മലപ്പുറം ജില്ലയിലെ പുളിക്കലാണ് പ്രവാസിയായ ഷമീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നു കിടന്ന പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീടുപണിതത്.
സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ. എലിവേഷനിലെ ഘടകമായ ബാൽക്കണിയിൽ നിന്നാൽ പരിസരക്കാഴ്ചകൾ ആസ്വദിക്കാം. നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പില്ലറിലൂടെ ഇവിടെ സ്വകാര്യത ഉറപ്പാക്കി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്.

കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ ലഭിക്കണമെന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരം ഓപ്പൺ നയത്തിൽ ധാരാളം വെന്റിലേഷൻ കൊടുത്താണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്.

ടെക്സ്ചർ പെയിന്റ് ചെയ്താണ് ഒതുങ്ങിയ സിറ്റൗട്ടിലെ ഭിത്തികൾ ഹൈലൈറ്റ് ചെയ്തത്. പ്രധാന വാതിൽ തുറന്നുകയറുമ്പോൾ വലതുവശത്ത് ഫോർമൽ ലിവിങ് വേർതിരിച്ചു. ഇവിടെ ടിവി യൂണിറ്റുമുണ്ട്.

പ്രധാന ഡൈനിങ് കൂടാതെ കിച്ചനോട് അനുബന്ധമായി ഫാമിലി ഡൈനിങ്ങുമുണ്ട്.

വുഡൻ പാനലിങ് ചെയ്ത പടവുകളുള്ള സ്‌റ്റെയർ മറ്റൊരു ഹൈലൈറ്റാണ്. വുഡ്+ ഗ്ലാസ് കോംബിനേഷൻ കൈവരികൾ മുകൾനിലയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നുണ്ട്.
U ഷേപ്ഡ് കിച്ചനാണ് ഇവിടെ. പ്ലൈവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. ബാക്സ്പ്ലാഷിൽ ഗ്ലോസി ഫിനിഷ് ടൈൽസ് ഒട്ടിച്ചുഭംഗിയാക്കി. കലിംഗ സ്റ്റോണാണ് കൗണ്ടറിൽ.

നാലുകിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്. ഹെഡ്‌സൈഡ് വോൾ, പാനലിങ് എന്നിവയിലെ വ്യത്യസ്ത കളർതീമിലൂടെയാണ് മുറികളിൽ മാറ്റംകൊണ്ടുവന്നത്.

ചുരുക്കത്തിൽ, പ്രവാസജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- Pulikkal, Malappuram
Plot- 11 cent
Owner- Shameer
Design- Salmanul Faris
Inspace Designers & Engineers
Mob- 9656477129
Y.C- 2022
English Summary- Contemporary Minimal Design House-Veedu Magazine Malayalam