ADVERTISEMENT

കൊല്ലം കിഴക്കേകല്ലടയിലാണ് പ്രവാസിയായ രവികുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  

ഒരു പഴയ നാലുകെട്ടിന്റെ പുറംകാഴ്ചയും മോഡേൺ രീതിയിലുള്ള അകത്തളങ്ങളുമുള്ള വീട് എന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഈ വീട് രൂപകൽപന ചെയ്തത്. കൊല്ലത്തുള്ള ഇൻസൈറ്റ് ആർക്കിടെക്ച്ചറൽ ഐഡിയാസിലെ ഡിസൈനർ അരുണും റസീമുമാണ്  ഈ വീടിന്റെ ശിൽപികൾ.

kallada-house-ext

റോഡ്‌സൈഡിലുള്ള 50 പ്ലോട്ടിലാണ് ഈ വീടുള്ളത്. ചൂട് കുറയ്ക്കാൻ ഇന്റർലോക്ക് മഡ് ബ്രിക്ക് കൊണ്ടാണ് ഭിത്തി കെട്ടിയത്. പുറംഭിത്തികൾ പ്ലാസ്റ്റർ ചെയ്യാതെ നിലനിർത്തിയത് പഴമയുടെ കെട്ടും മട്ടും നൽകുന്നുണ്ട്. ഇതുകൂടാതെ ഉള്ളിൽ ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തത്. ഇതും അകത്തളത്തിൽ ചൂട് കുറയ്ക്കുന്നു.

kallada-house-yard

പൂമുഖം, സ്വീകരണമുറി, നടുമുറ്റം, ഊണുമുറി, അടുക്കള, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീടിന്റെ ട്രഡീഷണൽ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് മതിലിന്റെയും ഗെയ്റ്റിന്റെയും പോർച്ചിന്റെയും  ഡിസൈൻ. ഇതിനായി ടെറാക്കോട്ട നിറമാണ് മതിലിന് അടിച്ചത്. പ്രധാന ഗെയ്റ്റ് കൂടാതെ  പഴയ ട്രഡീഷണൽ പടിപ്പുരയുടെ ചെറുമാതൃകയിൽ ഒരു വിക്കറ്റ് ഗെയ്റ്റും ഇവിടെയുണ്ട്.  ജിഐ ട്യൂബിലാണ് പോർച്ചിന്റെ സ്ട്രക്ചർ നിർമിച്ചത്.

ഒരു പരമ്പരാഗത വീടിന്റെ പോലെയുള്ള പൂമുഖമാണ് ഇവിടെയുള്ളത്. ഇത് ജിഐ ട്രസ് ചെയ്ത് പഴയ ഓടുവിരിച്ചിരിക്കുകയാണ്. സ്റ്റോൺ ഫിനിഷിലുള്ള പില്ലറുകൾ പൂമുഖത്ത് ഹാജരുണ്ട്. പൂമുഖത്തുതന്നെ പ്രധാനവാതിലിന് വശത്തായാണ് പൂജാമുറി. വീട്ടിലേക്ക് കയറുമ്പോൾ തന്നെയുള്ള   പൂജാമുറിയുടെ സാന്നിധ്യം പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുന്നു.

kallada-house-court

വീടിനുള്ളിലെ ഹൈലൈറ്റ് നടുമുറ്റമാണ്. മഴയും വെയിലും കാറ്റുമെല്ലാം ഉള്ളിലെത്തുംവിധം തുറസായ മേൽക്കൂരയാണ് നടുമുറ്റത്തിന്. മഴ പെയ്യുമ്പോൾ ഇത് ഒരു വാട്ടർബോഡി ആയി മാറ്റുകയുംചെയ്യാം. ഗ്രീനിഷ് ടൈലാണ് ഇവിടെ ഒട്ടിച്ചത്. നിലവിൽ ഡ്രൈ കോർട്യാർഡിൽ ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു.

വീടിനുള്ളിൽ കണ്ണുകളെ ഏറ്റവും ആകർഷിക്കുന്നത് നടുമുറ്റത്തിന്റെ ഭിത്തിയിലെ ക്ളോക്കാണ്. റബ്‌വുഡിൽ സിഎൻസി കട്ടിങ് ചെയ്താണ് ഇത് നിർമിച്ചത്. പിന്നിൽ കൺസീൽഡ് എൽഇഡി ലൈറ്റുകളുമുണ്ട്.

പ്രധാന വാതിൽ തുറന്നു കയറുമ്പോൾ വശത്തെ ടിവി വോൾ ഡൈനിങ് വരെ നീളുന്ന ഒരു ഫോട്ടോ വോൾ കൗതുകമാണ്. വുഡൻ റീപ്പറുകൾക്ക് നടുവിൽ  ഫോം ബോർഡ് ഒട്ടിച്ചാണ്

kallada-house-dine

ഇത് നിർമിച്ചത്. ഇതിൽ കുടുംബത്തിലെ സുന്ദരനിമിഷങ്ങൾ പ്രിന്റെടുത്ത് ഒട്ടിച്ചിരിക്കുകയാണ്.

വീടിനുള്ളിലെ സീലിങ്ങിൽ വ്യത്യസ്തത പ്രകടമാണ്. വുഡൻ ഷേഡിൽ അലുമിനിയം ഫിക്സ്ചറുകൾ കൊണ്ടുള്ള സീലിങ്ങാണ് ലിവിങ്ങിൽ ഹാജർ വയ്ക്കുന്നത്. ഡൈനിങ്ങിൽ പിവിസി പൈപ്പ് ഉപയോഗിച്ചുള്ള സീലിങ് ഡിസൈൻ കൗതുകം നിറയ്ക്കുന്നു.

പറമ്പിൽത്തന്നെയുണ്ടായിരുന്ന മഹാഗണി കൊണ്ടാണ് ഫർണിച്ചർ, കബോർഡ്, വാഡ്രോബ് എന്നിവയെല്ലാം നിർമിച്ചത്. ഇവയെല്ലാം പ്രത്യേകം അളവെടുത്ത്  കസ്റ്റമൈസ് ചെയ്തെടുക്കുകയായിരുന്നു. അതിനാൽ അകത്തളവുമായി നന്നായി ഇഴുകിച്ചേരുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും  സഹിതം ഏകദേശം 52 ലക്ഷമാണ് വീടിന് ചെലവായത്.

kallada-house-bed

അങ്ങനെ ആഗ്രഹിച്ച പോലെ പുറമെ പരമ്പരാഗത തനിമയും ഉള്ളിൽ പുതിയകാല കാഴ്ചകളും സമന്വയിക്കുന്ന സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1

Project facts

Location- East Kallada, Kollam

Plot- 50 cent

Area- 2200 Sq.ft

Owner- Ravikumar

Designers- Arun Murali, Raseem

INSIGHT architectural ideas, Kundara

Mob- 99959 70912, 9961061363

English Summary- Sustainable Modern House; Veedu Magzine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com