സാധാരണ നമ്മുടെ നാട്ടിൽ വീടുവച്ചശേഷമാണ് പൂന്തോട്ടം ഒരുക്കുന്നത്. എന്നാൽ പൂന്തോട്ടം വിശാലമായി ഒരുക്കിയശേഷം ചെറിയവീടുപണിത അനുഭവങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

കോവിഡ് കാലമാണ് ഞങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിയത്. ഞങ്ങൾ ആ സമയത്ത് ഫ്ലാറ്റ്‌വാസികളായിരുന്നു. ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടുന്നതുപോലെതോന്നി. ആകെയുള്ള ആശ്വാസം ബാൽക്കണിയായിരുന്നു.

അങ്ങനെയാണ് കുറച്ച് സ്ഥലമുള്ള വീട് വേണമെന്ന് തോന്നിയത്. മക്കൾ കുടുംബമായി വിദേശത്താണ്. അതിനാൽ വലിയ വീടുവേണ്ട. ഞങ്ങൾ രണ്ടുപേർക്ക് സന്തോഷമായി കഴിയാനുള്ള ഇടംമതി.

അങ്ങനെയാണ് 8 സെന്റ് സ്ഥലം വാങ്ങിയത്. ഫ്ലാറ്റ് ജീവിതത്തിന്റെ കേടുപാടുകൾ തീർക്കാനായിരുന്നു മുൻഗണന. അങ്ങനെ ചുറ്റിലും പച്ചപ്പ് നിറയ്ക്കാൻ തുടങ്ങി.

ഞാൻ യോഗ അധ്യാപകനാണ്. വിദേശത്ത് ധാരാളം ശിഷ്യസമ്പത്തുണ്ട്. അങ്ങനെ ജർമൻകാരി ലാൻഡ്സ്കേപ് ആർക്കിടെക്ട് ശിഷ്യയാണ് വീടിന്റെ ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തത്. ഡിസൈനർ ഷേർഷായാണ് വീടും ചുറ്റുപാടും ഞങ്ങളുടെ ആഗ്രഹം പോലെ ഒരുക്കിനൽകിയത്.

ഇപ്പോൾ ഇവിടെയെത്തി ഗെയ്റ്റ് തുറന്നാൽ കല്ലുവിരിച്ച നടപ്പാതകളും പുൽത്തകിടിയും ഫലവൃക്ഷങ്ങളും മൽസ്യക്കുളവും ഇരിപ്പിടങ്ങളും എല്ലാമുണ്ട്. ഒരുവർഷത്തോളം ചെലവഴിച്ച് ഗാർഡൻ ഒരുക്കിയശേഷമാണ് വീടുപണി തുടങ്ങിയത്.

വെറും 550 ചതുരശ്രയടിയിലാണ് വീട്. വീട്ടിൽ എവിടെയിരുന്നാലും ഗാർഡന്റെ കാഴ്ചകൾ ലഭിക്കുംവിധമാണ് ക്രമീകരണം. ഓപ്പൺ ഹാളാണ് ഇതിൽ പ്രധാനം. ഇവിടെ ലിവിങ്, ഡൈനിങ്, മിനി കിച്ചൻ എന്നിവ വേർതിരിച്ചു. ഒരു കിടപ്പുമുറിയും ബാത്റൂമും അനുബന്ധമായുണ്ട്.

പച്ചപ്പിന്റെ കുളിർത്തണലിൽ ഇരുന്ന് പുസ്തകം വായിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ഒരു ഗസീബോയും ഇവിടെയുണ്ട്. ഞങ്ങൾക്ക് അനായാസം പരിപാലിക്കാൻ സാധിക്കും എന്നതാണ് വീട് ചെറുതാക്കിയതിന്റെ മറ്റൊരുഗുണം.
Project facts
Location- Chenkottukonam, Trivandrum
Area- 550 Sq.ft
Owner- Suresh Kumar
Design- Shershah
Nesteonhomes, Trivandrum
English Summary- Small House with Lush Garden; Veedu Magazine Malayalam