ADVERTISEMENT

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുമ്പോൾ ലോകം മുഴുവൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. വീടാണ്  ശരിക്കുള്ള അഭയം എന്നത്. ലോകം മുഴുവൻ വീടിന്റെ സുരക്ഷിതത്വത്തിൽ ഒതുങ്ങുന്ന ഈ കാലത്ത്, ഒരിടവേളയ്ക്ക് ശേഷം വീണ്ടും മികച്ച വീടുകളുടെ വിശേഷങ്ങൾ തുടരുകയാണ്.

പാലക്കാട് ജില്ലയിലെ തിരുവേഗപുര എന്ന സ്ഥലത്താണ് വെറ്റിനറി ഡോക്ടറായ അബ്ദുല്ലയുടെ പുതിയ വീട്. ഭാര്യയും ആയുർവേദ ഡോക്ടറാണ്. എന്നാൽ പതിവ് ഡോക്ടർ വീടുകളുടെ പളപളപ്പും ആഡംബരവുമൊന്നും അധികം ഇവിടെ കാണാനില്ല. കോസ്റ്റ് എഫക്ടീവ് ശൈലിയിലാണ് വീടിന്റെ ഡിസൈൻ. പുറംഭിത്തിയിൽ അനാവശ്യ അലങ്കാരങ്ങൾ ഒന്നും നൽകിയിട്ടില്ല. ട്രോപ്പിക്കൽ ശൈലിയിൽ മേൽക്കൂര ചരിച്ചു വാർത്തു. ഇതിനു മുകളിൽ സെറാമിക് റൂഫ് ടൈലുകൾ വിരിച്ചു ഭംഗിയാക്കി.

doctor-house-palakkad-court

വീടിന്റെ സ്വകാര്യത നഷ്ടമാകാതെ ഒരു കൺസൾട്ടിങ് റൂം വേണം എന്നതായിരുന്നു വീട്ടുകാരിയുടെ  പ്രധാന ആവശ്യം. ഇത് ഭംഗിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഒരുക്കിയത്.

doctor-house-palakkad-drawing

സിറ്റൗട്ടിൽ നിന്നും കയറുമ്പോൾ പ്രധാന വാതിലിന്റെ വശത്തായി കോർട്യാർഡ് നൽകി. നിലത്ത് സിന്തറ്റിക് ടർഫ് വിരിച്ചു. സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെയും ആനയിക്കുന്നു. കൺസൾട്ടിങ് റൂമുകളെ വീടുമായി വിഭജിച്ചു നിർത്തുന്നതും ഈ കോർട്യാർഡാണ്‌.

പ്രധാന വാതിലിൽ നിന്നും ഒരിടനാഴിയിലൂടെയാണ് മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഇതിനായി വഴികാട്ടുന്നത് നിലത്തു വിരിച്ച വുഡൻ ടൈലുകളാണ്. വെള്ള വിട്രിഫൈഡ് ടൈലുകളാണ് പൊതുവിടങ്ങളിൽ നൽകിയത്. ഇതിൽ ബോർഡർ നൽകിയാണ് വുഡൻ ഫിനിഷ് ടൈലുകൾ വിരിച്ചു ഹൈലൈറ്റ് ചെയ്തത്.

ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലത നൽകുന്നതിനൊപ്പം ക്രോസ് വെന്റിലേഷനും സുഗമമാക്കുന്നു. സ്വീകരണമുറി ഡബിൾ ഹൈറ്റിൽ ഒരുക്കിയതും വിശാലത വർധിപ്പിക്കുന്നു. ഇതുവഴി മുകൾനിലയുമായി ആശയവിനിമയം സാധ്യമാകുന്നു.

doctor-house-palakkad-dine

നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്ത ഭിത്തിയിലാണ് ടിവി യൂണിറ്റ് നൽകിയത്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെയും ടിവി യൂണിറ്റിന് പ്രൊവിഷൻ നൽകിയിട്ടുണ്ട്.

doctor-house-palakkad-upper

അപ്പർ ഹാളിൽ ഫോൾസ് സീലിങ് ചെയ്യാതെ മേൽക്കൂരയുടെ ചരിവ് അതേപോലെ നിലനിർത്തി. റോമൻ ബ്ലൈൻഡുകൾ ജനാലകൾക്ക് ഭംഗി പകരുന്നു.

doctor-house-palakkad-bed

മിനിമൽ നയത്തിലാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്. ഹെഡ്ബോർഡിന്റെ ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തു. ഒപ്പം ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി അലങ്കരിച്ചു.

doctor-house-palakkad-kitchen

മൾട്ടിവുഡ്+മൈക്ക ഫിനിഷിലാണ് പ്രധാന അടുക്കള. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

doctor-house-palakkad-workarea

സമീപമുള്ള വർക്കിങ് കിച്ചനിൽ ഗ്യാസടുപ്പും പുകയടുപ്പും നൽകി. ഇവിടെ സ്റ്റോറേജിനായി ഒരു ഭിത്തി മുഴുവൻ മാറ്റിവച്ചു. താഴെ ഇൻബിൽറ്റായി വാഷിങ് മെഷീനും ഇടംനൽകി.

Model

15 സെന്റ് പ്ലോട്ടിലുള്ള മരങ്ങൾ കഴിവതും നിലനിർത്തിയാണ് വീടിനിടം കണ്ടത്. മുറ്റം മുഴുവൻ ടൈൽ വിരിക്കുന്ന മലയാളികളുടെ സ്ഥിരം പരിപാടിക്കൊന്നും ഇവിടെ പോയിട്ടില്ല. കുറച്ചിട ബേബി മെറ്റൽ വിരിച്ചത് മാത്രമാണ് ലാൻഡ്സ്കേപ്പിൽ ചെയ്തത്.

Model

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 48 ലക്ഷത്തിനു വീട് പൂർത്തിയായി. നിലവിലെ ചതുരശ്രയടി നിരക്കുകൾ പ്രകാരം ഇത്തരമൊരു വീട് പണിയാൻ 57 ലക്ഷമെങ്കിലും ആകേണ്ടതാണ് എന്നുകൂടി ഓർക്കണം... 

 

Project facts

Location- Thiruvegappura, Palakkad

Area- 2600 SFT

Plot- 15 cent

Owner- Abdulla

Design- Shaheej

Crayon Architects

Mob- 97469 39689

Completion year- 2019 Nov

English Summary- Cost Effective Doctor House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com