ADVERTISEMENT

ചാലക്കുടിക്കടുത്ത് മേലടൂരാണ് പ്രവാസിയായ ജോയിയുടെയും കുടുംബത്തിന്റെയും പുതിയവീട്. ബഹ്റൈനിലുള്ള ഗൃഹനാഥനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കാത്ത, പരിപാലനം എളുപ്പമുള്ള, നാട്ടിൽ വരുമ്പോൾ ചൂടില്ലാതെ കുളിർമയുള്ള അന്തരീക്ഷം പ്രദാനംചെയ്യുന്ന വീട്  എന്നതായിരുന്നു ആവശ്യം. അങ്ങനെയാണ് പ്രകൃതി സൗഹൃദ നിർമിതിയുടെ പ്രചാരകരായ കോസ്റ്റ് ഫോഡിലെ ഡിസൈനർ ശാന്തിലാലിനെ സമീപിക്കുന്നത്.

meladoor-house-side

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ചേരുംവിധമാണ് ചരിഞ്ഞ മേൽക്കൂരയുള്ള എലിവേഷൻ ചിട്ടപ്പെടുത്തിയത്. നിരവധി പരിസ്ഥിതിസൗഹൃദ മാതൃകകൾ ഇവിടെ അവലംബിച്ചു. തറപണിതത് കരിങ്കല്ലിലാണ്. അതിൽ കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. വെട്ടുകല്ലുകൊണ്ടാണ് ചുവർ കെട്ടിയത്. മണ്ണും ശർക്കരയും കടുക്കയുമെല്ലാം കൂട്ടിക്കുഴച്ചാണ് ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്തത്. മണ്ണും കുമ്മായവും ചേർത്ത മിശ്രിതം കൊണ്ടാണ് പെയിന്റിങ് ചെയ്തത്. വീടിനുള്ളിൽ എർത്തി ടോൺ ലഭിക്കാനും ചൂടുകുറയ്ക്കാനും ഇതുപകരിക്കുന്നു. ഓട് വച്ചുവർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് താഴത്തെ നിലവും മേൽക്കൂരയും വാർത്തത്.

meladoor-house-elevation

പൂമുഖം, ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം.

meladoor-house-yard

പരസ്പരം വിനിമയം ചെയ്യുന്ന വിധമാണ് അകത്തളങ്ങൾ. ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവയെല്ലാം വേർതിരിവുകളില്ലാതെ ബന്ധപ്പെട്ടുകിടക്കുന്നു.

meladoor-house-dine

നടുമുറ്റമാണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇതിനുചുറ്റുമാണ് ഓപ്പൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. മഴയും കാറ്റും വെയിലും ഉള്ളിലെത്തുന്ന തുറന്ന മേൽക്കൂരയാണ് നടുമുറ്റത്തിന്. വീടിനുള്ളിലെ ചൂടുവായു ഇതുവഴി പുറത്തേക്ക് പോകുന്നു. നടുമുറ്റം ഒരു വാട്ടർബോഡിയായും മാറ്റാം. നടുമുറ്റത്തിന്റെ നാലുചുവരുകളും വെട്ടുകല്ലും തടിയും ഉപയോഗിച്ച് പാനലിങ് ചെയ്തു കമനീയമാക്കി.

meladoor-house-court

നടുമുറ്റത്തിനു സമീപമുള്ള ഭിത്തി ക്ലാഡിങ്ങും പാനലിങ്ങും ചെയ്ത് വേർതിരിച്ച് പ്രെയർ സ്‌പേസാക്കിമാറ്റി.

meladoor-house-living

സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം എളുപ്പമാക്കുന്ന ഒതുങ്ങിയ കിച്ചനാണ് ഒരുക്കിയത്.

meladoor-house-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 44 ലക്ഷം രൂപയാണ് ചെലവായത്. നാലുവർഷമെടുത്ത് ഘട്ടംഘട്ടമായാണ് വീടുപണി പൂർത്തിയാക്കിയത്. 2018 ലാണ് വീടുപണി തുടങ്ങിവച്ചത്. പിന്നീട് ഓരോതവണയും ജോയിയും കുടുംബവും നാട്ടിലെത്തുന്ന മുറയ്‌ക്കാണ്‌ അടുത്ത പണികൾ പുരോഗമിച്ചത്. ഇതുമൂലം ഈ കാലയളവിൽ നിർമാണസാമഗ്രികൾക്ക് ഉണ്ടായ വിലക്കയറ്റം ബജറ്റിലും അധികരിച്ചിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ 2800 ചതുരശ്രയടിയുള്ള ഒരു കോൺക്രീറ്റ് വീട് പണിയാൻ കുറഞ്ഞത് 60 ലക്ഷമെങ്കിലുമാകും എന്നോർക്കണം.

meladoor-house-bed

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ജോയിക്ക്. മക്കളുടെ ഉപരിപഠനാർത്ഥം താമസിയാതെ നാട്ടിൽ സെറ്റിൽ ചെയ്യാനാണ് പദ്ധതി. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ മണ്ണിന്റെ മണവും കുളിർമയും എന്നാൽ പുതിയകാല സൗകര്യങ്ങളുമുള്ള വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പി.

 

Project facts

Location- Meladoor, Chalakkudi

Owner- Joy

Area- 2800 Sq.ft

Designer- Santilal 

Costford Triprayar Center, Thrissur 

Ph : 9747538500

Y.C- 2022

English Summary- Eco friendly Cost Effective House- Costford Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT