പുറംകാഴ്ച കണ്ടുവിലയിരുത്തരുത്: ഇത് ആകാംക്ഷ ഉണർത്തുന്ന വീട്

Mail This Article
'പുറംതാൾ നോക്കി പുസ്തകത്തെ വിലയിരുത്തരുത്' എന്ന ശൈലിയെ അന്വർഥമാക്കുന്നതാണ് ഈ വീടിന്റെ അനുഭവം. പത്തനംതിട്ട തിരുവല്ലയിലാണ് പ്രശാന്തിന്റെയും കുടുംബത്തിന്റെയും ഈ വെറൈറ്റി വീട്.

പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണ് ഈ ഭവനം നിർമിച്ചത്. മുന്നിൽ വീതികുറവും പിന്നിലേക്ക് വീതിയുമുള്ള പ്ലോട്ടിന് അനുസൃതമായാണ് വീട് ചിട്ടപ്പെടുത്തിയത്. പുറംകാഴ്ചയിൽ ചെറിയ ഒരു ഫ്ലാറ്റ് ബോക്സ് മാത്രമാണ് ദൃശ്യമാവുക. ബാക്കി ഭാഗങ്ങൾ പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറംകാഴ്ചയേക്കാൾ ജീവനുള്ള അകത്തളങ്ങൾ ചിട്ടപ്പെടുത്തുന്നതിലാണ് ഇവിടെ ശ്രദ്ധകേന്ദ്രീകരിച്ചത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. ഒരുകിടപ്പുമുറി, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി എന്നിവയാണ് മുകൾനിലയിലുള്ളത്. മൊത്തം 2750 ചതുരശ്രയടിയാണ് വിസ്തീർണം.

ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്ത ഭിത്തിയാണ് ഫോർമൽ ലിവിങ് അലങ്കരിക്കുന്നത്. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലെ മനോഹാരിത ആസ്വദിക്കാനാകും.

കോർട്യാർഡാണ് വീട്ടിലെ ആത്മാവ്. കോർട്യാർഡ് കം പൂളാണ് ഇവിടെയുള്ളത് എന്നതാണ് ഹൈലൈറ്റ്. മഴയും വെയിലും ഉള്ളിലെത്തുന്ന പച്ചപ്പിന്റെ തുരുത്താണ് ഈ കോർട്യാർഡ്.

മാർബിൾ ടോപ്പുള്ള ഡൈനിങ് ടേബിളും കസ്റ്റമൈസ്ഡ് ചെയറുകളുമാണിവിടെ. പൂൾ കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഡിസൈൻ.

വീട്ടിലെ മറ്റൊരു മനോഹരയിടം യൂട്ടിലിറ്റി സ്‌പേസാണ്. ഗ്ലാസ് സീലിങ്ങും ജാളി ഭിത്തിയും ആട്ടുകട്ടിലും നിലത്തുവിരിച്ച മൊറോക്കൻ ടൈൽസുമെല്ലാം ഇവിടം വീട്ടുകാരുടെ ഫേവറിറ്റ് കോർണറാക്കുന്നു.

സ്‌റ്റെയറിന്റെ ഡിസൈനിലുമുണ്ട് വ്യത്യസ്തത. മെറ്റൽ ഫ്രയിമിൽ തേക്കിന്റെ പലകവിരിച്ചാണ് പടവുകൾ. പെർഫെറേറ്റഡ് ഷീറ്റ് കൊണ്ടുള്ള കൈവരിയാണ് ഇവിടെ കൗതുകം. സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് സീലിങ്ങിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. ഇതൊരു 'ലൈറ്റ് വെൽ' ആയി വർത്തിക്കുന്നു.

ബാൽക്കണിയാണ് മറ്റൊരു മനോഹരയിടം. ഇവിടെനിന്ന് നേരെ പൂളിലേക്ക് നോട്ടമെത്തും. പെർഫെറേറ്റഡ് ഷീറ്റ് കൊണ്ടാണ് ബാൽക്കണിയുടെ കൈവരികളും. ഇൻഡോർ പ്ലാന്റുകളും ചെയറുകളും ഇവിടെ വിന്യസിച്ചു.

കാറ്റിനും വെളിച്ചത്തിനും സ്‌റ്റോറേജിനും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവ ഇവിടെയുണ്ട്. ഒരു കിടപ്പുമുറിയിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി മിനി കോർട്യാർഡിലേക്കിറങ്ങാം.

മറൈൻ പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനിൽ മധ്യത്തിലായി പാൻട്രി യൂണിറ്റുമുണ്ട്. ഫ്ലൂട്ടഡ് പാനലിങ് ചെയ്ത് ഭംഗിയാക്കി.

ചുരുക്കത്തിൽ മറ്റുള്ളവരെ കാണിക്കാൻവേണ്ടി എലിവേഷനിൽ അനാവശ്യ ആഡംബരം കാണിക്കാതെ ജീവസുറ്റ അകത്തളങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചു വിജയിച്ചു എന്നതാണ് ഈ വീടിന്റെ പ്ലസ് പോയിന്റ്. അകത്തളങ്ങളിൽ എപ്പോഴും നല്ല പോസിറ്റീവ് എനർജി അനുഭവവേദ്യമാകുന്നുവെന്ന് വീട്ടുകാരും പറയുന്നു.

Project facts
Location- Thiruvalla
Plot- 15 cent
Area- 2750 Sq.ft
Owner- Prasanth Nair
Architect- Gokul Mohan, Devi Nair
Aayu Design Studio, Thiruvalla
Y.C- 2023
English Summary- House with Positive Interiors- Veedu Magazine Malayalam