കൊല്ലം ജില്ലയിൽ നീണ്ടകരയിലാണ് അതുലിന്റെയും ഐശ്വര്യയുടെയും വീട്. ദമ്പതികളും ചെറിയ മകനും അടങ്ങുന്ന ചെറുകുടുംബത്തിന് അനുയോജ്യമായി നിർമിച്ച വീടാണിത്. മകനൊപ്പം വളർന്ന വീടാണിത് എന്ന് ഇവർ പറയുന്നു. മകൻ ജനിച്ചപ്പോൾ വീടുപണി തുടങ്ങി മകന് കൃത്യം ഒരുവയസ്സായപ്പോൾ ഗൃഹപ്രവേശം നടത്തി. വീട്ടുകാരിയുടെ അമ്മാവനാണ് ഡിസൈനർ. അതിനാൽ ആശയവിനിമയം എളുപ്പമായി എന്ന് വീട്ടുകാർ പറയുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ മാത്രമാണ് 1400 ചതുരശ്രയടി വീട്ടിലുള്ളത്. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് വിപുലീകരിക്കാൻ ഓപ്പൺ ടെറസും വിട്ടിട്ടുണ്ട്.

രണ്ടു വയസുള്ള മകന് ഓടിക്കളിക്കാൻ പാകത്തിൽ ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ ഇടങ്ങൾ തമ്മിൽ വിസിബിലിറ്റി ഉറപ്പാക്കിയിട്ടുണ്ട്. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഇവിടെനിന്ന് ഡൈനിങ് ഹാളിലേക്ക് കടക്കാം. ഇവിടെ വശത്തായി ഫാമിലി ലിവിങ്ങും ടിവി യൂണിറ്റും ക്രമീകരിച്ചു.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി സൈഡ് കോർട്യാർഡിലേക്ക് കടക്കാം. ഇവിടെ വശത്തെ മതിൽ ഉയർത്തിക്കെട്ടിയാണ് കോർട്യാർഡ് ഒരുക്കിയത്. മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. വൈകുന്നേരങ്ങൾ ചെലവഴിക്കാൻ വീട്ടുകാരിഷ്ടപ്പെടുന്ന ഇടമാണിത്.

പുതിയ കാലത്തിന്റെ തിരക്കിട്ട ജീവിതശൈലിക്ക് അനുയോജ്യമായി പരിപാലിക്കാൻ എളുപ്പമുള്ള കിച്ചനാണ്. ഡൈനിങ് പാർടീഷനിൽ ഹൈചെയറുകളിട്ട് ബ്രേക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ നിർമാണചെലവുകളുമായി താരതമ്യം ചെയ്താൽ ഇത് മൂല്യമുള്ള ബജറ്റാണ് എന്നുകാണാം.

Project facts
Location- Neendakara, Kollam
Plot- 10 cent
Area- 1400 Sq.ft
Owner- Athul, Aishwarya
Designer- Shyam
SR Associates
Budget- 30 Lakhs
Y.C- 2021
English Summary- Simple House for Small Family- Swapnaveedu Video