മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ഹരിതാഭമായ ചുറ്റുപാടുകൾക്കുനടുവിൽ ഒറ്റനിലയിൽ നിലകൊള്ളുന്ന വീട്. ഒരുനിലയെങ്കിലും ഉയരമുള്ള പല തട്ടുകളായുള്ള സ്ലോപ് റൂഫ് വീടിന് രണ്ടുനിലയുടെ പ്രൗഢി നൽകുന്നു. ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂര കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

തേക്കുതടി കൊണ്ടുള്ള ലൂവറുകളാണ് സിറ്റൗട്ടിലെ ഹൈലൈറ്റ്.
വെയിലും മഴയുമെല്ലാം ഉള്ളിലെത്തുന്ന തുറന്ന കോർട്യാർഡാണ് വീടിന്റെ ആത്മാവ്. ഇവിടെ ഇൻഡോർ പ്ലാന്റുകൾ കൊണ്ട് ഹരിതാഭ നിറച്ചു.

കിടപ്പുമുറികളും കോമൺ സ്‌പേസുകളുമെല്ലാം ഈ കോർട്യാർഡുമായി ബന്ധിപ്പിച്ചു. അതിനാൽ വീടിനുള്ളിൽ എവിടെയിരുന്നാലും കോർട്യാർഡിന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. വീടിനുള്ളിലെ ചൂടുവായു പുറംതള്ളി തണുത്ത വായു നിറയ്ക്കുന്ന ജോലിയും കോർട്യാർഡ് നിർവഹിക്കുന്നു.

തേക്കിൽ കടഞ്ഞെടുത്ത ഡൈനിങ് ടേബിൾ ഡൈനിങ്ങിലെ ഹൈലൈറ്റാണ്. ഇതിനുസമീപം പലനിറങ്ങളിൽ ഒരു ഷെൽഫും കൗതുകം നിറയ്ക്കുന്നു. ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോറിലൂടെ പുറത്തേക്കിറങ്ങാം. ഇതുവഴിയും കാറ്റും വെളിച്ചവും ഉള്ളിലെത്തും.

മെറ്റൽ ഫ്രയിമിൽ തേക്ക് പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. ജിഐ കൊണ്ടാണ് കൈവരികൾ. സ്‌റ്റെയറിന്റെ സമീപമാണ് ഫാമിലി ലിവിങ് ക്രമീകരിച്ചത്. ഫ്ലൂട്ടഡ് വുഡൻ പാനലിങ് ചെയ്ത ടിവി യൂണിറ്റും കസ്റ്റമൈസ്ഡ് ഫർണീച്ചറുമാണ് ഇവിടെ ഹൈലൈറ്റ്.

കിടപ്പുമുറികൾ വ്യത്യസ്ത തീമിൽ ഒരുക്കി. നാച്ചുറൽ സ്റ്റോൺ, സിമന്റ് ടെക്സ്ചർ, ബ്രിക്ക് ക്ലാഡിങ് തീമിൽ ഹെഡ്‌സൈഡ് വോൾ ഒരുക്കിയാണ് വ്യത്യസ്തത കൊണ്ടുവന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിലുണ്ട്.

എല്ലാം കയ്യെത്തും ദൂരത്തുള്ള മോഡേൺ കിച്ചനാണ് ഒരുക്കിയത്. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
വീടുപണിയാൻ പദ്ധതിയിടുന്ന ധാരാളമാളുകൾ ഇപ്പോൾ ഈ വീട് കാണാനെത്തുന്നു. തങ്ങൾക്കും ഇതുപോലെ ഒരു വീടാണ് വേണ്ടതെന്ന് അവരുംപറയുന്നു.
Project facts
Location- Wandoor, Malappuram
Plot- 25 cent
Area- 3100 Sq.ft
Owner- Hafsal & Raheema
Architect- Risiyas Farsa
Farsa Builddesign, Manjeri
Y.C- 2023
English Summary- Tropical Kerala Style House- Veedu Magazine Malayalam