ഇത് പഴമ നിറയുന്ന പുതിയ വീട്! കൂടെ കേരളത്തനിമയും പച്ചപ്പും; വിഡിയോ

HIGHLIGHTS
  • പഴമ നിലനിർത്തിക്കൊണ്ടുതന്നെ കാലോചിതമായ സൗകര്യങ്ങളുമുള്ള വീട് സഫലമാക്കി..
SHARE

45 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. കോട്ടയം പുതുപ്പള്ളിയിലാണ് ലിജി സക്കറിയയുടെയും ആശയുടെയും ഈ 'പഴയ'-പുതിയ വീട്. പച്ചപ്പിനു നടുവിൽ കേരളത്തനിമ അനുസ്മരിപ്പിക്കുന്ന ഒരു സുന്ദരവീട്. 25 കൊല്ലം മുൻപ് വാങ്ങിയതാണ് വീടും സ്ഥലവും. പഴയ വീടിനോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് പൊളിച്ചു കളയാഞ്ഞത്. കാലപ്പഴക്കത്തിന്റെ ജീർണതകളും ചോർച്ചയും സ്ഥലപരിമിതിയും അസൗകര്യങ്ങളും വർധിച്ചപ്പോഴാണ് വീട് കാലോചിതമായി പുതുക്കിപ്പണിയാൻ വീട്ടുകാർ തീരുമാനിച്ചത്. വീട് നവീകരിക്കുന്നതും പഴമ നഷ്ടമാകാതെയാകണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. അധികം പൊളിച്ചുപണികൾ ഇല്ലാതെ നവീകരിച്ചു എന്നതാണ് മറ്റൊരു സവിശേഷത.

traditional-home-puthupally

പഴയ സ്‌റ്റൈലിൽ ചരിഞ്ഞ മേൽക്കൂരയുള്ള കോൺക്രീറ്റ് വീടായിരുന്നു. ആ ചരിവ് നിലനിർത്തി, ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിച്ചു. അങ്ങനെ ഒരു ട്രഡീഷണൽ രൂപഭംഗി പുതിയ വീടിനു കൈവന്നു. മുൻവശത്തു നിന്നും വശങ്ങളിൽനിന്നും വ്യത്യസ്തമായ രണ്ടു ലുക്കാണ് വീടിനു ലഭിക്കുന്നത്. മുറ്റം ലഭിക്കാൻ വേണ്ടി പഴയ പോർച്ച് പൊളിച്ചുകളഞ്ഞു. പകരം വീടിന്റെ വശത്തായി, പ്ലോട്ട് മണ്ണിട്ടുയർത്തി പുതിയ പോർച്ച് പണിതു.

traditional-home-puthupally-side

വീടിന്റെ പുറംകാഴ്ച മനോഹരമാക്കുന്നതിൽ ലാൻഡ്സ്കേപ്പും പിന്തുണയേകുന്നു. പരിപാലനം കൂടി എളുപ്പമായ ബഫലോ, പേൾ ഗ്രാസുകളാണ് പുൽത്തകിടിയിൽ ഹാജർ വയ്ക്കുന്നത്. വീട്ടുകാരി ആശയ്ക്ക് ഗാർഡനിങ് ഇഷ്ടമാണ്. അങ്ങനെ വീടിനകത്തും പുറത്തും ധാരാളം പച്ചപ്പ് ഇടം പിടിച്ചിരിക്കുന്നു. ഗെയ്റ്റിലും കാർ പോർച്ചിലുമെല്ലാം വള്ളിച്ചെടികൾ പടർന്നു പൂവിട്ടു നിൽപ്പുണ്ട്. പരിപാലനം കുറഞ്ഞ ഇൻഡോർ പ്ലാന്റുകളാണ് വീടിനകം അലങ്കരിക്കുന്നത്. മുറ്റത്തുനിന്നും പ്രവേശിക്കുന്നത് നീളൻ പൂമുഖത്തേക്കാണ്. ഉദ്യാനത്തിന്റെ ഭംഗിയും ചുറ്റുപാടുകളും ഇവിടെ ഇരുന്നു വീക്ഷിക്കാം.  ഇവിടെയും ധാരാളം ഇൻഡോർ പ്ലാന്റുകൾ സാന്നിധ്യമറിയിക്കുന്നു.

traditional-home-puthupally-hall

പോർച്ച്,സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3800 ചതുരശ്രയടിയിൽ ഉള്ളത്. അകത്തളങ്ങളിലെ പുനർക്രമീകരണം വഴിയാണ് സ്ഥലപരിമിതി മറികടന്നത്. ലളിതസുന്ദരമാണ് അകത്തളങ്ങൾ. കണ്ണിൽ തറയ്ക്കുന്ന കടുംനിറങ്ങളോ അമിത അലങ്കാരങ്ങളോ ഒന്നും ഉള്ളിലില്ല. വെള്ള നിറത്തിന്റെ തെളിമയാണ് അകത്തളത്തിൽ നിറയുന്നത്.  വർഷങ്ങൾ പഴക്കമുള്ള ഫർണിച്ചറുകളെല്ലാം പോളിഷ് ചെയ്ത് ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട്.

traditional-home-puthupally-living

തുറന്ന സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത് കൂടുതൽ വിശാലതയും ക്രോസ് വെന്റിലേഷനും പ്രദാനം ചെയ്യുന്നു. പ്രധാന വാതിൽ തുറന്നു കയറുമ്പോൾ വശത്തായി സ്വീകരണമുറി. ഇവിടെനിന്നും പ്രവേശിക്കുന്നത് വിശാലമായ ഡൈനിങ് ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഇവിടെ ക്രമീകരിച്ചു. ധാരാളം ജാലകങ്ങളും വെള്ള കർട്ടനുകളും അകത്തളം പ്രസന്നമായി നിലനിർത്തുന്നു.

traditional-home-puthupally-dine

പഴയ മൊസൈക്ക് നിലം മാറ്റി കോട്ട സ്റ്റോൺ വിരിച്ചു. പഴയ അടുക്കളയുടെ ഭാഗത്ത് പുതിയ കിടപ്പുമുറി വരുന്നു. അതുപോലെ പഴയ ഒരു കിടപ്പുമുറി അടുക്കളയായും രൂപം മാറി. ലളിതമാണ് നാലു കിടപ്പുമുറികളും. നാലിനും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി പരിഷ്കരിച്ചു. സ്‌റ്റോറേജിനായി വാഡ്രോബുകളും പുതുതായി ചിട്ടപ്പെടുത്തി.

traditional-home-puthupally-bed

എല്ലാം കയ്യകലത്തിൽ ലഭ്യമാകുന്ന ഒതുങ്ങിയ അടുക്കള ചിട്ടപ്പെടുത്തി. വൈറ്റ് തീമിലാണ് ഈ മോഡേൺ കിച്ചനും ഒരുക്കിയത്. തേക്ക്+ പിയു പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. പ്രധാന അടുക്കളയ്ക്ക് അനുബന്ധമായി വർക്കേരിയയുമുണ്ട്. ഇവിടെനിന്നും പിൻവശത്തെ മുറ്റത്തേക്കിറങ്ങാം. ഇവിടെയുള്ള മാവിനുചുറ്റും പുൽത്തകിടി ചെയ്ത്, വൈകുന്നേരങ്ങൾ ചെലവഴിക്കാനുള്ള, നല്ലൊരു സ്‌പേസ് ആക്കിമാറ്റി. വശത്തെ റോഡിൽ നിന്നും വിക്കറ്റ് ഗെയ്റ്റ് വഴി ഇവിടേക്ക് പ്രവേശിക്കാം. 

traditional-home-puthupally-kitchen

അങ്ങനെ വീട്ടുകാർ ആഗ്രഹിച്ച പോലെ പഴമ നിലനിർത്തിക്കൊണ്ടുതന്നെ കാലോചിതമായ സൗകര്യങ്ങളുമുള്ള വീടായി ഈ ഭവനം മാറി. ചുരുക്കത്തിൽ കാറ്റും വെളിച്ചവും ചുറ്റിലും നിറയുന്ന പച്ചപ്പുമെല്ലാം ഓരോദിവസവും ഉന്മേഷത്തോടെ ഉണർന്നെഴുന്നേൽക്കാൻ സഹായിക്കുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

traditional-home-puthupally-exterior

Project facts

Location- Puthuppally, Kottayam

Plot- 65 cent

Area- 3800 SFt (New) 2600 SFT (Old)

Owner- Ligy Zacharia, Asha

Architect- Jose Vellappalli

Cyriac Vellapally & Associates, Kottayam

Y.C- June 2020

English Summary- Renovated Kerala Traditional Modern Home; Video

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA