ADVERTISEMENT

തിരുവനന്തപുരം ആറ്റിങ്ങലിൽ സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ ഉടമ പങ്കുവയ്ക്കുന്നു.

വർഷങ്ങളായി മനസ്സിൽ താലോലിച്ച സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. വർഷങ്ങൾ മനസ്സിലിട്ട് പരുവപ്പെടുത്തിയതുമൂലം എങ്ങനെയുള്ള വീടാണ് വേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അങ്ങനെയാണ് ആർക്കിടെക്ടിനെ ഏൽപ്പിക്കാതെ വീട് സ്വയം രൂപകൽപന ചെയ്യാൻ തീരുമാനിച്ചത്. ഡിസൈൻ ചെയ്തശേഷം അനുമതിക്കായി അളവുകൾ കൃത്യമാക്കാൻ മാത്രം ലൈസൻസ്ഡ് എൻജിനീയറുടെ സഹായംതേടി. വീടിന്റെ ഇന്റീരിയർ ഡിസൈനും ഞാൻ തന്നെയാണ് ചെയ്തത്.

self-design-home-tvm-living

വീതി കുറഞ്ഞ് നീളത്തിലുള്ള പ്ലോട്ടിന് അനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. കൊളോണിയൽ തീമിലാണ് എലിവേഷൻ. ഫ്ലാറ്റ് വാർത്ത് ട്രസ് ചെയ്ത് ഷിംഗിൾസ് വിരിച്ചു. എലിവേഷൻ ഹൈറ്റ് കുറവായതിനാൽ രണ്ടുനിലയെങ്കിലും ഒരുനിലയുടെ ഒതുക്കം അനുഭവപ്പെടും.

self-design-home-tvm-formal

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്ക് ഏരിയ, മൂന്ന് കിടപ്പുമുറികള്‍, ഹോംതിയറ്റര്‍, വര്‍ക്കിങ് സ്‌പേസ് എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഇടുങ്ങിയ പ്ലോട്ടിൽ പരമാവധി വിശാലത ലഭിക്കാൻ ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്.

self-design-home-tvm-dine

ലിവിങ്- ഡൈനിങ്- കിച്ചൻ സ്‌പേസുകളെല്ലാം പരസ്പരം വിനിമയം ചെയ്യുന്നുണ്ട്.  വീട്ടുകാർ തമ്മിൽ കൂടുതൽ ആശയവിനിമയവും ഇഴയടുപ്പവും ഉണ്ടാകണമെന്ന ആഗ്രഹത്തിനാലാണ് മൂന്നു കിടപ്പുമുറികളും താഴത്തെ നിലയിൽ തന്നെ ഒരുക്കിയത്.

self-design-home-tvm-dining

ഭൂരിഭാഗം ഫർണിച്ചറുകളും ഞാൻ തന്നെ ഡിസൈൻ കൊടുത്ത് സ്റ്റീൽ ഫ്രയിമിലാണ് നിർമിച്ചത്. തടി കുറച്ചത് ഫർണിഷിങ് ചെലവുകളും കുറയ്ക്കാൻ സഹായിച്ചു. ഡിജിറ്റൽ ടൈലാണ് നിലത്തുവിരിച്ചത്. ഫാൻസി ലൈറ്റുകൾ കൂടുതലും ഓൺലൈനിലൂടെ ലാഭത്തിൽ വാങ്ങി.

മുകൾനിലയിലേക്ക് അകത്തുനിന്നും പുറത്തുനിന്നും സ്‌റ്റെയറുണ്ട്. ജിഐ ഫ്രയിമിൽ തടി പാകിയാണ് സ്റ്റെയർ നിർമിച്ചത്. ഡബിൾഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റുമുണ്ട്. ഇതുവഴി നാച്ചുറൽ ലൈറ്റ് വീടിനുള്ളിൽ നിറയുന്നു.

self-design-home-tvm-stairs

ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചനാണ്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. ഫെറോസിമന്റ് സ്ലാബിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി. 

self-design-home-tvm-kitchen

കിടപ്പുമുറിയിൽ ബേവിൻഡോകളുണ്ട്. ഇവിടെ ഇരുന്ന് എഴുതുകയോ വായിക്കുകയോ ഒക്കെ ചെയ്യാം. വേറെ ഫർണിച്ചറിന്റെ ആവശ്യമില്ല.

self-design-home-tvm-bed

ബാങ്കിലാണ് ജോലിയെങ്കിലും സിനിമ എന്റെ ജീവനാണ്. സഹസംവിധായകനായി പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് സ്വന്തമായി വീടുപണിയുമ്പോൾ സിനിമയ്ക്കായി ഒരിടം ഉണ്ടാകണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. അത് സഫലമാക്കാനായി. മുകൾനിലയിൽ ഡോൾബി ശബ്ദമികവിൽ ഹോം തിയറ്റർ ഒരുക്കി. ഇതുകൂടാതെ ഒരു മൾട്ടി-യൂട്ടിലിറ്റി സ്‌പേസുമാണ് മുകൾനിലയിലുള്ളത്.

self-design-home-tvm-night

അങ്ങനെ വർഷങ്ങളുടെ അധ്വാനത്തിനും കാത്തിരിപ്പിനുശേഷം ഇക്കഴിഞ്ഞ ജൂലൈയിൽ ഞങ്ങളുടെ സ്വപ്നം സഫലമായി. 'സദ്ഗമയ' എന്നാണ് വീടിനിട്ട പേര്.

 

Project facts

Location- Attingal, Trivandrum

Plot- 15 cent

Area- 2700 Sq.ft

Owner, Design- Anuseelan

Mob- 7012711324

Plan, Supervision- Hari V

Y.C- 2022 July

English Summary- Owner Self Designed House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com