ADVERTISEMENT

വീടിന്റെ ടെറസിൽ പാർക്ക് ചെയ്ത വെള്ള സ്വിഫ്റ്റ് കാർ. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് കണ്ണൂർ പയ്യന്നൂരിനടുത്ത് മമ്പലത്തുള്ള പ്രസൂൺ മൈത്രിയുടെയും കുടുംബത്തിന്റെയും ഈ വീട്. ഈ കൗതുകത്തിന്റെ രഹസ്യങ്ങൾ ഉടമ പങ്കുവയ്ക്കുന്നു..

ഞാൻ കാസർഗോഡ് എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച്, വളരെ കഷ്ടപ്പെട്ട് വളർന്നയാളാണ്. എനിക്ക് കുടുംബമായ ശേഷം ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി നല്ലൊരു വീട്. അങ്ങനെ ജങ്ഷനിൽ നല്ല കാഴ്ച ലഭിക്കുന്നിടത് 7.75 സെന്റ് വാങ്ങിയാണ്, 2019 ഡിസംബറിൽ വീടുപണി തുടങ്ങിയത്.

swift-car-house-payyanur-side

ഞാൻ ഡ്രാഫ്റ്റ്‌സ്മാൻ- സിവിൽ കോഴ്സ് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് അത്യാവശ്യം ഗൃഹപാഠം ചെയ്താണ് വീടുപണി തുടങ്ങിയത്. പ്ലാൻ മാത്രമാണ് എൻജിനീയറെ കൊണ്ട് വരപ്പിച്ചത്. ബാക്കി ഗേറ്റ് മുതൽ പുരപ്പുറത്തെ കാർ വരെ എന്റെ ആശയങ്ങൾ പ്രവർത്തികമാക്കിയതാണ്. ഭാര്യാപിതാവ് മേസ്തിരിയാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വീടുപണിയിൽ മുതൽക്കൂട്ടായിരുന്നു.

 

swift-car-house-payyanur-chimney

പുരപ്പുറത്തെ കാറിന്റെ രഹസ്യം..

swift-car-house-payyanur-chimney-close

ആദ്യം പ്ലാനിൽ ചിമ്മിനി ഉണ്ടായിരുന്നില്ല. പിന്നെ വീട്ടുകാരുടെ നിർബന്ധത്തിന് ഉൾപ്പെടുത്തുകയായിരുന്നു. പണി കഴിഞ്ഞപ്പോഴാണ് വീടിന്റെ മുൻഭാഗത്ത് അതൊരു അഭംഗിയായി തോന്നിയത്. മാത്രമല്ല, പുക മുകളിലെ ഭിത്തിയിൽ വന്നടിഞ്ഞു വെള്ള ചുവര് കാലാന്തരത്തിൽ വൃത്തികേടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടു.

swift-car-house-payyanur-chimney-dine

വാസ്തവത്തിൽ ഈ അഭംഗി മറയ്ക്കാനും ചുവരുകൾ പുകയിൽനിന്നും സംരക്ഷിക്കാനുമാണ് ചിമ്മിനിയെ കാറാക്കി മാറ്റിയത്. ആദ്യം ഒരു പോലീസ് ജീപ്പിന്റെ രൂപമായിരുന്നു എന്റെ മനസ്സിൽ. പിന്നെ മേലുദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ നിയമപ്രശ്നം വല്ലതും വന്നാൽ തലവേദനയാകും എന്ന മറുപടി ലഭിച്ചു. അങ്ങനെയാണ് സ്വിഫ്റ്റ് കാർ തിരഞ്ഞെടുത്തത്. രാജീവൻ എന്ന ശിൽപിയാണ് പണി ചെയ്തുതന്നത്.   

swift-car-house-payyanur-inside

കാറിന്റെ മാതൃകയിൽ കമ്പിയും നെറ്റും കെട്ടി ഉറപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്തു.പിന്നീട് ഒറിജിനൽ കാറിന്റെ അളവിൽ മാർക്ക് ചെയ്ത് ചാന്ത് തേച്ച് പിടിപ്പിച്ച് മിനുക്കിയെടുത്തു. സിമന്റും പൂഴിയും ജില്ലിയുമാണ് അസംസ്കൃത വസ്തുക്കൾ. 12 അടി നീളം, 6 അടി ഉയരം, 5 വീതി ഇതാണ് കാറിന്റെ അളവ്.  ചിമ്മിനിയിലൂടെ അടുപ്പിൽ നിന്ന് ഉയർന്നു വരുന്ന പുക ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തു പോകും. 

swift-car-house-payyanur-kitchen

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2300 ചതുരശ്രയടി വീട്ടിലുള്ളത്. ചെലവ് കുറയ്ക്കാൻ ഫർണിഷിങ്ങിന് ബദൽ നിർമാണസാമഗ്രികൾ ഉപയോഗിച്ചിട്ടുണ്ട്. ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും സ്ഥാപിച്ച് അകത്തളം കളർഫുള്ളാക്കിയിട്ടുണ്ട്. ഫർണിഷിങ് ഉൾപ്പെടെ 45 ലക്ഷം രൂപയാണ് ചെലവായത്.

2021 മാർച്ചിലായിരുന്നു പാലുകാച്ചൽ. ഞങ്ങളുടെ സന്തോഷത്തിന്, വീടിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അതാളുകൾ ഷെയർ ചെയ്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ വൈറലായി. ഇത് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് അപ്പോഴൊന്നും വിചാരിച്ചിരുന്നില്ല. ഇപ്പോൾ ഈ ലോക്ഡൗൺ കാലത്തും നിരവധി ആളുകളാണ് വീട് കാണാനെത്തുന്നത്! റോഡിലൂടെ പോകുന്നവരും ടെറസിലെ കാർ കണ്ടു വന്നു, കാര്യം തിരക്കി ഫോട്ടോയൊക്കെ എടുക്കാറുണ്ട്.

 

Project facts

Location- Mambalam, Payyannur

Plot- 7.75 cent

Area- 2300 SFT

Owner- Prasoon Maithri

Y.C- Mar 2021

English Summary- Swift Car in Terrace; Viral House in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com