ഇത്രയും ഭംഗിയുള്ള വീട് കണ്ടിട്ടെത്ര നാളായി! ഹിറ്റായി കിടിലൻവീട്

tropical-house-manjeri-living-exterior
SHARE

ആദ്യകാഴ്ചയിൽത്തന്നെ ആരും കൊതിക്കുന്ന വീട് സഫലമായ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.

'ഇശൽ' എന്നാണ് ഞങ്ങളുടെ വീടിന്റെ പേര്. മഞ്ചേരിക്കടുത്ത് മുള്ളമ്പാറ എന്ന സ്ഥലത്താണ് ഞങ്ങളുടെ പുതിയവീട്. ഞാനും ഭാര്യയും ഡോക്ടർമാരാണ്. ഭാര്യയുടെ സഹോദരനും അയാളുടെ ഭാര്യയും ആർക്കിടെക്ടുകളാണ്. അതുകൊണ്ട് വീടുപണി ആരെ ഏൽപിക്കണമെന്ന കാര്യത്തിൽ ടെൻഷനില്ലായിരുന്നു.

tropical-house-manjeri-roof

കേരളത്തിൽ ഇപ്പോൾ എല്ലാവരും പണിയുന്ന പെട്ടിവീടുകളോട് ഞങ്ങൾക്ക് താൽപര്യമില്ലായിരുന്നു. ധാരാളം മഴ ലഭിക്കുന്ന പ്രദേശത്തിന് യോജിച്ച വീട് ആകണം. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം. ആവശ്യത്തിന് സ്വകാര്യത ഉണ്ടാകണം. ഇതൊക്കെയായിരുന്നു ഞങ്ങളുടെ ഡിമാൻഡ്‌സ്. അളിയനും ഭാര്യയും മിഷൻ വീടുപണി ഏറ്റെടുത്തതോടെ ഒരുപടി മുന്നിൽനിന്ന് കാര്യങ്ങളെല്ലാം ചെയ്തുതന്നു.

tropical-house-manjeri-elevation

നാലു തട്ടുകളായി പരന്നുകിടക്കുന്ന മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ച ആകർഷകമാക്കുന്നത്. ജിഐ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ഇതിന്റെ താഴെ സീലിങ് ഓടുമുണ്ട്. പുറംഭിത്തിയിൽ വെട്ടുകല്ല് പ്ലാസ്റ്റർ ചെയ്യാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തിയത് ഭംഗി പകരുന്നുണ്ട്. ഉള്ളിൽ പ്ലാസ്റ്ററിങ്- പെയിന്റിങ് ചെയ്തിട്ടുണ്ട്.

tropical-house-manjeri-sitout

പോർച്ച്, സിറ്റൗട്ട്, ലിവിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, ലിവിങ്, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.

tropical-house-manjeri-rain

ഗ്രേ റസ്റ്റിക് ഫിനിഷ് ടൈലാണ് പൊതുവിടങ്ങളിൽ കൂടുതലായി വിരിച്ചത്. ഫർണിച്ചറുകൾ അളവെടുത്ത് ഇന്റീരിയർ തീമിനുചേരുംവിധം ഒരുക്കി. വളരെ ലളിതസുന്ദരമായ ഫർണീച്ചറുകളാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. സിംപിൾ സോഫയും കസേരയും ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയുമെല്ലാം ഇതിനുദാഹരണമാണ്. ഡൈനിങ്ങിന്റെ വശത്തെ വാഷ് ഏരിയയുടെ ഭിത്തിയിൽമാത്രമല്ല നിലത്തും ഡിസൈനർ ടൈലുകളുണ്ട്.

tropical-house-manjeri-wash

പ്ലോട്ടിന്റെ ആകൃതി കണക്കിലെടുത്ത് എല്ലായിടങ്ങൾക്കും വിസിബിലിറ്റി ഉറപ്പാക്കാനായി L ആകൃതിയിലാണ് വീട്ടിലെ ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. കിച്ചനിൽ നിന്നുകൊണ്ടുതന്നെ വീട്ടുപടിക്കൽ എത്തുന്നവരെ നിരീക്ഷിക്കാം എന്ന ഗുണവുമുണ്ട്. പബ്ലിക്- പ്രൈവറ്റ്- സെമി പ്രൈവറ്റ് എന്നിങ്ങനെ മൂന്ന് സോണുകളായി ഇടങ്ങൾ വിന്യസിച്ചു. മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ മധ്യഭാഗത്തായി പോർച്ചും സിറ്റൗട്ടും പ്രധാന എൻട്രൻസും വരുന്നു. ഇതിന്റെ ഇരുവശങ്ങളിലായി മറ്റിടങ്ങൾ വരുന്നു. 

tropical-house-manjeri-living

ചെറിയ സിറ്റൗട്ടും പ്രധാനവാതിലും കടന്ന് പ്രവേശിക്കുന്നത് ഓപ്പൺ നയത്തിൽ ഒരുക്കിയ ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ് ഏരിയകൾ ഇവിടെ വേർതിരിവില്ലാതെ വിന്യസിച്ചു. ലിവിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വശത്തെ മതിലിനോടുചേർന്ന മുറ്റത്തേക്കിറങ്ങാം. ഇവിടെ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്.

tropical-house-manjeri-patio

മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക്  വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. ഞങ്ങൾ ഡോക്ടർമാരായതുകൊണ്ട് ധാരാളം പുസ്തകങ്ങളും മറ്റും വീട്ടിലുണ്ടാകും. ഇതും ഭാവിയിൽ മക്കളുടെയും പഠനവസ്തുക്കൾ സൂക്ഷിക്കാൻ ധാരാളം സ്‌റ്റോറേജ് വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്‌റ്റെയറിന്റെ വശത്തായി കിടപ്പുമുറികളിലേക്ക് നയിക്കുന്ന ഒരു കോറിഡോറുണ്ട്. ഇവിടെ താഴെയും മുകൾനിലയിലും പരമാവധി സ്‌റ്റോറേജ് ഒരുക്കിയിട്ടുണ്ട്.

tropical-house-manjeri-hall

മുകളിലെ കിടപ്പുമുറിയുടെ സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി ഒരു മെസനൈൻ നിലകൂടി ഇവിടെയുണ്ട്. അതിഥികളുള്ളപ്പോൾ വേണമെങ്കിൽ ഒരു മിനി ബെഡ്‌റൂമായി ഇതുമാറ്റാം. ലാൻഡ്സ്കേപ്പിൽ ഉള്ളതുപോലെ ഹരിതാഭ ഉള്ളിലുമുണ്ട്. കിടപ്പുമുറികളിലടക്കം ഇൻഡോർ പ്ലാന്റുകളുടെ സാന്നിധ്യമുണ്ട്. താഴത്തെ കിടപ്പുമുറികൾക്ക് ബേവിൻഡോയുമുണ്ട്. ഇവിടെയിരുന്ന് പുറത്തെ ഗാർഡന്റെ ഭംഗി ആസ്വദിക്കാം.

tropical-house-manjeri-bed

മറൈൻ പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

tropical-house-manjeri-kitchen

പൊതുവെ വീടുപണിതാലുടൻ മുറ്റം ടൈൽവിരിക്കുന്നതാണ് മലയാളികളുടെ രീതി. ഇവിടെ ഞങ്ങൾ ആ പരിപാടിക്ക് പോയിട്ടില്ല. വെള്ളം ഭൂമിയിലിറങ്ങുംവിധം ബേബിമെറ്റൽ വിരിച്ചു. ലാൻഡ്സ്കേപ്പിൽ കുറച്ചിട നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തിവിരിച്ചു. ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാറ്റിന്റെ ദിശയനുസരിച്ചാണ് ഇവിടെ ജാലകങ്ങൾ കൊടുത്തത്. അതിനാൽ കുളിർകാറ്റ് ഇപ്പോഴും വീടിനുള്ളിൽ അലയടിക്കും. ചൂട് താരതമ്യേന വളരെ കുറവാണ്. ഫാൻ ഇട്ടില്ലെങ്കിലും ഒരു അസ്വസ്ഥയും അനുഭവപ്പെടില്ല. അതുപോലെ രാവിലെ നാച്ചുറൽലൈറ്റ് നന്നായി ലഭിക്കുന്നതിനാൽ ലൈറ്റിടേണ്ട കാര്യവുമില്ല.

tropical-house-manjeri-window

ലോക്ഡൗൺ സമയത്തായിരുന്നു വീടുപണി. അതിന്റെ കുറച്ച് കാലതാമസമൊക്കെ പണിയിൽ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഞങ്ങൾ നിനച്ചതിലും കൊതിച്ചതിലും ഒരുപടിമേലെ ഞങ്ങളുടെ സ്വപ്നവീട് സഫലമായി. അതിന്റെ പ്രധാനക്രെഡിറ്റ് പോകുന്നതും അളിയനും പുള്ളിയുടെ ഭാര്യയ്ക്കുമാണ്. ഇപ്പോൾ വീട്ടിലെത്തുന്ന വീടുപണിയാൻ പദ്ധതിയുള്ള ആളുകൾ പുള്ളിയുടെ കോൺടാക്ട് നമ്പറുമായാണ് മടങ്ങുന്നത്...

tropical-house-manjeri-night

Project facts

Location- Manjeri, Malappuram

Plot- 10 cent

Area- 2200 Sq.ft

Owner- Dr. Abdul Aslam, Dr. Shirin Shefeek

Architects- Nigar Roshan, Ahsana hyder

Dual Thoughts Architecture

Mob- 80894 56897,  99957 87778 

Y.C- 2021 Aug

Budget- 58 Lakhs

ചിത്രങ്ങൾ- അഖിൽ കൊമാച്ചി 

English Summary- Tropical Elegant House with Charming Interiors; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA