കും അലുമിനിയം ഫാബ്രിക്കേഷൻ തെരഞ്ഞെടുത്തു.

പരമാവധി ഹോൾസെയിൽ കടകളിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങിയതിനാൽ ഡിസ്‌കൗണ്ട് ലഭിച്ചു. ഒരുമിച്ചു വാങ്ങിയതിനാൽ യാത്രാക്കൂലിയിലും ലാഭം നേടാനായി.

Project Facts

Location: Wadakkanchery

Area: 1200 Sqft.

Owner: Basheer & Shajna 

Designer: B. P. Saleem

Bee Pees Designs,Cheruthuruthy

Ph: 9847155166   8086667667

Cost: 20 Lakhs

Completed in: 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA