ADVERTISEMENT

ലളിതവും സുന്ദരവുമായൊരു വീട്. കുടുംബം ഒന്നിച്ച് സ്വസ്ഥവും സമാധാനപരവുമായി ജീവിതത്തിലെ നല്ല നിമിഷങ്ങൾ ചെലവഴിക്കാനൊരിടം. ആഷ്വിൻ തന്റെ വീടിനെ കണ്ടതിങ്ങനെ. കുടുംബത്തിന്റെ ഒത്തുചേരലുകൾക്കു പഴയ വീടു പോരാതെ വന്നപ്പോൾ അച്ഛൻ ജോസഫ് സ്റ്റാൻലിയാണു തന്റെ മോഹം മകനുവേണ്ടി കൈമാറിയത്. 50 ലക്ഷം രൂപയിൽ തീരുന്ന മനോഹരമായ വീടായിരുന്നു ലക്ഷ്യം.         

പഴയ വീടിനോടു ചേർന്നുള്ള 16.5 സെന്റ് സ്ഥലത്ത് കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ വീടു പണിയുക വെല്ലുവിളിയായിരുന്നു. സ്ഥലത്തിന്റെ ആകൃതിയായിരുന്നു പ്രധാന പ്രശ്‌നം. സ്‌പേസ് മാനേജ്‌മെന്റിൽ വിദഗ്‌ധനായ ഒരു ആർക്കിടെക്ടിനെ അച്ഛന്റെ സുഹൃത്തുവഴി പരിചയപ്പെടുന്നതോടെ ആശങ്കകൾക്കു വിരാമമായി. പ്രണവം ബിൽഡിങ് ഡിസൈൻസ്  ഉടമയും ആർക്കിടെക്ടും ആയ ലെസ്ലി ജോൺ പടമാടൻ ആണ് വീടിന്റെ പ്ലാനും ഡിസൈനും തയാറാക്കിയത്. കാർപോർച്ചും വർക്ക് ഏരിയയും ഉൾപ്പെടെ 2024 സ്ക്വയർഫീറ്റാണു വീടിന്റെ വിസ്‌തീർണം. സ്‌ട്രക്‌ചർ മാത്രം കോൺട്രാക്ട് നൽകി. ബാക്കി പണികളെല്ലാം നാട്ടിലെ തന്റെ സുഹൃത്തുക്കൾക്കാണ് ആഷ്വിൻ നൽകിയത്.

48-lakh-home-sideview

ഇന്റീരിയർ ലളിതവും മനോഹരവുമായിരിക്കണമെന്നായിരുന്നു ആഗ്രഹം. ആദ്യമേ ഉടലെടുത്തിരുന്നു. ഇതിനായുള്ള അന്വേഷണമാണ് ഇന്റീരിയർ ഡിസൈനറായ മോനിഷിലേക്ക് എത്തിച്ചത്. ടൈൽ സ്റ്റോൺ വർക്കുകളിൽ ആഷ്വിന്റെ ആഗ്രഹങ്ങൾ അതേപടി പകർത്താൻ സുഹൃത്തായ പ്രംജിത്തിന് കഴിഞ്ഞതും വീടിന്റെ മനോഹാരിത കൂട്ടി. 

ചെറുതും മനോഹരവുമായ സിറ്റൗട്ട്, ആകർഷകമായ ഡ്രോയിങ്ങും ഫാമിലി ലിവിങ് ഏരിയയും, ഗെസ്റ്റ് ബെഡ്‌റൂം ഉൾപ്പെടെ മൂന്നു ബെഡ്‌റൂമുകൾ, ഗെസ്റ്റ് റൂം ഒഴിച്ച് മറ്റു രണ്ടു റൂമുകൾക്കും അറ്റാച്ച്ഡ് ബാത്‌റൂമുകൾ. ഡൈനിങ്ങിനോടു ചേർന്ന് വാഷ് ഏരിയയും കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട് . ഡൈനിങ് ഏരിയ ഏറ്റവും മനോഹരമാക്കാൻ പേഷിയോ സ്‌പേസുമുണ്ട്. ലാളിത്യം നിറഞ്ഞ കിച്ചൻ സ്‌പേസി നൊപ്പം വിശാലമായ വർക്ക് ഏരിയ. 

48-lakh-home-kitchen

മിൽക്കി വൈറ്റ് ആൻഡ് ചോക്‌ലറ്റ് ബ്രൗൺ കളർ കോമ്പിനേഷനുകൾ വീടിന്റെ അകത്തളങ്ങളെ പ്രൗഢമാക്കുന്നു. ഫർണിച്ചറിനും ഇതേ കോമ്പിനേഷൻ പാറ്റേണാണ്. ഫാമിലി ലിവിങ്ങിലെ ടിവി യൂണിറ്റ് ഏരിയയിൽ ഹൈലൈറ്റ് വോൾ ഏറെ ശ്രദ്ധേയമാണ്. റോയൽ പ്ലേ ക്രിനിക്കൽ പാറ്റേൺ മെറ്റാലിക് ഗോൾഡും ലൈറ്റ് മെറ്റാലിക് ബ്രൗൺ കോമ്പിനേഷനുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

48-lakh-home-hall

ഡൈനിങ് ഏരിയയാണ് ഇന്റീരിയർ ഡിസൈനറുടെ മികവു തെളിയിക്കുന്ന പ്രധാന ഭാഗം. റെയിൻ വാട്ടർ ഫൗണ്ടനോടു കൂടിയ പേഷിയോ ഡിസൈനിങ് മനോഹരം. ഡൈനിങ്ങിലിരുന്നു മഴ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ഏരിയ മോനിഷ് രൂപകൽപന ചെയ്‌തത്. മഴ ഇല്ലാത്തപ്പോഴും ഇവിടെയിരുന്നു മഴ ആസ്വദിക്കാം. വാട്ടർ റീസൈക്കിൾ മോട്ടർ ഘടിപ്പിച്ച് കൃത്രിമമായി മഴ പെയ്യിക്കാൻ സംവിധാനമൊരുക്കിയിരിക്കുന്നു. ജലസംഭരണത്തിനായി ടാങ്കും അര എച്ച്‌പി മോട്ടറും ഇതിന്റെ ഭാഗമാണ്. മോട്ടറിന്റെ പ്രവർത്തനം നിയന്ത്രണവിധേയമായതിനാൽ ആവശ്യാനുസരണം ഉപയോഗിക്കാം.

48-lakh-home-inside

പാഷിയോയുടെ ഭിത്തികളിൽ നാച്വറൽ സ്റ്റോൺസ് പതിപ്പിച്ച് ക്ലാഡിങ് ചെയ്തിരിക്കുന്നു. ഡൈനിങ്ങിലെ വാഷ് ഏരിയയുടെ വശങ്ങൾ ഒപ്പീക്ക് സ്റ്റോൺ വിനീറും ഡെക്കറേറ്റീവ് വോൾ പാനലിങ് മിററുകളും നൽകി ഡൈനിങ് ഏരിയയ്ക്ക് റിച്ച് ലുക്ക് നൽകിയിരിക്കുന്നു. ഡൈനിങ്ങിലെ കോമൺ ടോയ്‌ലറ്റ്  ആരുടെയും ശ്രദ്ധയിൽ പെടരുതെന്ന ആവശ്യമാണ് വോൾ മിറർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. കിച്ചനിൽ ഗ്ലോസി വൈറ്റ്, റെഡ് ആൻഡ് ബ്രൗൺ മിക്സ്‌ഡ് പാറ്റേൺ കോംപിനേഷൻ ആണ് നൽകിയിരിക്കുന്നത്. മോഡുലർ കിച്ചൻ ആണ്. സെവൻ എംഎം ലാമിനേഷൻ ഫിനിഷിങ്ങോടു കൂടിയ മറൈൻ പ്ലൈവുഡ് ആണ് മുറികളിലെ കബോർഡുകൾക്ക്.

48-lakh-home-bed

നിർമാണ ഘട്ടത്തിലെ കൃത്യമായ പ്ലാനിങ്ങാണ് ചെലവ് അൻപതു ലക്ഷത്തിൽ തന്നെ നിർത്തിയത് എന്ന് ആഷ്വിൻ പറയുന്നു. ഇന്റീരിയർ ആൻഡ് ഫർണിഷിങ്ങിനായി 12 ലക്ഷം രൂപയാണു ചെലവാക്കിയത്. വീടിന്റെ സ്‌ട്രക്‌ചർ, പ്ലംബിങ്, ഇലക്ട്രിക്കൽ, ടൈൽ, പെയിന്റിങ് വർക്കുകൾക്കായി 36 ലക്ഷം രൂപയും ചെലവായി.

48-lakh-home-dine

അച്ഛന്റെ മരണത്തെ തുടർന്ന് ഒരു വർഷത്തേക്കു നിർത്തിവച്ച വീടുപണി പുനരാരംഭിച്ച് പൂർത്തീകരിക്കാൻ ഒരു വർഷവും രണ്ടു മാസവും വേണ്ടിവന്നു. ഇതിനിടെ സാധന സാമഗ്രികളുടെ വിലക്കയറ്റവും, പണിക്കൂലി കൂടിയതും വീടുപണിയുടെ ബജറ്റിനെ സാരമായി ബാധിച്ചേക്കുമെന്നു കരുതിയെങ്കിലും മനസ്സിൽ ഉദ്ദേശിച്ചവിധം വീടുപണി പൂർത്തിയായതിന്റെ  സന്തോഷത്തിലാണ് ആഷ്വിനും കുടുംബവും.   

ലേഖനവും ചിത്രങ്ങളും‌

അമിത്ത് കുമാർ കെ.ജി.

English Summary- Simple Elegant Kerala House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com