sections
MORE

ഒരിക്കൽ കണ്ടാൽ പിന്നെ മറക്കില്ല! നിങ്ങളും കൊതിച്ചിട്ടില്ലേ ഇതുപോലെ ഒരു വീട്?

haritham-kannadikkal-elevation
SHARE

കോഴിക്കോട് കണ്ണാടിക്കൽ എന്ന സ്ഥലത്താണ് വിനൂപിന്റെയും ദിവ്യയുടെയും സ്വപ്നവീട് സ്ഥിതിചെയ്യുന്നത്. ഉയരവ്യത്യാസമുള്ള 17 സെന്റ് പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്. വീടിന്റെ ഇരുവശത്തും രണ്ടു തറവാടുകളുണ്ട്. ഇതുമായി ഒത്തുപോകുന്ന പുറംകാഴ്ചയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഉണ്ടാവുക എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. 

haritham-kannadikkal

പുറമെ നോക്കിയാൽ ഒരുനില എന്നുതോന്നുമെങ്കിലും രണ്ടു നില വീടാണ്. രണ്ടു തട്ടിൽ മൂന്നു ഭാഗങ്ങളായാണ് ഇടങ്ങളുടെ ക്രമീകരണം.  വെട്ടുകല്ലിലാണ് ഭിത്തികൾ കെട്ടിയത്. എന്നിട്ട് ട്രസ് റൂഫിങ് ചെയ്ത് ഓടുവിരിച്ചു. ചൂട് കുറയ്ക്കാൻ ഓടിനു താഴെ ടെറാക്കോട്ട റൂഫിങ്ങും നൽകി.

haritham-kannadikkal-exterior

പഴമയുടെ ഭംഗി നൽകുന്ന പൂമുഖമാണ് വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത്. സിറ്റൗട്ട്, ലിവിങ്, കിച്ചൻ എന്നിവ ആദ്യ ഭാഗത്ത് വരുന്നു. പ്രധാന ഹാളാണ് രണ്ടാമത്. ഇവിടെ ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ ക്രമീകരിച്ചു. ഗോവണിയും നാലു കിടപ്പുമുറികളും മൂന്നാമത്തെ ഭാഗമായി വരുന്നു.  2500 ചതുരശ്രയടിയാണ് മൊത്തം വിസ്തീർണം.

haritham-kannadikkal-patio

തുറസായ നയത്തിലാണ് ഇടങ്ങൾ ക്രമീകരിച്ചത്. കണ്ണിന് അലോസരമാകുന്ന അലങ്കാരങ്ങൾ ഒന്നും ഉള്ളിൽ ഇല്ല. ചെലവും ആർഭാടവും കുറയ്ക്കാൻ പഴയ ഫർണിച്ചറുകൾ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു.

ലളിതമായി ഒരുക്കിയ സ്വീകരണമുറിയുടെ വശത്തെ ഭിത്തി നിറയെ മെറ്റൽ ജനാലകളാണ്. അതിഥികൾക്ക് വീട്ടിലേക്ക് കയറുമ്പോൾ തന്നെ കാഴ്ചകളോടൊപ്പം മനസ്സ് കുളിർപ്പിക്കുന്ന തണുപ്പും അനുഭവവേദ്യമാകും.

haritham-kannadikkal-living

ടൈലും ഗ്രാനൈറ്റും ഒഴിവാക്കി നാച്ചുറൽ സ്റ്റോൺ കൊണ്ടാണ് വീടിന്റെ നിലവും ഒരുക്കിയത്. ഇത് ചവിട്ടി നടക്കുമ്പോൾ കൂടുതൽ തണുപ്പ് നൽകുന്നു.

വീടിന്റെ പ്രധാന ഭാഗം ഹാൾ ആണ്. ഇരുവശത്തെ ഭിത്തികളിലും കാറ്റും വെളിച്ചവും കടന്നു പോകാൻ ധാരാളം ജനലുകൾ നൽകി. ഡൈനിങ്ങിനോട് ചേർന്ന് ഓപൺ കിച്ചൻ നൽകി. സമീപം വർക്കേരിയയുമുണ്ട്.

haritham-kannadikkal-dine

താഴത്തെ രണ്ടു കിടപ്പുമുറികൾ മാത്രമേ കോൺക്രീറ്റ് ചെയ്തുള്ളൂ. ഇരട്ടി ഉയരത്തിൽ മേൽക്കൂര നൽകി ഇടത്തട്ടിലാണ് മുകൾനിലകൾ ഒരുക്കിയത്. 

എല്ലാ കിടപ്പുമുറികളും പുറത്തെ പച്ചപ്പിന്റെയും കോർട്യാർഡിന്റെയും കാഴ്ചകളിലേക്ക് തുറക്കുന്നു. ഇതിനായി ഇരിപ്പിട സൗകര്യമുള്ള ബേ വിൻഡോകൾ ഇവിടെ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും മുറികളിൽ ഒരുക്കി. 

haritham-kannadikkal-bed

വശത്തെ ചുറ്റുമതിൽ വീടിന്റെ ഭിത്തിയോട് ചേർത്ത് ഉയർത്തിക്കെട്ടി കോർട്യാർഡ് ഒരുക്കി. ഇവിടെ ചെടികൾ നട്ടുപിടിച്ചു. നാച്ചുറൽ സ്റ്റോണും വെള്ളാരങ്കല്ലുകളും വിരിച്ചു മുറ്റം അലങ്കരിച്ചു.  വീടിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും.

haritham-kannadikkal-wall

ലിവിങ്ങിൽ കോർട്യാർഡിലേക്ക് കാഴ്ച നൽകുന്ന ഗ്ലാസ് വോൾ നൽകി. മുകൾനിലയിലും കോർട്യാർഡിലേക്ക് തുറക്കുന്ന ബാൽക്കണിയുണ്ട്. അതിഥികൾ വരുമ്പോഴും  വീട്ടുകാർക്ക് വൈകുന്നേരങ്ങളിലും ഒരുമിച്ചിരുന്നു സംസാരിക്കാൻ ഇഷ്ടമുള്ള ഇടമായി ഇവിടം മാറി .

haritham-kannadikkal-court-view

ഹരിതം എന്നാണ് ഈ വീടിന്റെ പേര്. അതിനെ അന്വർത്ഥമാക്കുംവിധം പ്രകൃതിയോടും വീട്ടുകാരോടും ഈ വീട് ഇണങ്ങിനിൽക്കുന്നു. ഒരിക്കൽ വീട്ടിൽ അതിഥികളായി എത്തിയവരാരും വീട് നൽകുന്ന സ്നേഹവും ഊർജവും മറക്കാനിടയില്ല.

haritham-kannadikkal-night

Project Facts

Location- Kannadikkal, Calicut

Area – 2500 sqft

Owner – Vinoop Kumar, Divya

Designers – Vipin Prabhu, Sruthi

VSP Architects, Calicut

vsparchitects@gmail.com

Mob- 94462 64448

English Summary- Haritham Eco friendly House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA