ഒരുനിലയാണ് സന്തോഷം; ഒരുനിലയിൽ ഇരുനിലയുടെ പ്രൗഢിയുള്ള വീട്

Mail This Article
വീട്ടുകാർ തമ്മിലുള്ള ഇഴയടുപ്പം നിലനിർത്താൻ, പരിപാലനം എളുപ്പമാക്കാൻ ഒരുനില വീടുമതി എന്നതായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി റെജിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. അത്തരത്തിൽ ആഡംബരത്തിന്റെ അതിപ്രസരമില്ലാതെ ഒരുക്കിയ വീടാണിത്.
സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വശത്തായി രണ്ടുകാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ചും ഇതേശൈലിയിലൊരുക്കി. കടപ്പക്കല്ലുകളാണ് മുറ്റത്ത് വിരിച്ചത്.

വാട്ടർ ബോഡിയുള്ള കോർട്യാർഡാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇവിടെ ഡബിൾഹൈറ്റിലുള്ള ജാലകങ്ങൾ കാണാം. വീടിന് കൂടുതൽ വലുപ്പം തോന്നാനാണ് ഡബിൾഹൈറ്റ് ജാലകങ്ങൾ.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

അകത്തേക്ക് കയറിയാൽ ഇരുനില വീടിന്റെ വലുപ്പം ഫീൽ ചെയ്യുമെന്നതാണ് ഇവിടെ ഡിസൈനിലെ ട്രിക്ക്. ഡബിൾഹൈറ്റ് സ്‌പേസുകളുടെ ചിട്ടപ്പെടുത്തലിലൂടെയാണ് ഇത് സാധ്യമാക്കിയത്. നാച്ചുറൽ ലൈറ്റിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയാണ് ഡിസൈൻ. ഇതിനായി ഡബിൾഹൈറ്റ് ജാലകങ്ങൾ, സ്‌കൈലൈറ്റ് സീലിങ് എന്നിവ വിന്യസിച്ചു.

ഫ്ലൂട്ടഡ് പാനലിങ് ചെയ്ത ടിവി യൂണിറ്റാണ് ഫാമിലി ലിവിങ്ങിലെ ഹൈലൈറ്റ്. അനുബന്ധമായി ഒരു ബുദ്ധ തീംഡ് കോർട്യാർഡും ഇവിടെ സജ്ജീകരിച്ചു.

ലളിതസുന്ദരമായി ഫോർമൽ ലിവിങ് ഒരുക്കി. വെനീർ പാനലിങ് ചെയ്ത ഭിത്തി ഇവിടെ ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള ഗ്ലാസ് ഡോർ വഴി വശത്തെ മുറ്റത്തേക്കിറങ്ങാം.
പ്രൈവറ്റ് കോർട്യാർഡ് ഒരുക്കിയ മാസ്റ്റർ ബെഡ്‌റൂം മറ്റൊരു ഹൈലൈറ്റാണ്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്ക് പ്രവേശിക്കാം. സ്‌കൈലൈറ്റ് വഴി മുറികളിൽ പ്രകാശംനിറയുന്നു.

മറൈൻ പ്ലൈ+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഗ്ലോസി ടൈലും പതിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.

പുതിയകാലത്തെ തിരക്കിട്ട ജീവിതശൈലിയിൽ കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം കുറഞ്ഞുവരികയാണ്. ഒരുമേൽക്കൂരയ്ക്ക് കീഴിൽ ഇരുധ്രുവങ്ങളിലെന്നപോലെ കഴിയുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. ഇവിടെയാണ് ഒരുനില വീടുകളുടെ പ്രസക്തി. വലിയ വീട് പരിപാലിക്കുക എന്ന ബാധ്യതയ്ക്കും ഒരുപരിധിവരെ പരിഹാരമാണ് ഒരുനിലവീടെന്ന് സ്വന്തം അനുഭവത്തിലൂടെ വീട്ടുകാർ സാക്ഷിക്കുന്നു.
Project facts
Location- Kodungallur

Plot- 22 cent

Area- 2950 Sq.ft
Owner- Rejin
Architect- Sharon Antony
Dreamscape, Kodungallur
Y.C- 2023
English Summary- Single Storeyed House- Veedu Magazine Malayalam