അടിമുടി പുതുമകൾ; ഇങ്ങനെയൊരു വീട് കേരളത്തിൽ അപൂർവം!
Mail This Article
കോട്ടയം കൊല്ലാട് ഭാഗത്തുകൂടി പോകുമ്പോൾ കൗതുകമുണർത്തുന്ന ഒരുനിർമിതി ശ്രദ്ധയിൽപെടും. ഒറ്റനോട്ടത്തിൽ 'ഇത് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്' എന്നൊരു സംശയം തോന്നാമെങ്കിലും ഇത് ഒന്നാന്തരമൊരു വീടാണ്. തിര പോലെ അടുക്കിവച്ചിരിക്കുന്ന ഇഷ്ടികകൊണ്ടുള്ള വലിയ ഭിത്തിയാണ് വീടിന്റെ ഹൈലൈറ്റ്. വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത് നിർമിച്ചത്.
പ്ലോട്ടിന്റെ കിടപ്പ്, കാറ്റിന്റെ ഒഴുക്ക്, പ്രകാശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. തീക്ഷ്ണമായ വെയിലിനെ തടയാനും കാറ്റ് കടത്തിവിടാനും അതിലുപരി വീടിനൊരു വ്യത്യസ്ത ലുക്ക് ലഭിക്കാനുമാണ് ഇപ്രകാരം ഭീമൻ ബ്രിക്ക് ഭിത്തി ഒരുക്കിയത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയുണ്ട്. മൊത്തം 2500 ചതുരശ്രയടിയാണ് വിസ്തീർണം.
ഗ്ലാസ് റൂഫിങ് ചെയ്ത പോർച്ചിൽനിന്ന് എക്സ്പോസ്ഡ് ബ്രിക്ക് വർക്ക് ചെയ്ത സിറ്റൗട്ടിലേക്ക് കയറാം.
ഡബിൾ ഹൈറ്റ് ഹാളിന്റെ ഭാഗമാണ് ലിവിങ്, ഡൈനിങ് ഏരിയകൾ. അതിനാൽ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.
തറയോടിന്റെ തണുപ്പ് ലിവിങ്ങിൽ അനുഭവിക്കാം, ലിവിങ്ങിന്റെ ഇരുവശങ്ങളിലും സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ കോർട്യാർഡിലേക്ക് കടക്കാം. വീടിനുള്ളിൽ ഹരിതാഭ നിറയ്ക്കുന്നത് ഈ കോർട്യാർഡുകളിലെ ഇൻഡോർ ചെടികളാണ്.
ഡബിൾ ഹൈറ്റ് ഡൈനിങ്ങിലും ഇരുവശത്തുള്ള കോർട്യാർഡുകളിൽനിന്ന് കാറ്റ് ഒഴുകിയെത്തുന്നു. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ പാൻട്രിയാണിവിടെ. വൈറ്റ് തീമിലാണ് ഇത് ചിട്ടപ്പെടുത്തിയത്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലുള്ള ക്യാബിനറ്റും നാനോവൈറ്റ് കൗണ്ടർടോപ്പും തീം സെറ്റ് ചെയ്യുന്നു.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഒരുക്കി.
വ്യത്യസ്തമായ നിർമിതികൾ ഒരുക്കിയ ആർക്കിടെക്ട് ജോസ് മാത്യുവാണ് വീടിന്റെ ശില്പി. അകത്തളം ഒരുക്കിയത് ഇദ്ദേഹത്തിന്റെ മകളായ ആർക്കിടെക്ട് ക്ലാരയും. ഇപ്പോൾ നിരവധി ആളുകളാണ് വ്യത്യസ്തമായി ഒരുക്കിയ ഈ വീട് കാണാൻ ഇവിടെയെത്തുന്നത്.
Project facts
Location- Kollad, Kottayam
Area- 2500 Sq.ft
Plot- 12 cent
Architect- Jose K Mathew
JKM Design Consortium, Kottayam
Interior- Clara Jose
English Summary- Brick Wave Pattern House- Veedu Magazine Malayalam