ADVERTISEMENT

തൃശൂർ മാമ്പുള്ളിയിലുള്ള സജീഷിന്റെയും കുടുംബത്തിന്റെയും വീട് കൗതുകമുള്ള രൂപഭംഗി കൊണ്ട് ശ്രദ്ധ നേടുകയാണ്. L ആകൃതിയിലുള്ള 15.5 സെന്റ് പ്ലോട്ടിന്റെ വെല്ലുവിളികളെ മറികടന്നാണ് ഈ വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിൽ പടിഞ്ഞാറുഭാഗത്തുള്ള ആൽമരത്തെ സംരക്ഷിച്ച് അവിടേക്ക് ദർശനം ലഭിക്കുംവിധമാണ് വീട് ചിട്ടപ്പെടുത്തിയത്. അതിനാൽ ഗെയ്റ്റിൽനിന്നും പ്ലോട്ടിനകത്തുനിന്നും വ്യത്യസ്തമായ കാഴ്ചകളാണ് വീടിനുലഭിക്കുക.

simple-house-thrisur-elevation

പോർച്ച്, സിറ്റൗട്ട്, ലിവിങ് , ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു  കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, സ്റ്റഡി ഏരിയ എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പുറമെ നോക്കുമ്പോൾ ഇരുനിലയുടെ തലപ്പൊക്കം തോന്നുമെങ്കിലും ഒരുനില വീടാണിത്. പോർച്ചിനു മുകളിലുള്ള മെസനൈൻ ഫ്ലോറിലാണ് ഗസ്റ്റ് ബെഡ്‌റൂം ചിട്ടപ്പെടുത്തിയത്.

simple-house-thrisur-banyan-tree

ആൽമരത്തിന്റെ കുളിരും തണലും ആസ്വദിക്കാനായി ഇവിടെ ഇൻബിൽറ്റ് ഇരിപ്പിടങ്ങളുമുണ്ട്. സമീപത്തെ ലിവിങ്ങിലെ ജനാല വൃത്താകൃതിയിൽ ഷേഡ് നിർമിച്ച് ബേവിൻഡോ പോലെയാക്കിയതും കൗതുകകരമാണ്. ഭിത്തി ഒഴിവാക്കി പില്ലറുകൾ നിലനിർത്തി മുൻവശത്തെ സ്‌പേസ് പോർച്ച് ആക്കിയെടുത്തു.

simple-house-thrisur-living

ഫ്ലോട്ടിങ് ശൈലിയിലാണ് ചെറിയ സിറ്റൗട്ടും. നിയതമായ സ്‌പേസിനുപകരം വീട്ടിലേക്ക് കയറുന്ന മൂന്നാമത്തെ പടിതന്നെ സിറ്റൗട്ടായി മാറുന്നവിധമാണ് ക്രമീകരണം.

simple-house-thrisur-formal

മിനിമൽ ശൈലിയുടെ ഭംഗിയാണ് വീടിനകത്തേക്ക് കയറുമ്പോൾ ബോധ്യമാവുക. അനാവശ്യ ഗിമ്മിക്കുകളോ ആടയാഭരണങ്ങളോ ഒന്നും ഉള്ളിലില്ല. വെള്ള നിറത്തിന്റെ തെളിമയാണ് ചുവരുകളിൽ പ്രതിഫലിക്കുന്നത്. പരസ്പരം വിനിമയം ചെയ്യുമ്പോൾത്തന്നെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഓരോയിടത്തിനും വ്യക്തിത്വവും ഉപയുക്തതയും കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു.

simple-house-yard

ഡബിൾഹൈറ്റിലാണ് ലിവിങ്. എതിർവശത്ത് സ്‌റ്റെയറിൽ ടിവി യൂണിറ്റും സജ്ജീകരിച്ചു.

simple-house-gate

അകത്തളത്തിലെ ഹൈലൈറ്റ് കോർട്യാർഡ് സ്‌പേസാണ്. ഇവിടെ വശത്ത് ബ്രിക്ക് കൊണ്ട് എയർ ഹോളുകളോടെ നിർമിച്ച ഭിത്തിയുണ്ട്. കൂടാതെ സ്‌കൈലൈറ്റ് സീലിങ്ങുമുണ്ട്. അങ്ങനെ കാറ്റും വെളിച്ചവും ഇവിടെ സമ്മേളിക്കുന്നു. പകൽസമയത്ത് ഇവിടെ ലൈറ്റോ ഫാനോ ഇടേണ്ടകാര്യമില്ല.

simple-house-thrisur-court

സെമി ഓവൽ ആകൃതിയിലുള്ള കോംപാക്ട് ഡൈനിങ് ടേബിളാണ് മറ്റൊരു താരം. ഒരുവശം ചെറിയ ബെഞ്ചും മറുവശം കുഷ്യൻ സീറ്റിങ്ങും സജ്ജീകരിച്ചു.

simple-house-thrisur-dine

യെലോ പെയിന്റ് അടിച്ചാണ് സ്‌റ്റെയർ ഭിത്തി ഹൈലൈറ്റ് ചെയ്തത്. എംഎസിലാണ് കൈവരികൾ.

simple-house-thrisur-bed

ലളിതവും ഉപയുക്തവുമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവ സജ്ജീകരിച്ചു.

എല്ലാം കയ്യകലത്തിൽ ലഭിക്കുന്ന കോംപാക്ട് കിച്ചനാണ് ഇവിടെ. അനുബന്ധമായി വർക്കേരിയയുമുണ്ട്.

simple-house-banyan-tree

വീടിനുള്ളിൽ സദാനിറയുന്ന പോസിറ്റീവ് എനർജി തങ്ങളുടെ ജീവിതത്തിലും സന്തോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആൽമരവീട് (Banyan Tree House) എന്നാണ് ഡിസൈനർമാർ ഈ വീടിനു നൽകിയ പേര്.

 

Project facts

simple-house-thrissur-plan

Location- Mampully, Thrissur

Plot- 15.5 cents

Area- 2000 Sq.ft

Owner- Sajeesh & Dhanya

Architect- Shammi A Shareef

Tales of Design, Perinthalmanna 

Mob- 8943333118

Y.C- 2022

English Summary- Simple Elegant House Thrissur- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com