മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീടിനെ പൊളിച്ചെഴുതിയ കഥയാണിത്. വിനായക് വിജയ്, താന്‍ ജനിച്ചു വളര്‍ന്ന 35 വർഷം പഴക്കമുള്ള വീട് പുതുക്കിപണിയാന്‍ തീരുമാനിക്കുമ്പോള്‍ ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. രണ്ടുകിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ മാത്രമുള്ള ഒരുനില വാർക്കവീടായിരുന്നു ഇവിടെ. പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് അടിസ്ഥാന സ്ട്രക്ചർ നിലനിർത്തിക്കൊണ്ട് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
ഇടുങ്ങിയ അകത്തളങ്ങൾ കൂട്ടിച്ചേർത്ത് വിശാലമാക്കിയും മുകളിലേക്ക് മുറികൾ കൂട്ടിച്ചേർത്തും വീടിനെ വിപുലമാക്കി. ഏറ്റവും വലിയ ഹൈലൈറ്റ് പുറമേകണ്ടാൽ ഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുകയേയില്ല എന്നതാണ്.

വീടിന്റെ മുൻവശത്തെ ഡബിൾഹൈറ്റ് സിമന്റ് ജാളിയാണ് പുറംകാഴ്ചയിലെ താരം. പുറത്തുനിന്നുള്ള കാഴ്ചകൾ മറയ്ക്കുകയും, എന്നാല്‍ ഉള്ളിലുള്ളവര്‍ക്ക് പുറംകാഴ്ചകളും കാറ്റും വെളിച്ചവും ആസ്വദിക്കാനുമാകുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.

അകത്തേക്ക് കയറിയാൽ പഴയ ഇടങ്ങളും പുതിയ ഇടങ്ങളും തമ്മിൽ തിരിച്ചറിയാനാകില്ല. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റ് സജ്ജീകരിച്ചു. ഫർണിച്ചറുകൾ മനോഹരമായി കസ്റ്റമൈസ് ചെയ്തു.
ഡൈനിങ് ഹാൾ മുതലാണ് എക്സ്റ്റൻഷൻ തുടങ്ങുന്നത്. ഡൈനിങ്ങിന്റെ ഭിത്തി ക്ലാഡിങ് ടൈൽ പതിച്ച് ഹൈലൈറ്റ് ചെയ്തു. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് ടേബിൾ സെറ്റ് തേക്കിൽ പണിതെടുത്തതാണ്.

ഇവിടെ പുതുതായി നിർമിച്ച സ്‌റ്റെയറിനു താഴെ ഒരു കൊയ് ഫിഷ് പോണ്ട് വേർതിരിച്ചു. സമീപം വാഷ് ഏരിയ ക്രമീകരിച്ചു.
ഡൈനിങ്ങിലെ ഒരു ഭിത്തി ഫോട്ടോ വോളാക്കിമാറ്റി. ഡൈനിങ്ങിലെ ഒരു ഭിത്തി ഫോട്ടോ വോളാക്കിമാറ്റി. വീട്ടുകാരുടെ പഴയ അരുമനായയുടെ ഓർമകളടക്കം ഇവിടെ ചിത്രങ്ങളായി നിറയുന്നു.

പഴയ വിറകടുപ്പ് ഉണ്ടായിരുന്ന അടുക്കള, ഇലക്ട്രിക് ചിമ്മിനി നൽകി മോഡേണാക്കി പരിഷ്കരിച്ചു. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ടിവി യൂണിറ്റും ഇവിടെയൊരുക്കി. അനുബന്ധമായി വർക്കേരിയയിൽ വാഷിങ് മെഷീനും ഇടംനൽകി.

പഴയ കിടപ്പുമുറികൾ കാലോചിതമായി പരിഷ്കരിച്ചു. മാസ്റ്റർ ബെഡ്‌റൂമിൽ ബേവിൻഡോയുള്ള കബോർഡ് യൂണിറ്റൊരുക്കി.

മുകൾനിലയിലാണ് വിനായകിന്റെ കിടപ്പുമുറി. ഇതിനോട് അനുബന്ധിച്ചാണ് മുൻവശത്തെ ഹൈലൈറ്റായ ജാളി ഭിത്തിയും ബാൽക്കണിയുമുള്ളത്. വീട്ടിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നും ഇവിടമാണ്. ബാൽക്കണിയിലെ സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തും.

റീസ്ട്രക്ചറിങ്ങും ഫർണിഷിങ്ങും ഉൾപ്പെടെ 35 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാനായി എന്നതാണ് ഹൈലൈറ്റ്. ബജറ്റ് ടൈറ്റ് ഉള്ളവർ പഴയവീട് പൊളിച്ചുകളയാതെ നവീകരിച്ചാൽ ചെലവ് കുറയ്ക്കാം. എന്നാൽ സ്ട്രക്ചറിന് വേണ്ട ബലമുണ്ടോ എന്നതടക്കം പരിശോധനകൾ നടത്തിയശേഷമേ റെനോവേഷനിലേക്ക് പോകാവൂ..വിനായക് പറയുന്നു.

Project facts
Location- Ammannada, Kollam
Area- 900 Sq.ft (old) 2400 Sq.ft (New)
Owner, Architect- Vinayak Vijay
Coax Architects and builders
Mob- +91 6282 521 445
Budget- 35 Lakhs
Y.C- 2022
English Summary- Architect Own Renovated House- Swapnaveedu Video