ADVERTISEMENT

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം എന്ന സ്ഥലത്താണ് ബിസിനസുകാരനായ ടോണി ഫിലിപ്പിന്റെ പുതിയ വീട്. ജനിച്ചു വളർന്ന പഴയ വീട് കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായപ്പോൾ പൂർണമായി പൊളിച്ചു കളഞ്ഞാണ് ഈ വീടുപണിതത്.

eco-house-calicut-exterior-JPG

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കണം. ഒപ്പം ദൂരെയുള്ള മലനിരകളുടെയും പച്ചപ്പിന്റെയും കാഴ്ചകൾ വീടിനുള്ളിലിരുന്ന് ആസ്വദിക്കാനാകണം. ഇതായിരുന്നു വീറ്റുകാരുടെ പ്രധാന ഡിമാൻഡ്. ഇത് സാധ്യമാക്കിയാണ് ഇടങ്ങളുടെ വിന്യാസം. പല തട്ടുകളായി കിടക്കുന്ന പ്ലോട്ടാണിവിടെ. എന്നിട്ടും പ്ലോട്ട് മണ്ണിട്ട് നിരപ്പാക്കാതെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണിതത്. 

eco-house-calicut-porch-JPG

ആദ്യകാഴ്ചയിൽ തന്നെ പ്ലോട്ടിന്റെ നിരപ്പുവ്യത്യാസം ബോധ്യമാകും. കാരണം കാർ പോർച്ച് ബേസ്മെന്റ് ഫ്ലോറിലും പ്രധാന കവാടം ഗ്രൗണ്ട്  ഫ്ലോറിലുമാണ്.കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ചേർന്ന വിധം മേൽക്കൂര ചരിച്ചു വാർത്തു ഷിംഗിൾസ് വിരിച്ചു. പുറംഭിത്തികളിൽ എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് നൽകിയത് ആദ്യകാഴ്ചയിൽ വീടിനു അധികഭംഗി നൽകുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ, പൂൾ എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഉൾപ്പെടുത്തിയത്.

eco-house-calicut-living-JPG

അകത്തളങ്ങൾ പല തട്ടുകളിലായി സ്ഥിതി ചെയ്യുന്നു. എന്നിട്ടും ഓരോ ഇടങ്ങളും ഒറ്റപ്പെട്ട തുരുത്തുകൾ ആകാതെ  പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പോർച്ചിൽ നിന്നും ചെറിയ ഫോയർ വഴിയാണ് അകത്തേക്ക് എത്തുന്നത്. ഇവിടെ സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കി. റസ്റ്റിക് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്ത് നിർമിച്ചു.

eco-house-calicut-interior-JPG

രണ്ടു കോർട്യാർഡുകളാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ഫോർമൽ ലിവിങിനെയും പ്രെയർ സ്‌പേസിനെയും വേർതിരിക്കുന്ന പാർടീഷനായും പ്രധാന കോർട്യാർഡ് വർത്തിക്കുന്നു. പെബിൾസും ഇൻഡോർ പ്ലാന്റുകളും നൽകി കോർട്യാർഡ് അലങ്കരിച്ചു. സീലിങ്ങിലെ സ്‌കൈലൈറ്റ് വഴി പ്രകാശം അകത്തേക്കെത്തുന്നു. ഗോവണിയുടെ വശത്തായി മറ്റൊരു ഡ്രൈ കോർട്യാർഡും നൽകിയിട്ടുണ്ട്.

eco-house-calicut-family-living-JPG

ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇത് മുകൾനിലയുമായി ആശയവിനിമയം സാധ്യമാക്കുന്നു. ലിവിങ്ങിലുള്ള  ഫോൾഡബിൾ ഡോർ തുറന്നാൽ പച്ചപ്പിന്റെ കാഴ്ചകൾ അകത്തേക്കും വിരുന്നെത്തും. ഇവിടെയുള്ള ബാൽക്കണിയിൽ നിന്നും താഴേക്ക് ഇറങ്ങിയാൽ പൂളിലേക്കും പിൻവശത്തെ യാർഡിലേക്കുമെത്താം. 

eco-house-calicut-stair-JPG

ഗോവണിയുടെ വശത്തെ ഡബിൾ ഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി. കൂടാതെ വെർട്ടിക്കൽ സ്‌കൈലൈറ്റുകളും നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഈ ഏരിയ ഹൈലൈറ്റർ നിറം നൽകി ആകർഷകമാക്കി. ഒരു ഭിത്തിയിൽ മാർബിൾ ക്ലാഡിങ്ങിൽ വുഡൻ എലമെന്റുകൾ നൽകി.

eco-house-calicut-bed-JPG

ഊണുമുറിയോട് ചേർന്ന് പാൻട്രി കിച്ചൻ നൽകി. സമീപം വർക്കിങ് കിച്ചനുമുണ്ട്. നാലു കിടപ്പുമുറികളും പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് കൺതുറക്കുംവിധം ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസുകൾ നൽകിയിട്ടുണ്ട്.

eco-house-calicut-balcony-view-JPG

വീടിന്റെ പിൻവശത്തുള്ള പൂളാണ് മറ്റൊരാകർഷണം. യഥാർഥത്തിൽ സ്വാഭാവിക നീരുറവകൾ ഉള്ള പ്രദേശമാണിത്. അങ്ങനെ വരുന്ന വെള്ളം ശേഖരിക്കാൻ വേണ്ടിയാണ് ആദ്യം കുളം കുഴിച്ചത്. പിന്നീട് മൾട്ടിപർപ്പസ് സാധ്യത കൂടി കണക്കിലെടുത്ത് സ്വിമ്മിങ് പൂൾ ആക്കി മാറ്റുകയായിരുന്നു.  ചുറ്റുപാടിനോട് ഇഴുകിച്ചേരും വിധമാണ് പൂളിന്റെയും സമീപ ഇടങ്ങളുടെയും ഡിസൈൻ. പച്ച നിറമുള്ള നാച്ചുറൽ സ്റ്റോൺ വിരിച്ചതു കൊണ്ടാണ് പൂളിലെ വെള്ളം കുളത്തിലെ പോലെ തോന്നിക്കുന്നത്. സമീപമുള്ള പടികൾ റസ്റ്റിക് ഫിനിഷിൽ നിലനിർത്തി.

eco-house-calicut-backyard-JPG

രാത്രിയിൽ വിളക്കുകൾ കൂടി തെളിയുന്നതോടെ വീട് സുന്ദരമായ ഒരു കാഴ്ചാനുഭവമായി മാറുന്നു. ചുരുക്കത്തിൽ പ്രകൃതിയെ കൂടി പരിഗണിച്ചു പുതിയകാല സൗകര്യങ്ങളുളള വീടൊരുക്കി എന്നതാണ് ഇവിടെ പ്രസക്തം.

eco-house-calicut-view-JPG

 

Project facts

Location- Thottilpalam, Calicut

Area- 4500 SFT

Plot- 1.5 acre

Owner- Toni Philip

Architects-  Kirthi Suvarnan & Satheesh A.V

SATKRIYA, Calicut                       

Ph: 9995263024, 9446516545   

Project management -Projem Consulting, Calicut

Ph- 9847538869            

Year of Completion-2018  

English Summary- Eco Friendly House Calicut Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com