sections
MORE

പ്രായമാകുന്ന മലയാളി, മക്കൾ ദൂരെ; ഇനി കേരളത്തിന് വേണ്ടത് ഇത്തരം വീടുകൾ!

HIGHLIGHTS
  • നാട്ടിലില്ലാത്ത പല മക്കളും പ്രായമായ മാതാപിതാക്കൾക്ക് നൽകുന്ന ശിക്ഷയാണ് കൊട്ടാരം പോലുള്ള വീടുകൾ.. എന്നാൽ ഈ വീട് വലിയൊരു ശരിയാണ്..മാതൃകയും...
old-parents-house-tvm
SHARE

ജോലിയിൽ നിന്നും വിരമിച്ച ദമ്പതികൾ, മക്കൾ വിദേശത്ത്, നാട്ടിൽ ഒപ്പം പ്രായമായ അച്ഛനും. തങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ പരിപാലനം കുറവുള്ള ഒരു വീട് വേണം എന്ന ആവശ്യവുമായാണ് വീട്ടുകാർ ആർക്കിടെക്ട് ജോർജ് ചിറ്റൂരിനെ സമീപിച്ചത്. വീട്ടുകാർ ആഗ്രഹിച്ചതു പോലെ വീട് അദ്ദേഹം രൂപകൽപന ചെയ്തുനൽകി.

തിരുവനന്തപുരം ജഗതിയിലാണ് ഈ സുന്ദരഭവനം നിലകൊള്ളുന്നത്. മിതത്വമാണ് വീടിന്റെ മുഖമുദ്ര. കന്റെംപ്രറി- മിനിമലിസ്റ്റിക് നയമാണ് പിന്തുടർന്നത്. ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. ഇളംനിറങ്ങളാണ് അകത്തും പുറത്തും കൂടുതലായി അടിച്ചത്.

old-parents-house-tvm-view

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മക്കൾ അവധിക്ക് എത്തുമ്പോൾ താമസിക്കാൻ മുകൾനിലയിൽ ഒരു കിടപ്പുമുറിയും നൽകി. 1800 ചതുരശ്രയടി മാത്രമാണ് വിസ്തീർണം.

old-parents-house-tvm-hall

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. താഴത്തെ നിലയിൽ മാത്രമാണ് ഇപ്പോൾ വീട്ടുകാർ താമസിക്കുന്നത്. അതിനാൽ അംഗങ്ങൾ തമ്മിൽ ആശയവിനിമയം സുഗമമാകാനും അന്തരീക്ഷം ഹൃദ്യമാകാനും ഈ ഓപ്പൺ പ്ലാൻ സഹായിക്കുന്നു. അനാവശ്യ ഫർണിച്ചറുകൾ കുത്തി നിറച്ച് ശ്വാസം മുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. തടിയുടെ ഉപയോഗവും നിയന്ത്രിച്ചു. അലൂമിനിയം കൊണ്ടാണ് ജനാലപ്പാളികളും മറ്റു ഫർണിഷിങ്ങും. വിട്രിഫൈഡ്  ടൈൽസ് നിലത്തുവിരിച്ചു.

old-parents-house-tvm-living

പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് ഒരു L ഷേപ്ഡ് ഹാളിലേക്കാണ്. ആദ്യം ലളിതമായി സ്വീകരണമുറിയും ടിവി യൂണിറ്റും ക്രമീകരിച്ചു.

ഡബിൾ ഹൈറ്റിലാണ് ഡൈനിങ് സ്‌പേസ്. ഉയരമുള്ള ഭിത്തിയിൽ ഗ്ലാസ് നൽകി കൂടുതൽ പ്രകാശത്തെ അകത്തേക്കാനയിക്കുന്നുണ്ട്. ഡൈനിങ്ങിന്റെ മേൽക്കൂരയിലും പർഗോള സ്‌കൈലൈറ്റ് ഉണ്ട്. ഇതുവഴിയും പ്രകാശം നേരിട്ട് മുറിയിലേക്ക് പതിക്കുന്നു. ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ്ങ് ഗ്ലാസ് ഡോർ വഴി പുറത്തെ ഉദ്യാനത്തിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കാറ്റു നല്ലതുപോലെ വീടിനുള്ളിലൂടെ കയറിയിറങ്ങും.

old-parents-house-tvm-dine

കിടപ്പുമുറികൾക്കെല്ലാം അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി. അടുക്കളയും പ്രായമുള്ളവർക്ക് പെരുമാറാൻ എളുപ്പമുള്ള വിധമാണ് സജ്ജീകരിച്ചത്. എല്ലാം കയ്യെത്തുംദൂരത്ത് ലഭിക്കുന്ന പോലെ ഡിസൈൻ ചെയ്തു.

old-parents-house-tvm-dining

ഗാർഡനിങ്ങാണ് വീട്ടുകാരുടെ വിശ്രമകാല ഹോബി. മുറ്റം നിറയെ പൂച്ചെടികൾ വച്ചിട്ടുണ്ട്. അതിന്റെ തുടർച്ച പോലെ ഗോവണിയുടെ താഴെയുള്ള കോർട്യാർഡ് സ്‌പേസിലും ഇൻഡോർ പ്ലാന്റുകൾ വച്ചു. കൂടാതെ ടെറസിൽ അധികം അധ്വാനമില്ലാതെ വളർത്താൻ കഴിയുന്ന പച്ചക്കറിക്കൃഷിയുമുണ്ട്.

old-parents-house-tvm-bed

നാട്ടിൽ കൊട്ടാരം പോലെ വീട് പണിതിട്ട്  പ്രായമായ മാതാപിതാക്കളെ അതിൽ തടവുകാരാക്കുന്ന മക്കൾ നിരവധിയുണ്ട് കേരളത്തിൽ. അത്തരം അനഭിലഷണീയമായ രീതികളിൽ നിന്നും മാറിനടന്നു എന്നതാണ് ഈ വീടിനെ പ്രസക്തമായ കാഴ്ചാനുഭവമാക്കുന്നത്.

Project facts

Location- Jagathy, Trivandrum

Area- 1800 SFT

Owner- Sivakumar

Architect- George J. Chittoor 

George J. Chittoor Designs, Trivandrum

Mob- 9447000192

Y.C- 2020

English Summary- Simple to Maintain House Trivandrum

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA