ADVERTISEMENT

പത്തനംതിട്ട കൈപ്പട്ടൂരിലാണ് പ്രവാസികളായ ജോബിയുടെയും കുടുംബത്തിന്റെയും 'ആക്കാക്കുഴിയിൽ' എന്ന വീടുള്ളത്. 'വീട്' എന്നുപറഞ്ഞാൽ കുറഞ്ഞുപോകും, ഇതൊരു സ്വർണക്കൊട്ടാരമാണ്. 'മനോരമ വീട്' യുട്യൂബ്, ഫെയ്സ്ബുക് പേജുകളിലൂടെ മൂന്ന് ദിവസത്തിനുള്ളിൽ 12 ലക്ഷത്തിലേറെ ആളുകളാണ് ഈ വീടിന്റെ വിഡിയോ കണ്ടത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഉള്ളിൽ കാത്തിരിക്കുന്നത്.

kaipattor-luxury-home

കൊളോണിയല്‍-അറബിക് മിക്സ് തീമിലാണ് വീടൊരുക്കിയത്. ചുറ്റുമതിലും ഗെയ്റ്റും മുതൽ വിസ്മയകാഴ്ചകൾ ആരംഭിക്കുന്നു. വിശാലമായ ലാൻഡ്സ്കേപ് വീടിന്റെ പ്രൗഢിക്ക് പിന്തുണയേകുന്നു. പുൽത്തകിടി, ഈന്തപ്പനകൾ, വെള്ളച്ചാട്ടം, ഗസീബോ എന്നിവയെല്ലാം ഇവിടെയുണ്ട്. ചില എയർപോർട്ടുകളിലെ പോലെ റാംപ് കയറി പോർച്ചിൽ കാർ നിർത്തി തിരികെ ഇറങ്ങുന്ന രീതിയിലാണ് മുറ്റം ഒരുക്കിയത്. പൂർണതയ്ക്കായി ഒരുവർഷത്തിലേറെ സമയമെടുത്താണ് ചുറ്റുമതിലും ലാൻഡ്സ്കേപ്പും നിർമിച്ചത്. 

kaipattoor-home-side

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പ്രൈവറ്റ് ലിവിങ്, നാലുതരം കിച്ചൻ, പൂൾ ഏരിയ, രണ്ടു കിടപ്പുമുറികൾ , ബാത്റൂമുകൾ, ഓഫിസ് എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, ബാത്റൂമുകൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 10000 ചതുരശ്രയടിയോളം വിസ്തീർണമുണ്ട്.

kaipattoor-home-living

വിശാലമായ ഒരു ഓഡിറ്റോറിയത്തിലേക്കെത്തിയ പ്രതീതിയാണ് പ്രധാനവാതിൽ തുറന്നുകയറുമ്പോൾ. ഇറ്റലിയിലെയുംമറ്റും ദേവാലയങ്ങളുടെ അൾത്താരയെ അനുസ്മരിപ്പിപ്പിക്കുംവിധമാണ് ഇവിടെ മേൽക്കൂര മകുടാകൃതിയിൽ നിർമിച്ചത്. വീടിന്റെ ഹൃദയഭാഗം ട്രിപ്പിൾ ഹൈറ്റിൽ ഒരുക്കിയ ഈ ഡോം ഏരിയയാണ്.

kaipattoor-home-hall-JPG

ഗുണനിലവാരത്തിൽ ഒരുവിട്ടുവീഴ്ചയ്ക്കും വീട്ടുകാർ തയാറായിട്ടില്ല. അതിനാൽ ഏറ്റവും മുന്തിയ ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഇവിടെ ഫർണിഷിങ്ങിന് ഉപയോഗിച്ചിട്ടുള്ളത്. ഇറക്കുമതി ചെയ്ത ഭീമൻ ഷാൻലിയറാണ് മറ്റൊരു ഹൈലൈറ്റ്. വീടിന്റെ പലഭാഗങ്ങളിലും ഷാൻലിയറുകൾ സ്വർണപ്രകാശം വിതറുന്നുണ്ട്.

kaipattoor-home-dome-JPG

ഇരുവശത്തേക്കും വഴിപിരിഞ്ഞുപോകുന്ന ഗോവണിയാണ് മറ്റൊരു ആഡംബരക്കാഴ്ച. ഇതിൽ പടികയറുമ്പോൾ പ്രകാശിക്കുംവിധം സെൻസർ ലൈറ്റുകൾ നൽകി. പടികയറിയെത്തുന്ന ആദ്യലാൻഡിങ് ഭിത്തിയിൽ ഗോൾഡൻ തീമിൽ സിഎൻസി കട്ടിങ്ങുകളും മിററും ഇടകലർത്തി നൽകി.

kaipattoor-home-dine-JPG

ഇപ്പോൾ മധ്യവയസ്സിൽ തന്നെ പടികയറി മുകളിലെത്താൻ മടിതുടങ്ങും. മുട്ടുവേദന, നടുവേദന ഒക്കെ കൂട്ടിനെത്തും. ഇതുമുന്നിൽക്കണ്ട്  വീടിനുള്ളിൽ ഒരു ലിഫ്റ്റ് സെറ്റ് ചെയ്തിരിക്കുന്നു. ഇരുനിലകളിലേക്കും അനായാസം ഇതുവഴിയെത്താം.

kaipattoor-home-pool-JPG

ഉപയോഗിക്കാനുള്ള എളുപ്പത്തിനാണ് കിച്ചൻ നാലായി വിഭജിച്ചത്. ആദ്യം ഒരു പാൻട്രി കിച്ചനാണ്. ഇത് ഒരു സെർവിങ് സ്‌പേസായി വർത്തിക്കുന്നു. രണ്ടാമത്തേത് മോഡുലർ കിച്ചനാണ്. ഇവിടെ ഫ്രിജ്, ഇൻബിൽറ്റ് അവ്ൻ, ഡിഷ് വാഷർ എന്നിവ സെറ്റ് ചെയ്തു. ഒരു ബ്രേക് ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്. അടുത്തതാണ് വർക്കിങ് കിച്ചൻ. ഇതാണ് പ്രധാന പാചകവേദി.  ഇവിടെ ഓട്ടമേറ്റഡ് സ്റ്റൗ ഒരുക്കി. ധാരാളം വിറക് ലഭിക്കുന്ന പ്രദേശമായതിനാൽ പുറത്ത് ഫയർ കിച്ചനുമുണ്ട്.

kaipattoor-home-kitchen-JPG

ദമ്പതികൾക്ക് മൂന്ന് ചെറിയ പെൺകുട്ടികളാണ്. അവരുടെ ഇഷ്ടമനുസരിച്ചാണ് കിടപ്പുമുറി ഒരുക്കിയത്. പിങ്ക് തീമിൽ വാൾ പേപ്പറും, കാർട്ടൂണുകൾ നിറഞ്ഞ കർട്ടനുകളും, ഡ്യൂ ഡ്രോപ്സ് പെറ്റൽസിന്റെ ലൈറ്റിങുമെല്ലാം അവർക്കായി മായികലോകം തീർക്കുന്നു.

kaipattoor-home-bed-JPG

ബാൽക്കണി സ്പേസിൽനിന്നാൽ ലാൻഡ്സ്കേപ്പിലേക്കും റോഡിലേക്കും നല്ല വ്യൂ ലഭിക്കും. പ്രധാനവാതിലിന്റെ അതേഡിസൈനിലാണ് മുകളിലെ വാതിലും.

ജോബിയുടെ പിതാവ് 45 വർഷത്തിലേറെയായി ഒമാനിൽ ബിസിനസ് ചെയ്യുന്നു. അദ്ദേഹത്തെ ബിസിനസിൽ സഹായിക്കാൻ ജോബിയും കുടുംബവും ഏറെസമയവും ഒമാനിലായിരിക്കും. വീട്ടുകാർ പ്രവാസികളായതിനാൽ നൂതന ഓട്ടമേഷൻ സാങ്കേതികവിദ്യകൾ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. ലൈറ്റിങ്, സിസിടിവി, ഗെയ്റ്റുകൾ തുടങ്ങിയവയെല്ലാം ലോകത്തെവിടെ ഇരുന്നും നിയന്ത്രിക്കാം. ഇനിയും വീടിന്റെ ഒരുപാട് വിശേഷങ്ങൾ എഴുതാനുണ്ട്. നീണ്ടുപോകുമെന്നതിനാൽ അവ വിഡിയോ കണ്ടുതന്നെ ആസ്വദിക്കുക.

English Summary:

Ultra Luxury House in Kaipattoor- Manorama Swapnaveedu Video Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com