കീഴടക്കിക്കളഞ്ഞു! 30 ലക്ഷം രൂപയ്ക്ക് പണിത മനോഹരമായ വീട് കണ്ടോ! പ്ലാൻ

HIGHLIGHTS
  • റോഡിലൂടെ പോകുന്നവർക്ക് കാണാനുള്ള കാഴ്ചവസ്തു ആകരുത് വീട് എന്നുണ്ടായിരുന്നു..
30-lakh-nalukettu-thrissur
SHARE

ദീർഘകാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് നാട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥനു നിശ്ചയിച്ച ബജറ്റിൽ ലളിതസുന്ദരമായൊരു വീട് വേണം എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് സോപാനം  എന്ന ഈ വീടിന്റെ കഥ ആരംഭിക്കുന്നത്.

അധ്യാപികയായ ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം. നാലേക്കർ പ്ലോട്ടിൽ ധാരാളം മരങ്ങളും കൃഷിയുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് ഗൃഹനാഥൻ. കേരളത്തിന്റെ പഴയ നാലുകെട്ടുകൾ പ്രചോദനമാക്കിയാണ് ഈ വീട് രൂപകൽപന ചെയ്തത്.

റോഡിലൂടെ പോകുന്നവർക്ക് കാണാനുള്ള കാഴ്ചവസ്തു ആകരുത് വീട്  എന്നുണ്ടായിരുന്നു. അതിനാൽ പ്രധാനറോഡിൽ നിന്നും ഉള്ളിലേക്ക് മാറി മരങ്ങളുടെ മറവിലാണ് വീടിന്റെ സ്ഥാനം. 

30-lakh-nalukettu-thrissur-ext

ഓടിട്ട മേൽക്കൂരയാണ് കേരളത്തനിമ ആദ്യകാഴ്ചയിൽ പ്രദാനം ചെയ്യുന്നത്. ഇതിനാൽ അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥയും നിലനിൽക്കുന്നു. പൂമുഖത്തിന്റെ മേൽക്കൂര നിരപ്പായി വാർത്തശേഷം ട്രസിട്ട് ഓടുവിരിച്ചതാണ്. 

30-lakh-nalukettu-thrissur-sitout

പൂമുഖം, സ്വീകരണമുറി, ഊണുമുറി, കോർട്യാർഡ് , അടുക്കള, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1486 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ചെങ്കല്ല് കൊണ്ടാണ് ചുവരുകൾ കെട്ടിയത്. ഇതിൽ പുറംചുവരുകൾ തേക്കാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തിയത് പഴമയുടെ ഫീൽ പ്രദാനം ചെയ്യുന്നു. അകത്തേക്ക് കയറിയാൽ സ്വീകരണമുറിയിലും ഒരു ഭിത്തി തേക്കാതെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

30-lakh-nalukettu-thrissur-windows

മുൻപിലുള്ള പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ തൂണുകളുള്ള നീളൻ പൂമുഖം കൊടുത്തു. ഇതിന്റെ അരഭിത്തിക്ക് താഴെ സ്റ്റോറേജ് സൗകര്യവുമുണ്ട്. തടിയുടെ പ്രതീതി  ജനിപ്പിക്കുന്ന വുഡൻ ഫിനിഷ്ഡ് ടൈലുകളാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ചിലയിടങ്ങളിൽ ടെറാക്കോട്ട ടൈലുകളും വിരിച്ചു.

30-lakh-nalukettu-thrissur-bed

വീടിന്റെ ശ്രദ്ധാകേന്ദ്രം നടുമുറ്റമാണ്. ഊണുമുറിയിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ നടുമുറ്റത്തേക്ക് കടക്കാം. അതുപോലെ വീടിന്റെ പിൻവശത്തുകൂടെ ഇവിടേക്ക് പ്രവേശിക്കാനും വാതിലുണ്ട്. കാറ്റും വെയിലും നിലാവുമെല്ലാം ഉള്ളിലേക്ക് വിരുന്നെത്തുന്ന നടുമുറ്റമാണ് ഇവിടെ. നടുക്ക് തുളസിത്തറയും സീലിങ്ങിൽ സുരക്ഷയ്ക്കായി ഗ്രില്ലുകളും കൊടുത്തു.

30-lakh-nalukettu-thrissur-court

ഊണുമുറിയുടെ ജാലകങ്ങൾ നടുമുറ്റത്തേക്ക് തുറക്കുന്നതാണ്. ഇതിൽ ഇൻബിൽറ്റ് ഇരിപ്പിടസൗകര്യവും താഴെ സ്റ്റോറേജ് സൗകര്യവും കൊടുത്തു. വീട്ടിൽ ഒത്തുചേരലുകൾ ഒക്കെ നടക്കുമ്പോൾ ഇരിപ്പിടത്തിനു പഞ്ഞമുണ്ടാകില്ല.

30-lakh-nalukettu-thrissur-dine

മൂന്നു കിടപ്പുമുറികളിൽ ഒരെണ്ണം സ്റ്റഡി റൂമായാണ് നിലവിൽ ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഗസ്റ്റ് ബെഡ്‌റൂമാക്കി മാറ്റുകയും ചെയ്യാം. രണ്ടു കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം കൊടുത്തു. ഒരു കോമൺ ബാത്‌റൂമുമുണ്ട്. സ്റ്റോറേജിന്‌ ഫുൾ ലെങ്ത് വാഡ്രോബുകളും മുറികളിൽ സജ്ജീകരിച്ചു. കിടപ്പുമുറികളിലെ ചുവരുകളും തേക്കാതെ നിലനിർത്തിയത് ചെലവ് കുറച്ചതിനൊപ്പം ഒരു ഹൈലൈറ്റർ ഭിത്തിയുടെ റോളും നിർവഹിക്കുന്നു.

30-lakh-nalukettu-thrissur-bedroom

തുറന്ന നയത്തിലാണ് ഊണുമുറിയും അടുക്കളയും. അതിനാൽ കൂടുതൽ വിശാലത അനുഭവപ്പെടുന്നു. അടുക്കളയിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചു.

വീടിന്റെ പിൻവശത്തെ ടെറസിൽ സോളർ പ്ലാന്റുമുണ്ട്. അതിനാൽ വൈദ്യുതി ബിൽ ലാഭം. 

പൊതുവെ പരമ്പരാഗത നാലുകെട്ടുകളിൽ ധാരാളം തടിപ്പണികൾ കാണാറുണ്ട്. എന്നാലിവിടെ നാലുകെട്ടിന്റെ കെട്ടും മറ്റും ലഭിക്കുകയും ചെയ്തു, എന്നാൽ തടിക്ക് പകരം ബദൽസാമഗ്രികൾ ഉപയോഗിച്ച് ചെലവ് പോക്കറ്റിൽ ഒതുക്കുകയും ചെയ്തു. ചെലവുകൾ കുത്തനെ കുതിക്കുന്ന ഈ കാലത്ത് സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയിൽ ഈ വീട് ഒരുക്കി എന്നുപറയുന്നത് തികച്ചും അഭിനന്ദനാർഹം തന്നെയാണ്.

30-lakh-nalukettu-thrissur-yard

ചെലവ് കുറച്ച ഘടകങ്ങൾ

  • ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയന്ത്രിച്ചു. 
  • വാതിൽ, ജനാലകൾക്ക് യുപിവിസി ഉപയോഗിച്ചു.
  • പുറംചുവരുകളിൽ പ്ലാസ്റ്റർ, പെയിന്റ് ലാഭിച്ചു.
  • അകത്തളങ്ങൾ ഓപ്പൺ പ്ലാനിൽ ഒരുക്കി.
  • തടിയുടെ ഫിനിഷുള്ള പ്ലൈവുഡ്, വെനീർ, ലാമിനേറ്റ് എന്നിവ ബദലായി ഉപയോഗിച്ചു.
30-lakh-nalukettu-thrissur-plan

Project facts

Location- Vettukadu, Thrissur

Plot- 4 Acres

Area- 1486 SFT

Owner- Manoj Nair

Architect-Mahesh Ramakrishnan

ViewPoint Designs, Poonkunnam, Thrissur

Mob- 8606531611

Y.C- 2019

English Summary-30 Lakh Kerala House Plans; Best Kerala House Plans

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA