ഇതുമതി: പുതിയകാലത്തിന് യോജിച്ച വീട്; വിഡിയോ
Mail This Article
ആലപ്പുഴ ഹരിപ്പാടാണ്, യുകെയിൽ ജോലി ചെയ്യുന്ന ദീപക്കിന്റെയും അനുവിന്റെയും പുതിയവീട്. അമ്മയും സഹോദരിയുമാണ് നാട്ടിലുള്ളത്. ചെലവുകുറച്ച് പരിപാലനം എളുപ്പമായ ഒരുനിലവീട് എന്നുള്ളതായിരുന്നു അവരുടെ ആവശ്യം. അപ്രകാരമാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
കോമ്പൗണ്ട് വോൾ ചെലവു കുറഞ്ഞ റൂഫിങ് ഷീറ്റുകൊണ്ടു നിർമിച്ചിരിക്കുന്നു. വീടിന്റെ മുറ്റം അത്യാവശ്യം സ്പേസ് കൊടുത്ത് താരതമ്യേന ചെലവു കുറഞ്ഞ കോൺക്രീറ്റ് ക്ലാഡിങ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. വളരെ സിംപിളായിട്ടുള്ള ഒരു ബോക്സ് ടൈപ്പ് കന്റംപ്രറി സ്റ്റൈലിലുള്ള എലിവേഷനിലാണ് വീട്. റസ്റ്റിക് ഫിനിഷ് ലഭിക്കാനായികോൺക്രീറ്റ് ടെക്സ്ചറുള്ള പെയിന്റാണ് പുറംഭിത്തികളിൽ കൊടുത്തിരിക്കുന്നത്.
എൻട്രൻസിലെ ഹൈലൈറ്റ്, സിറ്റൗട്ടിനോട് ചേർന്നൊരുക്കിയ ഔട്ടർ കോർട്യാർഡാണ്. മറ്റൊരു പ്രത്യേകത ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാത്ത് വേയാണ്. ഫ്ളോട്ടിങ് രീതിയിൽ നാച്ചുറൽ സ്റ്റോൺ വിരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.
പ്രധാനവാതിൽ സ്റ്റീലിലാണ്. വാതിൽ തുറന്നു കയറുമ്പോൾ വലതുഭാഗത്തായി വിശാലമായ ഒരു പെബിൾ കോർട്യാർഡ്. അതിൽ ഇൻഡോർ പ്ലാന്റുകളും നൽകി മനോഹരമാക്കിയിരിക്കുന്നു. ഇവിടുത്തെ ഹൈലൈറ്റ് മുകളിലെ രണ്ട് സർക്കുലർ ഗ്ലാസ് സീലിങ്ങുകളാണ്. ഇതുവഴി പകൽ സമയത്ത് വീടിനുള്ളിൽ നല്ല വെളിച്ചം കിട്ടുന്നു.
പ്രധാനവാതിലിന് ഇടതുവശത്തായി സിംപിൾ തീമിൽ ഫോർമൽ ലിവിങ് ഒരുക്കി. സെമി ഓപൺ ശൈലിയിലാണ് അകത്തളങ്ങൾ.
ലിവിങ്-ഡൈനിങ് വേർതിരിക്കുന്നതിനായി AAC ബ്ലോക്കുകൾകൊണ്ട് പാർട്ടീഷൻ വോൾ ഒരുക്കി.
ഡൈനിങ്ങിൽ 6 സീറ്റർ ഡൈനിങ് ടേബിള്‍ ക്രമീകരിച്ചു. ഇവിടെയും പർഗോള സീലിങ്ങുള്ള സൈഡ് കോർട്യാർഡുണ്ട്. സമീപം കൺസീൽഡ് സ്റ്റോറേജോടു കൂടിയ വാഷ് ഏരിയയുമുണ്ട്.
ബാത് അറ്റാച്ച്ഡ് ആയിട്ടുള്ള മൂന്നു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. മാസ്റ്റർ ബെഡ്റൂമിലെ ഹൈലൈറ്റ്, വെയിലും മഴയും നേരിട്ട് ആസ്വദിക്കാവുന്ന രീതിയിലുള്ള ഓപൺ ടു സ്കൈ ആയിട്ടുള്ള കോർട്യാർഡാണ്. ഇതിന്റെ ഒരുഭിത്തി ടെറാകോട്ട ജാളിയിലാണ് നിർമിച്ചിരിക്കുന്നത്.
പരിപാലനം ഉറപ്പുവരുത്താനായി ഇവിടെ ഒരു കിച്ചൻ മാത്രമേയുള്ളൂ. എന്നാൽ മറ്റുവീടുകളിൽ കിച്ചൻ, വർക്കേരിയ എന്നിവയിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്. മൾട്ടിവുഡ്+ മൈക്ക ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. വാഷിങ് മെഷീനും കിച്ചനില്‍ സെറ്റ് ചെയ്തിരിക്കുന്നു. എൻട്രി കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം.
കോവിഡ് കാലത്തിനുശേഷം നിർമാണ മേഖലയിലെ ചെലവുകൾ റോക്കറ്റു പോലെ കുതിച്ചു. നിർമാണ സാമഗ്രികളുടെ ചെലവ്, പണിക്കൂലി മറ്റു പലവിധ ചെലവുകളും വർധിച്ചു ഇനിയുള്ള കാലത്ത് ബജറ്റ് ഫ്രണ്ട്‌ലി വീടുകളേക്കാൾ കോസ്റ്റ് എഫക്റ്റീവ് വീടുകളാണ് കൂടുതൽ പ്രാവർത്തികമാകുക.
ഇവിടെ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 38 ലക്ഷം രൂപയ്ക്ക് 2000 ചതുരശ്രയടി വീട് പൂർത്തിയാക്കാൻ സാധിച്ചു. ചുരുക്കത്തിൽ ഇനിയുള്ള കാലം കേരളത്തിൽ കൂടുതൽ യോജിക്കുന്നതും ഇത്തരം വീടുകളാകാം...
Project facts
Location- Haripad
Area- 2000 Sq.ft
Owner- Deepak, Anu
Design- Nature Homes, Kayamkulam
Budget- 38 Lakhs