ഒരുവീട്, പലകാഴ്ചകൾ! ഉള്ളിൽ തണൽമരം തരുന്നപോലെ കുളിർമ
![muvattupuzha-home-ext muvattupuzha-home-ext](https://img-mm.manoramaonline.com/content/dam/mm/mo/homestyle/dream-home/images/2023/12/12/muvattupuzha-home-ext.jpg?w=1120&h=583)
Mail This Article
രസതന്ത്രം എന്ന സിനിമയിൽ മോഹൻലാൽ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്: ''നമ്മൾ ആഗ്രഹിക്കുന്ന ഒരു വീട് എന്ന് പറയുമ്പോൾ ആ വീട് നമ്മളെയും ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടെ നോക്കണം...''
അത്തരത്തിൽ ഉള്ള ഒരു വീടാണ് മൂവാറ്റുപുഴയ്ക്ക് അടുത്ത് ഏനാനല്ലൂർ എന്ന സ്ഥലത്ത് ആൽബിനും കുടുംബവും സഫലമാക്കിയത്.
![muvattupuzha-home-front muvattupuzha-home-front](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
റോഡ് ലെവലിൽനിന്ന് ചെരിഞ്ഞുകിടക്കുന്ന പിൻവശത്ത് ഏതാണ്ട് 10 അടി താഴ്ചയുള്ള പ്ലോട്ട് വെല്ലുവിളി ഉയർത്തി. ഇത്തരം പ്ലോട്ടുകളിൽ സാധാരണ ചെയ്യാറുള്ളതുപോലെ, ചുറ്റും കരിങ്കല്ല് കെട്ടി വലിയ തോതിൽ മണ്ണ് ഫിൽ ചെയ്തു വലിയ തുക അതിനായി ചെലവഴിച്ചു ഭൂമിയുടെ നിലവിലുള്ള സാഹചര്യത്തെ മാറ്റി, വീടുപണിയേണ്ട എന്ന് വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ ഭൂമിയുടെ സ്വാഭാവിക ചെരിവ് നിലനിർത്തി അതിനോട് യോജിക്കുംവിധം 1617 Sq.ft വരുന്ന 3BHK ഇരുനിലവീട് ഡിസൈൻ ചെയ്തു.
![muvattupuzha-home-contour muvattupuzha-home-contour](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സമകാലിക ശൈലിയിലാണ് വീടൊരുക്കിയത്. നാച്ചുറൽ ലൈറ്റും കാറ്റും സമൃദ്ധമായി ഉള്ളിലെത്തുംവിധമാണ് അകത്തളക്രമീകരണം.
![muvattupuzha-home-living muvattupuzha-home-living](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുള്ള ഒരു കിടപ്പുമുറി എന്നിവയാണ് ഗ്രൗണ്ട് ഫ്ലോറിൽ. ബേസ്മെന്റ് ഫ്‌ളോറിൽ അറ്റാച്ഡ് ബാത്റൂമുള്ള രണ്ടു കിടപ്പുമുറികൾ വിന്യസിച്ചു.
![muvattupuzha-home-bed muvattupuzha-home-bed](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ബേസ്‌മെന്റ് ഫ്ലോർ സാധാരണ ചെയ്യുമ്പോൾ റൂമിനകത്തു നാച്ചുറൽ ലൈറ്റ് കുറയാറുണ്ട്. എന്നാലിവിടെ വെളിച്ചവും വെന്റിലേഷനും കൃത്യമായി ലഭിക്കുംവിധമാണ് ബേസ്മെന്റ് നില ചിട്ടപ്പെടുത്തിയത്.
ഡൈനിങ് ഏരിയയാണ് വീടിനുള്ളിലെ ജംഗ്‌ഷൻ. ഇവിടെനിന്നാണ് കിച്ചൻ, കിടപ്പുമുറികൾ, സ്‌റ്റെയർ എന്നിവിടങ്ങളിലേക്ക് തിരിയുന്നത്. വീട്ടുകാരുടെ ആവശ്യപ്രകാരം ഡൈനിങ്ങിൽത്തന്നെയാണ് ടിവി ഏരിയയും പ്രെയർ സ്‌പേസും വിന്യസിച്ചത്.
![muvattupuzha-home-dine muvattupuzha-home-dine](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഡൈനിങ്ങിൽ ട്രസ് ചെയ്ത് സ്ലോപ് റൂഫിങ് ചെയ്തു. ഇതിന്റെ രണ്ടുവശത്തും ടെറാക്കോട്ട ജാളി വർക്കും ചെയ്തു. അങ്ങനെ വീടിന്റെ കേന്ദ്രഭാഗം ഡബിൾഹൈറ്റ് സീലിങ്ങോടുകൂടിയ മനോഹരമായ ഇടമായി.
![muvattupuzha-home-night muvattupuzha-home-night](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സാധാരണ വീടുകളിൽപോലും ഷോ കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവ ഉൾപെടുത്തുമ്പോൾ ഇവിടെ പ്രായോഗികത മുൻനിർത്തി ഒരു കിച്ചൻ മാത്രം ഉൾപ്പെടുത്തി. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുള്ള 'U' ഷേപ്ഡ് കിച്ചൻ ഒരുക്കി.
![muvattupuzha-home-kitchen muvattupuzha-home-kitchen](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഓരോ ഇടത്തുനിന്ന് വീടിന് വ്യത്യസ്ത രൂപഭംഗി ലഭിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഈ വീടിന്റെ ഓരോ ഭാഗത്തു ഇരിക്കുമ്പോളും, ഒരു തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നത് പോലെയുള്ള അന്തരീക്ഷം ലഭിക്കുന്നു എന്ന് വീട്ടുകാരും സാക്ഷിക്കുന്നു.