sections
MORE

ലാളിത്യം, സൗന്ദര്യം, സമാധാനം; മലയാളികൾക്ക് വേണ്ടതെല്ലാം ഈ വീട്ടിലുണ്ട്!

HIGHLIGHTS
  • എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും വീടിന്റെ സ്വച്ഛതയിലേക്ക് എത്തുമ്പോൾ മനസ്സ് ശാന്തമാകുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.
cute-family-home-malappuram
SHARE

കലക്ടറേറ്റ് ഉദ്യോഗസ്ഥനാണ് അനൂപ്. ഭാര്യ അധ്യാപികയും. മലപ്പുറം സ്വദേശികളായ ഇവരുടെ പുതിയ വീട് ആരുടേയും ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റുന്നതാണ്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ നിറഞ്ഞ തറവാട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണിതത്. ചുറ്റും നല്ല  പച്ചപ്പും ഹരിതാഭയും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശമാണ്. ഈ പ്രദേശവുമായി ഇഴുകിച്ചേരുന്ന സമാധാനമുള്ള ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. സമകാലിക+ പരമ്പരാഗത ശൈലികൾ ഒരുമിപ്പിച്ചാണ് വീടിന്റെ പുറംകാഴ്ച. ഒരു കപ്പലിന്റെ ആകൃതിയിൽ പ്രൊജക്ട് ചെയ്തുനിൽക്കുന്ന മേൽക്കൂരയാണ് എലിവേഷനിലെ കൗതുകം. പ്രദേശത്തിന്റെ കാലാവസ്ഥയെ കൂടി പരിഗണിച്ച് ട്രോപ്പിക്കൽ, മിനിമൽ നയമാണ് ഉടനീളൻ പിന്തുടർന്നത്. മഞ്ചേരിയിലുള്ള യുഗ ഡിസൈൻസാണ് വീട് രൂപകൽപന ചെയ്തത്.

പ്രധാന സ്ട്രക്ചറിൽ നിന്നും ഡിറ്റാച്ഡ് ആയാണ് കാർപോർച്ച്. വീടിന്റെയും പോർച്ചിന്റെയും മേൽക്കൂര ട്രസ് വർക് ചെയ്ത് ഓട് വിരിക്കുകയായിരുന്നു.  വീടിന്റെ മതിലുകൾ കാഴ്ച  മറച്ച് കെട്ടിപ്പൊക്കിയില്ല എന്നതും ശ്രദ്ധേയമാണ്. ചെറിയ ഉയരത്തിൽ കെട്ടി മുകളിൽ മെഷ് വർക്ക് ചെയ്താണ് മതിൽ നിർമിച്ചത്. മുറ്റം ബേബിമെറ്റൽ വിരിച്ച് സ്വാഭാവികമായി നിലനിർത്തി.

cute-family-home-yard

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫർണിഷിങ്ങിൽ ഉപയോഗിച്ച വസ്തുക്കളാണ് ഇതിന്റെ വേറിട്ടുനിർത്തുന്നത്. മെറ്റൽ ഫർണീച്ചറുകളാണ് മുഴുവനും. കസേരകൾ, കട്ടിൽ, സെമി പാർടീഷൻ, സ്‌റ്റെയർകേസ് എന്നുവേണ്ട ഒട്ടുമിക്ക സാധനങ്ങളും മെറ്റൽ ഫ്രയിമിൽ വുഡൻ പാനലിങ് ചെയ്തൊരുക്കിയതാണ്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

cute-family-home-living

അകത്തേക്ക് സ്വാഗതം ചെയ്യുന്നത് മഡ് ഫിനിഷിൽ ഒരുക്കിയ ഡിസൈനർ ജാളികളാണ്. ഇത് കാഴ്ചയ്ക്ക് പുതുമ പകരുന്നു . തുറസായ നയത്തിലാണ് അകത്തളങ്ങൾ വിന്യസിച്ചത്. അതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. ധാരാളം മെറ്റൽ ജാലകങ്ങൾ കൊടുത്തതുകൊണ്ട് കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു. പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമേയില്ല

cute-family-home-dining

സ്വീകരണമുറിയെയും ഡൈനിങ്ങിനെയും വേർതിരിക്കാൻ മെറ്റൽ പാർടീഷൻ കൊടുത്തു. സ്വീകരണമുറിയുടെ ഭിത്തി എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് പതിച്ചു ഹൈലൈറ്റ് ചെയ്തത് ശ്രദ്ധേയമാണ്.ഫർണിച്ചറുകൾ എല്ലാം പ്രത്യേകമായി അളവെടുത്ത് സൈറ്റിൽ തന്നെ നിർമിച്ചവയാണ്.

cute-family-home-partition

ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ മുറ്റത്തേക്ക് ഒരു പാറ്റിയോ ഡോർ നൽകി. ഈ വാതിൽ തുറന്നിട്ടാൽ കാറ്റ് വീടിനുള്ളിൽ കയറിയിറങ്ങും.  ഇവിടെ മുറ്റത്തും മഡ് ഡിസൈനർ ബ്രിക്കുകൾ പാകിയത് കൗതുകം നിറയ്ക്കുന്നു. 

cute-family-home-dine

ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. മെറ്റൽ ഫ്രയിമിൽ വുഡ് വിരിച്ചാണ് മേശയും ബെഞ്ചുകളും.

രണ്ടു കോർട്യാർഡുകളാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ഒരെണ്ണം ഊണുമുറിയിൽ നിന്നും പ്രവേശിക്കുന്ന രീതിയിലും രണ്ടാമത്തേത് സ്‌റ്റെയറിനു പിന്നിലുള്ള ഡബിൾ ഹൈറ്റ് സ്‌പേസിലും ക്രമീകരിച്ചു.

cute-family-home-stairs

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഡബിൾ ഹൈറ്റിൽ ഒരുക്കിയ കോർട്യാർഡിലേക്ക് പ്രവേശിക്കാം. ഇവിടെ  ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചു. മെറ്റൽ ഫ്രയിമിൽ വുഡ് പതിച്ചാണ് ഗോവണി. ഇതിനു പിന്നിലെ ഡബിൾ ഹൈറ്റ് സ്‌പേസിൽ പൂജായിടവും കോർട്യാർഡും ക്രമീകരിച്ചു. ഈ ഡബിൾ ഹൈറ്റ് ഭിത്തിയിൽ പകുതി ബ്രിക് ക്ലാഡിങ്ങും മുകൾപകുതി മഡ് ജാളികളും കൊടുത്തു. ഇതുവഴി സൂര്യപ്രകാശം ഉള്ളിലെത്തി നിഴൽവട്ടങ്ങൾ തീർക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും ഗ്ലാസ് വോൾ വഴി ഈ കോർട്യാർഡിന്റെയും പൂജാസ്‌പേസിന്റെയും മനോഹാരിത ആസ്വദിക്കാം.

cute-family-home-bed-glas

സൗകര്യങ്ങളെല്ലാം കയ്യെത്തും ദൂരത്ത് ക്രമീകരിച്ച മോഡുലാർ കിച്ചൻ സജ്ജീകരിച്ചു. സമീപം വർക്കേരിയയും വിന്യസിച്ചു.

മിതത്വവും ഉപയുക്തതയും നിറച്ചാണ് കിടപ്പുമുറികൾ സജീകരിച്ചത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് കൊടുത്തു.

പിൻമുറ്റത്ത് ബുദ്ധപ്രതിമ കൊടുത്ത വോൾ ഹൈലൈറ്റ് ചെയ്തു. ക്രീപ്പറുകൾ പടർന്നുകയറാൻ മെറ്റൽ ഗ്രില്ലുകളും സജ്ജീകരിച്ചു. കുറച്ചു കാലം കഴിയുമ്പോൾ ഇവിടെ ഒരു പച്ചപ്പിന്റെ കൂടാരമായി  മാറും.

എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും വീടിന്റെ സ്വച്ഛതയിലേക്ക് എത്തുമ്പോൾ മനസ്സ് ശാന്തമാകുന്നു എന്ന് വീട്ടുകാർ  സാക്ഷിക്കുന്നു. ശരിക്കും അതല്ലേ വീടുകളുടെ ദൗത്യവും. ചുരുക്കത്തിൽ വീട്ടുകാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിനോടകം ഇവിടുത്തെ ആരാധകരായി മാറിയിട്ടുണ്ട്. 

Project facts

Location- Malappuram

Plot- 15 cent

Area- 2800 SFT

Owner- Anoop

Design- Midhun Balan, Arun

Yuuga Designs, Manjeri

Mob- 8848208571

Y.C- 2020

English Summary- Traditional Kerala house Plan; Home Tour Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA