'16 ലക്ഷം, 3 സെന്റ്; ഇത് ഞങ്ങളുടെ കൊച്ചുസ്വർഗം'
Mail This Article
ചെറിയ സ്ഥലത്ത് ചെറിയ ബജറ്റിൽ സ്വപ്നഭവനം പൂർത്തിയാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.
ജീവിതത്തിൽ കൂടുതലും പ്ലാൻ ചെയ്യാതെ വന്നുഭവിച്ച കാര്യങ്ങളാണുള്ളത്. ഞാൻ സ്വന്തമായി ഒരു വീട് പണിയും എന്നുകരുതിയതല്ല. കാരണം അതിനുപറ്റിയ സാമ്പത്തിക സാഹചര്യങ്ങൾ ഇല്ലായിരുന്നു. കുറേക്കാലം പ്രവാസിയായിരുന്നു. തിരിച്ചെത്തിയ ശേഷം കൊച്ചി എയർപോർട്ടിൽ പ്രീപെയ്ഡ് ടാക്സി ഓടിക്കുന്നു.
നാട്ടിൽ തിരിച്ചെത്തിയ സമയത്ത് 12 ലക്ഷത്തിന്റെ ഒരു KSFE ചിട്ടി ചേർന്നു. ആ സമയത്താണ് എന്റെ വീടിനടുത്ത് 3 സെന്റ് സ്ഥലം വിൽക്കാനുണ്ടെന്ന് അറിയുന്നതും ഉള്ളതെല്ലാം നുള്ളിപ്പെറുക്കി സ്ഥലം വാങ്ങുന്നതും. സ്വന്തമായി സ്ഥലമുണ്ടായപ്പോൾ അതിലൊരു വീട് എന്ന സ്വപ്നം പതിയെ മുളപൊട്ടിവന്നു.
സ്ഥലം വാങ്ങി 5 വർഷം കഴിഞ്ഞപ്പോൾ ചിട്ടി അടിച്ചു. അങ്ങനെ സ്ഥലത്തിന്റെ ആധാരം വച്ച് ബാങ്കിൽനിന്ന് 5 ലക്ഷം വായ്പയെടുത്തു. വീട് പണി തുടങ്ങി..പക്ഷേ പെട്ടെന്ന് 5 ലക്ഷം തീർന്നു. പണി ഒന്നുമായിട്ടില്ല. പണി കുറച്ചുനാൾ നിർത്തിവച്ചു. എന്തുചെയ്യും എന്ന് വിഷമിച്ചിരിക്കുമ്പോൾ എന്റെ സുഹൃത്ത് അവനുകിട്ടിയ ചിട്ടിക്കാശ് തന്നുസഹായിച്ചു. അങ്ങനെ പണി വീണ്ടും തുടങ്ങി. വീണ്ടും കാശ് തീർന്നപ്പോൾ അച്ഛനും സഹോദരിയും സഹായിച്ചു. ഭാര്യ വിൽക്കാനായി സ്വർണം തന്നു. അങ്ങനെ ഒരുവിധം വീടുപണി പൂർത്തിയാക്കാനായി.
നിർമാണസമയത്ത് പലരും അകമഴിഞ്ഞു സഹായിച്ചു. 'കാശ് ഉള്ളപ്പോൾ തന്നാൽ മതി' എന്നുപറഞ്ഞു പൈപ്പ്, സാനിറ്ററി, ഇലക്ടിക്കൽ സാധനങ്ങൾ സുഹൃത്ത് സ്വന്തം കടയിൽനിന്നുതന്നു. എം-സാൻഡ്, മെറ്റൽ തുടങ്ങിയവ മറ്റൊരു സുഹൃത്ത് വില കുറച്ച് ഏർപ്പാടാക്കിത്തന്നു. പെയിന്റിങ് പണിയും ചെലവ് കുറച്ച് ചെയ്തുതരാൻ ആളുകളുണ്ടായി.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുള്ള രണ്ടു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 16 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കി. ഹോം ലോൺ, മറ്റു ഭാരിച്ച കടങ്ങൾ ഒന്നും തലയിൽ ഇല്ലാതെ സമാധാനമായി കേറിക്കിടക്കാൻ ഒരുവീടായി. ഞാനും ഭാര്യയും രണ്ടു ചെറിയകുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഞങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഞങ്ങളുടെ കൊച്ചുസ്വർഗം. ജീവിതം ഇപ്പോൾ കൂടുതൽ സുന്ദരമായി തോന്നുന്നു.