ADVERTISEMENT

പെരുമ്പാവൂരിനടുത്ത് പ്രളയക്കാടാണ് സന്തോഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥനും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്, അമിതസാമ്പത്തിക ബാധ്യത വരുത്താതെ പ്രകൃതിസൗഹൃദമായി പണിത, ചെറിയ വീട് വേണം എന്ന ആവശ്യമായിരുന്നു ഉണ്ടായിരുന്നത്. തൃപ്രയാർ കോസ്റ്റ്‌ഫോഡിലെ ഡിസൈനർ ശാന്തിലാലാണ് ഇവരുടെ ആഗ്രഹംപോലെ  വീട് രൂപകൽപന ചെയ്തത്.

eco-house-perumbavur-gate

വീടിന് രണ്ടു വ്യത്യസ്ത എലിവേഷൻ ഭംഗി ലഭിക്കുന്നുണ്ട്. റോഡിൽനിന്ന് വീടിന്റെ സൈഡ് വ്യൂവാണ് ലഭിക്കുക. മുറ്റത്തുനിന്ന് ഫ്രണ്ട് വ്യൂവും ലഭിക്കും. മുറ്റം ബേബിമെറ്റൽ വിരിച്ചു. വീട്ടുകാരുടെ ചെടികളോടുള്ള ഇഷ്ടത്തിന്റെ തെളിവായി വീടിനുചുറ്റും നിരവധി ചെടികൾ ഹാജരുണ്ട്. ചാരുപടികളോടുകൂടിയ നീളൻ പൂമുഖമാണ് ഇവിടെ അതിഥികളെ വരവേൽക്കുന്നത്.

eco-house-perumbavur-sitout

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുള്ള മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 2030 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇതിലൂടെ വിശാലതയും ക്രോസ് വെന്റിലേഷനും ലഭിക്കുന്നു.

eco-house-perumbavur-side

ഒരുനിലയിലെ ഇരുനില വീട്' എന്ന് ഇതിനെ വിശേഷിപ്പിക്കാം. കാരണം പുറംകാഴ്ചയിൽ ഒരുനിലയെന്ന് തോന്നുമെങ്കിലും മുകളിൽ വിശാലമായ ഒരു ഓപ്പൺ ഹാൾ ക്രമീകരിച്ചിട്ടുണ്ട്. സ്വന്തമായി പ്രിന്റിങ് പ്രസ് നടത്തുകയാണ് ഗൃഹനാഥൻ. അതിന്റെ ആവശ്യങ്ങൾക്കായാണ് മുകളിൽ യൂട്ടിലിറ്റി സ്‌പേസ് ഇവർ ആഗ്രഹിച്ചത് ഇത്  ലൈബ്രറി, ബെഡ് സ്‌പേസ്, വർക്കിങ് സ്‌പേസ് എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

eco-house-perumbavur-upper

താഴത്തെ നിലയിൽ വരാന്ത, പൂമുഖം ഒഴികെയുള്ള ഇടങ്ങൾ ഫില്ലർ സ്ലാബ് ശൈലിയിൽ ഓട് വച്ചുവാർത്തു.  സിമന്റിനു പകരം മഡ് പ്ലാസ്റ്ററിങ്ങാണ് ചെയ്തത്. മണ്ണ്, കുമ്മായം, ശർക്കര, കടുക്ക എന്നിവയുടെ മിശ്രിതമാണ് ചുവരുകൾ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചത്. അതിലൂടെ കോൺക്രീറ്റിന്റെ ഉപയോഗം നിയന്ത്രിക്കാനും ചെലവ് കുറയ്ക്കാനും സാധിച്ചു. മാത്രമല്ല നട്ടുച്ചയ്ക്കുപോലും ഉള്ളിൽ ചൂടില്ലാത്ത സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു.

eco-house-perumbavur-living

പറമ്പിൽ ഉണ്ടായിരുന്നതും പ്രാദേശികമായി വാങ്ങിയതുമായ മരങ്ങളാണ്  വാതിൽ, ജനൽ എന്നിവയ്ക്ക് ഉപയോഗിച്ചത്.

വെയിലും മഴയുമെല്ലാം ഉള്ളിലേക്കുന്ന തുറന്ന മേൽക്കൂര ഗ്രില്ലിട്ട് സുരക്ഷിതമാക്കി. ഒരു കൊച്ചുപച്ചത്തുരുത്താണ് കോർട്യാർഡ്. നിരവധി ഇൻഡോർ പ്ലാന്റുകൾ ഇവിടെ ഹാജരുണ്ട്. ചുവരിലെ മ്യൂറൽ പെയിന്റിങും ഭംഗിനിറയ്ക്കുന്നു. ഇവിടെ ആട്ടുകട്ടിലും ഇൻബിൽറ്റ് ബെഞ്ചുകളുമുണ്ട്.

eco-house-perumbavur-courtyard

മെറ്റൽ ഫ്രയിമിൽ നിർമിച്ച  സ്റ്റെയർ രണ്ടുകൈവരികളായി പിരിയുന്നുണ്ട്. ഒരെണ്ണം ലൈബ്രറിയിലേക്കും മറ്റേത് ഓപ്പൺ ഹാളിലേക്കും.

ഏഴടി ഉയരമുള്ള ചുവരുകളാണ് മുകൾനിലയിൽ. മേൽക്കൂര ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ചുവരുകൾ സോപാനം ശൈലിയിൽ സ്റ്റീൽ ഫ്രയിമിൽ ഗ്രില്ലുകൾ ചെയ്തിട്ടുണ്ട്.

eco-house-perumbavur-interior

27 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ചതുരശ്രയടിക്ക് വെറും 1330 രൂപ മാത്രമാണ് ഇവിടെ ചെലവായത് എന്നോർക്കണം. നിർമാണച്ചെലവുകൾ കത്തിക്കയറുന്ന ഈ കാലത്ത് പലയിടത്തും ഇത് ചതുരശ്രയടിക്ക് 2000-3000 രൂപയ്ക്ക് മുകളിലാണ് എന്നോർക്കണം.

eco-house-perumbavur-bed

ഒരു സാധാരണ കുടുംബത്തിന് അവരുടെ വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ വിജയം.

 

Project facts

Location- Pralayakkadu, Perumbavoor

Area- 2030 Sq.ft

Owner- Santhosh Kumar, Viji

Design- ShantiLal

Costford, Thriprayar

Budget- 27 Lakhs

Y.C- 2023

English Summary- Eco friendly Budget House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com