ADVERTISEMENT

തിരുവനന്തപുരം പൂജപ്പുരയിലുള്ള ഡോ. ചെറിയാന്റെയും ഡോ. അന്നമ്മയുടെയും റെസിഡൻസ് കം ക്ലിനിക്കിന് പറയാൻ അദ്ഭുതകരമായ ഒരു മേക്കോവറിന്റെ കഥയുണ്ട്.

1990 കളിൽ പഴയ വീടുവാങ്ങി, മുകൾനിലയിൽ 'ചെറിയാൻസ് ഡെന്റൽ' ക്ലിനിക്കും തുടങ്ങിയതാണ്. പക്ഷേ ഇടുങ്ങിയ നാൽക്കവലയിൽ നിന്നും ക്ലിനിക്കും വീടും കണ്ടെത്താൻ ബുദ്ധിമുട്ടി എന്നുള്ള രോഗികളുടെയും സുഹൃത്തുക്കളുടെയും സ്ഥിരംപല്ലവി കേട്ടുമടുത്തപ്പോഴാണ് കാലോചിതമായ ഒരു രൂപമാറ്റം വേണം എന്നിരുവരും തീരുമാനിക്കുന്നത്. നേരത്തെ പോർച്ചിലൂടെയായിരുന്നു വീടിനകത്തേക്ക് കയറേണ്ടത്. മേക്കോവറിനുശേഷം വീടിനും ക്ലിനിക്കിനും തനതായ വ്യക്തിത്വവും വേർതിരിവുകളും വന്നുചേർന്നു.

green-home-pujappura-night

90-കളുടെ ശൈലിയിൽ കെട്ടിയടച്ച അകത്തളങ്ങളായിരുന്നു പഴയ വീടിനുണ്ടായിരുന്നത്. കാറ്റും വെളിച്ചവും ഉള്ളിലെത്തുന്നത് നന്നേ കുറവ്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവ താഴെയും മുകളിൽ ക്ലിനിക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിസ്തീർണം കൂട്ടാതെതന്നെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത് പഴയ നിറം മങ്ങിയ പൊട്ടിപ്പൊളിഞ്ഞ ഇടങ്ങൾ എല്ലാം മാറ്റി, മിനുസവും തെളിച്ചവുമുള്ള ഫിനിഷിലേക്ക് അകത്തളങ്ങളെ കൂട്ടിക്കൊണ്ടുവന്നു.

green-home-pujappura-interior

വീടിന്റെ മിക്ക സ്‌പേസുകളിൽനിന്നും പച്ചപ്പിലേക്ക് നോട്ടമെത്തിച്ചതാണ് രൂപകൽപനയിലെ പ്രധാന മാജിക്. പഴയ വീടിന്റെ സിറ്റൗട്ടും ക്ലിനിക്കും വരുന്ന ഭാഗത്തെ ആദ്യം രൂപമാറ്റം വരുത്തുകയാണ് ആർക്കിടെക്ട് ചെയ്തത്. ഇവിടെ താഴെ സിഎൻസി ഡിസൈൻ പാറ്റേണുള്ള മെറ്റൽ എൻട്രൻസ് കൊടുത്തു. ഇത് ആവശ്യാനുസരണം ഭാഗികമായോ മുഴുവനായോ തുറക്കാൻ സാധിക്കും. ഇതിന്റെ മുകളിൽ ക്ലിനിക്ക് വരുന്ന ഭാഗത്തെ ഭിത്തിയിൽ സിഎൻസി ഡിസൈൻ ജാളികൾ സ്ഥാപിച്ചു. അതോടെ കാറ്റും വെളിച്ചവും ക്ലിനിക്കിൽ കൂടുതലായെത്താൻ തുടങ്ങി. ഒപ്പം പുറമെ കാണുമ്പോൾ വ്യത്യസ്തഭംഗിയും...

green-home-pujappura-living

വീടിന്റെ ലിവിങ് റൂമിനോടുചേർന്ന് ഒരു മാവ് നിൽപ്പുണ്ട്. ഈ മാവിനോട് വീട്ടുകാർക്ക് വൈകാരികമായ അടുപ്പമുണ്ട്. അതുകൊണ്ട് മാവിന്റെ ശീതളിമ അനുഭവിക്കാൻ കഴിയുംവിധം ഇവിടെയുണ്ടായിരുന്ന ഭിത്തി മാറ്റി പകരം സ്ലൈഡിങ് ഗ്ലാസ് ഭിത്തികൾ കൊടുത്തു. മാവിനോടുചേർന്ന് ഒരു ഗാർഡനും ഒരുക്കി. ഇപ്പോൾ വീട്ടുകാരുടെ പ്രിയ ഒത്തുചേരൽ ഇടങ്ങളിലൊന്നാണ് ഇത്. ഇതുവഴി പുറത്തെ പ്രകൃതിയുമായി ഒരു കണക്‌ഷനും സാധ്യമായി.

green-home-pujappura-garden

ഡൈനിങ്ങിന്റെ വശത്തെ പഴയ അടഞ്ഞ ഭിത്തിയും പൊളിച്ചുകളഞ്ഞു പകരം ഗ്ലാസ് വാതിലുകൾ സ്ഥാപിച്ചു. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും കാഴ്ചകളും സമൃദ്ധമായി ഉള്ളിലെത്തും. അടുക്കളയും കാലോചിതമായി പരിഷ്കരിച്ചു. അടുക്കളയിലും രണ്ടു ജനലുകൾ പുതിയതായി സ്ഥാപിച്ചു. ഇതുവഴി മുറ്റത്തെ കോർട്യാർഡിന്റെ പച്ചപ്പ് ആസ്വദിക്കാം.

green-home-pujappura-dine

ഇൻഡോർ പ്ലാന്റുകളാണ് വീടിന് ഹരിതാഭയുടെ നവീനഭാവം കൈവരിക്കുന്നതിന് പ്രധാനപങ്കുവഹിക്കുന്നത്. പരിപാലനം കൂടി എളുപ്പമായ ചെടികളാണ് കൂടുതലും അകത്തു ഉൾപ്പെടുത്തിയത്.

green-home-pujappura-kitchen

പഴയ കിടപ്പുമുറികൾ കാലപ്പഴക്കം മൂലം പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇതെല്ലം പൂർണമായും മാറ്റി. പുതിയ വൈറ്റ് സീലിങ്ങും വുഡൻ ടൈലുകളും വിശാലമായ കോട്ടുമെല്ലാം സജ്ജീകരിച്ചതോടെ മുറികളുടെ ലുക്ക് തന്നെമാറി.

green-home-pujappura-bed

ഇപ്പോൾ പഴയ വീടും ക്ലിനിക്കും മനസ്സിൽ വിചാരിച്ച് ഇവിടെയെത്തുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട് എന്നതാണ് രസകരമായ ക്ലൈമാക്സ്.

green-home-pujappura-green

 

Project facts

Location- Poojappura, Trivandrum

Owner- Dr. John Cherian & Dr. Annamma

Architect- George Chittoor

George J. Chittoor Designs, Trivandrum

Mob- 9447000192

English Summary- Renovated House with Lush Green Interiors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com