ഒടുവിൽ സ്വപ്നസാഫല്യം! ഇവർക്കിനി സ്വയം പണിത വീടിന്റെ തണലുണ്ട്; വിഡിയോ
Mail This Article
കഴിഞ്ഞ വർഷം നവംബറിൽ, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പണിക്കാരില്ലാതെ വീട്ടുകാർ തനിയെ പണിയുന്ന വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. മൂന്ന് മാസങ്ങൾക്കിപ്പുറം ആ വീട്ടിൽ ആ ദമ്പതികൾ താമസം തുടങ്ങി.
മനോരമ സ്വപ്നവീടിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും തങ്ങളുടെ ദുരവസ്ഥ കണ്ട് ധാരാളമാളുകൾ സഹായിച്ചുവെന്ന് ഇവർ പറയുന്നു. വിഡിയോ കണ്ട് ഫർണിഷിങ്ങിന് വേണ്ട ടൈൽ, തടി, ബാത്റൂം ഫിറ്റിങ്സ് അനുബന്ധ സാമഗ്രികൾ, ചെറിയ സാമ്പത്തിക സഹായം എന്നിവ ലഭിച്ചുവെന്ന് ഇവർ നന്ദിയോടെ പറയുന്നു.
ഇനി കറണ്ട് കണക്‌ഷൻ കൂടി ലഭിക്കാനുണ്ട്. അതോടെ ഇവരുടെ ജീവിതത്തിലേക്ക് പ്രകാശം വിരുന്നെത്തും. സഹായിച്ച എല്ലാ സുമനസ്സുകൾക്കും ഇവർ നന്ദി പറയുന്നു.
ആ കഥ ഇങ്ങനെ...
'വിയർപ്പിന്റെ മണമുള്ള വീട്'- 65 കാരനായ വിക്രമൻ പിള്ളയും 58 വയസുള്ള ഭാര്യ മണിയും പണിതുയർത്തിയ ഈ വീടിന് ഇതിനേക്കാൾ നല്ലൊരു വിശേഷണം കാണില്ല. ലൈഫ് പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു വസ്തു വാങ്ങി വീട് വയ്ക്കുന്ന പദ്ധതിയിലാണ് ഇവരെ ഉൾപ്പെടുത്തിയത്. വസ്തുവിന് 2 ലക്ഷം രൂപയും വീടിന് 4 ലക്ഷം രൂപയുമാണ് പദ്ധതിയിൽ അനുവദിച്ചത്. നിർമാണസാമഗ്രികൾക്ക് തീവിലയുള്ള ഈ കാലത്ത് 4 ലക്ഷം കൊണ്ട് വീട് പൂർത്തിയാകില്ലെന്ന തിരിച്ചറിവിലാണ് പണിക്കാരെ വയ്ക്കാതെ ദമ്പതികൾ തന്നെ വീട് പണിയാനിറങ്ങിയത്. 40 വർഷം മേസ്തിരിപ്പണി ചെയ്തതിന്റെ ആത്മവിശ്വാസമായിരുന്നു വിക്രമൻ പിള്ളയുടെ കൈമുതൽ. തൊഴിലുറപ്പിനു പോയുള്ള അനുഭവപരിചയം മാത്രമുള്ള മണിയും ഭർത്താവിനൊപ്പം കട്ടയ്ക്കുനിന്നു.
രണ്ടു കിടപ്പുമുറി, ബാത്റൂം, ഹാൾ, അടുക്കള എന്നിവയാണ് പ്ലാനിൽ ഉണ്ടായിരുന്നത്. ഇവരുടെ ആഗ്രഹപ്രകാരം ഒരു സിറ്റൗട്ട് കൂട്ടിച്ചേർത്തു. 420 ചതുരശ്രയടിയാണ് വിസ്തീർണം.
സമീപത്തൊന്നും വീടോ കിണറോ ഇല്ലാത്തതുകൊണ്ട് മഴവെള്ളത്തെ ആശ്രയിച്ചായിരുന്നു പണി പുരോഗമിച്ചത്. ഇതിനായി സെപ്റ്റിക് ടാങ്കിനായി തയാറാക്കിയ കുഴിയിൽ മഴവെള്ളം ശേഖരിച്ചു. ഇപ്പോൾ പുതിയ കിണർ കുഴിച്ചു. ധാരാളം വെള്ളമുണ്ട്.
വാനമെടുപ്പ് മുതൽ വാർപ്പുവരെ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ചെയ്തതെന്ന് പറഞ്ഞിട്ടും പലരും ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇനിയും തൊഴിലുറപ്പിനു പോകണം. ചേട്ടൻ മേസ്തിരിപ്പണിക്കും പോകും. കയറിക്കിടക്കാൻ ഒരു വീടായല്ലോ എന്ന ആശ്വാസമാണ് ഞങ്ങളുടെ സന്തോഷം. ഇവർ പറയുന്നു.
Mob: 7012522039
English Summary- Kalanjoor Couples Self made House Finished- Impact Story