അടൂർ ഏഴംകുളത്താണ് അജ്മലിന്റെയും കുടുംബത്തിന്റെയും വീട്. പുറംകാഴ്ചയിൽ ട്രഡീഷനൽ ശൈലിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച വീടാണിത്. പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും രണ്ടുനില വീടാണിത്.
പഴയ നാലുകെട്ട് വീടുകൾ പോലെ മഴ പെയ്യുന്ന നടുമുറ്റം വേണം എന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ വീടിന്റെ മധ്യഭാഗത്ത് ഒരു കോർട്യാർഡ് ഒരുക്കി. ഇതിനുചുറ്റുമായാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയുമുണ്ട്.
വീടിന്റെ മുന്നിലൂടെയും വശത്തുകൂടെയും റോഡുകളുണ്ട്. അതിനാൽ മൂന്നു വശത്തേക്കും നീളുന്ന വിശാലമായ പൂമുഖമാണ് ഇവിടെയെത്തുമ്പോൾ ശ്രദ്ധിക്കുന്ന ആദ്യകാര്യം.

ഓപൺ പ്ലാനിലാണ് കോമൺ ഇടങ്ങൾ ഒരുക്കിയത്. അതിനാൽ ഇടങ്ങൾ തമ്മിൽ കണക്ടിവിറ്റിയും വിശാലതയും ലഭ്യമാകുന്നു. അലങ്കാരങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായിട്ടാണ് അകത്തളങ്ങൾ ഫർണിഷ് ചെയ്തത്. നാച്ചുറൽ ലൈറ്റും വെന്റിലേഷനും ലഭിക്കുംവിധം ഇടങ്ങളും ജാലകങ്ങളും ചിട്ടപ്പെടുത്തി.

സ്വകാര്യതയ്ക്കായി ഹാളിന്റെ വശംചേർന്നാണ് ഡൈനിങ് ഒരുക്കിയത്. പ്രധാന ഡൈനിങ് ടേബിൾ കൂടാതെ മിനി ഡൈനിങ്ങും അനുബന്ധമായി ഒരുക്കി.

മോഡേൺ സൗകര്യങ്ങളുള്ള അടുക്കളയ്ക്ക് അനുബന്ധമായി വർക്കേരിയയുമുണ്ട്.
ലളിതമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ക്രമീകരിച്ചു.

ചുരുക്കത്തിൽ പഴമയും പുതുമയും കോർത്തിണക്കിയ വീട്ടിൽ വീട്ടുകാർ ഹാപ്പിയാണ്.