ADVERTISEMENT

എറണാകുളം കിഴക്കമ്പലത്താണ് അജിത്തിന്റെയും ആതിരയുടെയും പുതിയവീട്. അഞ്ചര സെന്റിന്റെ സ്ഥലപരിമിതികൾ അപ്രസക്തമാക്കി ഒരുക്കിയ വീടാണിത്.

സംഗീത സംവിധാനം ചെയ്യുന്ന വീട്ടുകാരന് ഒരു സ്റ്റുഡിയോ വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇത് മനസ്സിൽക്കണ്ടാണ് വീടിന്റെ എലിവേഷനൊരുക്കിയത്. സമകാലിക ബോക്സ്- മാതൃകയിലാണ് എലിവേഷൻ. ഗ്രേ+ ബ്ലാക് നിറങ്ങളാണ് ഇവിടെ നിറയുന്നത്. സിഎൻസി ഡിസൈൻ ചെയ്ത രണ്ടു മെറ്റൽ സ്‌ക്രീനുകളാണ് വീടിന്റെ ഹൈലൈറ്റ്. പടിഞ്ഞാറ് ദർശനമാണ് വീട്. വ്യത്യസ്ത ലുക്ക് നൽകുന്നതിനൊപ്പം തീക്ഷ്‌ണമായ വെയിലിനെ തടയുക, സ്വകാര്യത ഒരുക്കുക എന്ന ഉദ്ദേശ്യവുമുണ്ട് ഈ സ്‌ക്രീനുകൾക്ക്.

ekm-black-house-side

പോർച്ച്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരുകിടപ്പുമുറി, ബാത്റൂം, അപ്പർ ലിവിങ്, സ്റ്റുഡിയോ എന്നിവയുണ്ട്. മൊത്തം 1939 ചതുരശ്രയടിയാണ് വിസ്തീർണം.

ekm-black-house-screen

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. എന്നാൽ ഇടങ്ങൾ തമ്മിൽ ചെറിയ ഉയരവ്യത്യാസവുമുണ്ട്. പ്രധാനവാതിൽ തുറന്ന് കയറുമ്പോൾ ഫ്ലോർ ലെവലിൽനിന്ന് അൽപം താഴ്ത്തിയാണ് ലിവിങ്. കസ്റ്റമൈസ്ഡ് ഫർണിച്ചർ ഇവിടം അലങ്കരിക്കുന്നു.

ekm-black-house-living

നിർമാണസാമഗ്രികളിലുമുണ്ട് വ്യത്യാസം. AAC ബ്ലോക്കുകൾ കൊണ്ടാണ് ചുവരുകൾ നിർമിച്ചത്. വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. പ്രത്യേകം പെയിന്റ് അടിക്കേണ്ട, ചൂട് കുറവ് തുടങ്ങിയ ഗുണങ്ങളുമുണ്ട്.

ekm-black-house-interior

മുന്തിയ തടിയുടെ ഉപയോഗം കുറച്ച് മെറ്റൽ ഫർണിഷിങ്ങിലേക്ക് മാറിയത് ചെലവ് കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. ബദൽ ഫർണിഷിങ് സാമഗ്രികൾ ധാരാളം വീട്ടിൽ പരീക്ഷിച്ചിട്ടുണ്ട്. സാധാരണ മിക്ക മലയാളികളും വീടുപണിയുമ്പോൾ പ്രധാനവാതിലിന് തേക്ക് മസ്റ്റാണ്. എന്നാൽ ഇവിടെ പ്രധാനവാതിലടക്കം സ്റ്റീലിലാണ്. ജനലുകൾ പൗഡർ കോട്ടഡ് അലുമിനിയത്തിൽ. മതിൽ, ഗെയ്റ്റ്, സ്റ്റെയർ എല്ലാം മെറ്റൽ ഫിനിഷിൽ.

ekm-black-house-night

കാന്റിലിവർ ശൈലിയിലാണ് സിറ്റൗട്ടും പോർച്ചും. പോർച്ചിന്റെ മുകളിലാണ് സ്റ്റുഡിയോ സെറ്റപ്പുള്ള കിടപ്പുമുറി ഒരുക്കിയത്.

മെറ്റൽ ഫ്രയിമിൽ പൈൻവുഡ്‌ വിരിച്ചാണ് ഡൈനിങ് ടേബിൾ. ഒരുവശത്തെ ബെഞ്ചും ഇപ്രകാരമൊരുക്കി.

മെറ്റൽ ഷീറ്റിനു മുകളിൽ ഇന്റർലോക്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികൾക്കും മെറ്റൽ അഴികളാണ്.

ekm-black-house-stair

ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. ഇതിനെ വേർതിരിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും. പ്ലൈവുഡ്+ ഫ്ലൂട്ടഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്.

ekm-black-house-kitchen

മൂന്നു കിടപ്പുമുറികളുടെയും ഹെഡ്‌സൈഡ് ഭിത്തിയിൽ വ്യത്യസ്ത നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. ഇരിപ്പിട സൗകര്യമുള്ള ബേ വിൻഡോകളും മുറികളിലുണ്ട്. 

ekm-black-house-bed

ചുരുക്കത്തിൽ എല്ലാവരും പോകുന്ന വഴിയിൽനിന്നും മാറി സഞ്ചരിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്ന ഘടകം. ഇപ്പോൾ നാട്ടിലെ ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ഈ വീട്. നിരവധി ആളുകൾ വ്യത്യസ്തമായ കാഴ്ചകൾ ഉള്ളിൽ ഒളിപ്പിച്ച വീട് കാണാനെത്താറുണ്ട്.

 

Project facts

Location- Kizhakkambalam, Ernakulam

Area- 1939 Sq.ft

Owner- Ajith & Athira

Designer- Kiran

Studio Fawesphi, Ernakulam

Y.C- 2022

English Summary- Unique Box House with Unique Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com