ADVERTISEMENT

സ്ഥലപരിമിതി അപ്രസക്തമാക്കി വേറിട്ട വീട് സഫലമാക്കിയ കഥ വീട്ടുകാർ പറയുന്നു.

തിരുവനന്തപുരം നഗരത്തിൽ 7 സെന്റ് ആയിരുന്നു ഉണ്ടായിരുന്നത്. വളരെ വീതികുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ വീട് സാധ്യമാകുമോ എന്ന ആശങ്കയും ഞങ്ങൾക്കുണ്ടായിരുന്നു. നിരവധി പ്രശസ്ത നിർമിതികളുടെ ശിൽപിയായ ആർക്കിടെക്ട് ശ്രീജിത്തിനെയാണ് ഞങ്ങൾ സമീപിച്ചത്.

brick-house-tvm-night

ഇടുങ്ങിയ പ്ലോട്ടിൽ പണിയുന്ന വീട്ടിൽ സൗകര്യങ്ങൾ കുറഞ്ഞാലും വിശാലത അനുഭവപ്പെടണം, ആളുകളുടെ കണ്ണുകളെ ആകർഷിക്കണം എന്ന ആഗ്രഹവും ഞങ്ങൾ പങ്കുവച്ചു. അങ്ങനെയാണ് എക്സ്പോസ്ഡ് ശൈലിയിൽ പണിയാം എന്ന ആശയം ശ്രീജിത് മുന്നോട്ടുവച്ചത്.

brick-house-tvm-elevation

പ്ലാൻ തയാറാക്കുമ്പോൾ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഏഴ് സെന്റ് ഉള്ളതുകൊണ്ട് നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കില്ല. വശങ്ങളിലെ സെറ്റ്ബാക്ക് വിട്ടശേഷം വെറും 5 മീറ്ററിൽ താഴെ വീതിയാണ് വീടിനായി ലഭിച്ചത്. ഓർക്കണം, ഒരു കാർ മുന്നിലിട്ട് തിരിക്കാൻ പോലും കഴിയാത്തവിധം ഞെരുങ്ങിയ പ്ലോട്ടാണിത്. ഇനിയുമുണ്ടായിരുന്നു വെല്ലുവിളികൾ. പിന്നിലേക്ക് ഉയരം കൂടിയ പ്ലോട്ടായിരുന്നു. ഈ നിരപ്പുവ്യത്യാസം നിലനിർത്തിയാണ് വീടുപണിതത്. അതിനാൽ ഉള്ളിൽ ഇടങ്ങൾതമ്മിൽ നിരപ്പുവ്യത്യാസമുണ്ട്.

brick-house-tvm-hall

ചെറിയ വീതിയിൽ ഒതുക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ ചിട്ടപ്പെടുത്തി. ഇടുങ്ങിയ പ്ലോട്ട് ആയതുകൊണ്ട് ക്രോസ് വെന്റിലേഷന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ചൂടുവായു പുറത്തേക്ക് പോകാനും കുളിർകാറ്റ് അകത്തേക്ക് വരാനും ധാരാളം എയർഹോളുകൾ വേർതിരിച്ചു. കാറ്റിനും വെളിച്ചത്തിനും തടസം വരാതിരിക്കാൻ മുകൾനിലയിൽ രൂപപ്പെടുത്തിയ ബ്രിക് ജാളി ഒരു ഡിസൈൻ എലമെന്റായും വർത്തിക്കുന്നു.

brick-house-tvm-upper

ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ എന്നിവയുമുണ്ട്. മൊത്തം 1260 ചതുരശ്രയടിയാണ് വിസ്തീർണം. തികച്ചും തുറന്ന നയത്തിലാണ് അകത്തളങ്ങൾ. ഓരോയിടവും തമ്മിൽ പരസ്പരം വിനിമയം ചെയ്യുന്നു. അതിനാൽ ഉള്ളിലേക്ക് കയറുമ്പോൾ പരമാവധി വിശാലത അനുഭവപ്പെടുന്നുണ്ട്. മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. കണ്ണിൽ തറയ്ക്കുന്ന നിറങ്ങളോ ആടയാഭരണങ്ങളോ ഇല്ല. ചുവരുകൾ ഇഷ്ടികയുടെ തനതുഭംഗിയിൽ നിലനിർത്തി.മേൽക്കൂര പെയിന്റ് ചെയ്യാതെ സിമന്റ് ഫിനിഷിൽ നിലനിർത്തി.

brick-house-tvm-dine

ലിവിങ്ങിൽനിന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റുള്ള ഡൈനിങ്ങിലേക്കാണ്. ഇത് കൂടുതൽ വിശാലത ലഭിക്കാൻ ഉപകരിക്കുന്നു. കൂടാതെ ഇരുനിലകളെയും ബന്ധിപ്പിക്കാനും ഡബിൾഹൈറ്റ്  ഉപകരിക്കുന്നു.

brick-house-tvm-overview

താഴത്തെ ഹൈലൈറ്റ് കോർട്യാർഡാണ്. വീട്ടിലേക്ക് കയറുമ്പോൾ ആദ്യം നോട്ടം പതിയുന്നതും ഇവിടേക്കാണ്. സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിലേക്ക് വിരുന്നെത്തുന്നു. ഇതിന്റെ വശങ്ങളിൽ ഇരിപ്പിടവുമുണ്ട്. സ്‌റ്റെയറുമായി മെർജ് ചെയ്താണ് കോർട്യാർഡ്. സ്റ്റെയർ പടികൾ കോർട്യാർഡിന്റെ ഭാഗമാക്കി സ്ഥലം ഉപയുക്തമാക്കി.

brick-house-tvm-court

ഡൈനിങ് -കിച്ചൻ ഓപ്പൺ നയത്തിലാണ്. ഡൈനിങ്ങിൽനിന്ന് രണ്ടുപടി താഴെയാണ് കിച്ചന്റെ സ്ഥാനം. പ്ലൈവുഡ് കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

brick-house-tvm-kitchen

സ്ഥലപരിമിതിക്കുള്ളിൽനിന്ന് കിടപ്പുമുറികൾ പരമാവധി വിശാലമാക്കാൻ ശ്രമിച്ചിട്ടുണ്ട്. വാക്-ഇൻ വാഡ്രോബിനൊപ്പം സ്റ്റഡി ഏരിയയും ഉൾക്കൊള്ളിക്കാനായി. മുകളിലെ കിടപ്പുമുറിയിൽനിന്ന് ജാളികളുള്ള ക്ളോസ്ഡ് ബാൽക്കണിയിലേക്കിറങ്ങാം.

brick-house-tvm-bed

ഞാൻ ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നു. ഹോബിയായി മൃദംഗവായനയുമുണ്ട്. വീടിനു 'താളം' എന്നുപേരിട്ടതും അതുകൊണ്ടാണ്. പാലുകാച്ചൽ കഴിഞ്ഞു വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിലിട്ടപ്പോൾ നിരവധി ആളുകളാണ് ലൈക്കും  കമന്റുകളുമായി എത്തിയത്. ഏതായാലും 'ഉള്ളതുകൊണ്ട് ഓണംപോലെ' ഒരു വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.

Project facts

Location- Trivandrum

Plot- 7 cent

Area- 1260 Sq.ft

Owner- Roopesh & Meera

Architect- Srijit Srinivas

Srijit Srinivas Architects, Trivandrum

Mob- 9447092404

Y.C- 2022

English Summary- Sustainable Brick House in Narrow Plot; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com