അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ: വിവാഹത്തിന് മുൻപ് അതിവേഗം വീടൊരുക്കി!
Mail This Article
'വിവാഹത്തിന് മുൻപ് സ്വന്തമായി നല്ലൊരു വീടുവേണം' എന്ന സ്വപ്നം ഏതൊരാളെയുംപോലെ കണ്ണൂർ കൊറ്റാളി സ്വദേശി നികേഷിനും ഉണ്ടായിരുന്നു. വീടുപണി പല സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയപ്പോൾ, 'താമസിക്കുന്ന പഴയ വീട് പൊളിച്ചു പണിയാം' എന്ന തീരുമാനത്തിൽ നികേഷ് എത്തിയത് അല്പം താമസിച്ചായിരുന്നു. അതായത് വിവാഹത്തിന് വെറും 6 മാസം ബാക്കിയുള്ളപ്പോൾ... അതിനുള്ളിൽ പഴയ വീട് പൊളിക്കലും പുതിയ വീടുപണിയും പാലുകാച്ചലുമെല്ലാം നടക്കണം. ചെറുപ്പക്കാരായ ഒരുകൂട്ടം ആർക്കിടെക്ടുകളെ ദൗത്യം ഏൽപിച്ചതോടെ കാര്യങ്ങൾ ഉത്സാഹത്തോടെ പുരോഗമിച്ചു.
വെറും 180 ദിവസങ്ങൾ കൊണ്ട് പഴയ വീട് പൊളിക്കുകയും, പുതിയ വീട് ഡിസൈൻ ചെയ്ത് നിർമിക്കുകയും ചെയ്യണം എന്നത് പ്രയാസമുള്ള കാര്യമായിരുന്നു, എങ്കിലും വീടിന്റെ ഭംഗിയുള്ള ഡിസൈനിങ്ങിലും നിർമാണത്തിലും വിട്ടുവീഴ്ച ചെയ്യാതെ അവർ ദൗത്യം പൂർത്തിയാക്കി. 9 സെന്റിൽ 1750 ചതുരശ്രയടിയാണ് വീടിന്റെ വിസ്തൃതി.
കന്റെംപ്രറി- മിനിമലിസ്റ്റിക് തീമിലാണ് വീടൊരുക്കിയത്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഈ ഡിസൈനിൽ കാറ്റും വെളിച്ചവുമെല്ലാം നല്ലരീതിയിൽ ലഭിക്കുവാൻ ശ്രദ്ധ ചെലുത്തി. 'അകത്താണ് വീട്', എന്ന ആശയത്തിൽ ഹൃദ്യമായ അകത്തളങ്ങൾ ചിട്ടപ്പെടുത്താൻ ശ്രദ്ധിച്ചു. കിടപ്പുമുറികൾക്ക് പ്രൈവസി നൽകിക്കൊണ്ടുള്ള, ട്രോപിക്കൽ സ്റ്റൈലിലുള്ള ഇന്റീരിയർ വർക്കുകൾ അകത്തളം മനോഹരമാക്കുന്നു.
പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോൾ ലിവിങ്-ഡൈനിങ് വേർതിരിക്കുന്ന ബ്രിക്ക് ക്ലാഡഡ് ഭിത്തിയാണ് ആദ്യം ആകർഷിക്കുന്നത്. ലിവിങ്ങിലെ ടിവിയൂണിറ്റായി ഈ ഭിത്തി നിലനിർത്തിയപ്പോഴും പിന്നിലുള്ള ഡൈനിങ്, സ്‌റ്റെയർ എന്നിവയ്ക്കു സ്വകാര്യതയും ഇത് നൽകുന്നുണ്ട്.
എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിലുള്ള ടൈലും വുഡൻ ഫിനിഷ്ഡ് ടൈലും നൽകി പ്രകൃതിയോട് ഇണങ്ങി ചേരുന്ന രീതിയിൽ അകത്തളങ്ങൾക്ക് ഭംഗി വർധിപ്പിച്ചു. ഇളംനീലയും മഞ്ഞയും ചേർന്ന കോംബിനേഷൻ ഹൈലൈറ്റർ ചുവരുകൾക്ക് നൽകിയത് അകത്തളങ്ങൾക്ക് വേറിട്ട ഭംഗിയേകുന്നു.
ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റോടുകൂടിയാണ് ലിവിങ് ചിട്ടപ്പെടുത്തിയത്. ചൂട് കുറയ്ക്കാനും നാച്ചുറൽ ലൈറ്റ് ലഭിക്കാനും ഇത് ഉപകരിക്കുന്നു.
അകത്തളത്തിലെ ഒരു ആകർഷണമാണ് സ്‌റ്റെയർ. മെയിൻ ഫ്ലോറിൽനിന്നും അല്പം ഉയർത്തി വുഡൻ ടൈൽ വിരിച്ചു ഇവിടമൊരുക്കി. സമീപം വാഷ് ഏരിയ വിന്യസിച്ചു.
ഡൈനിങ്ങിലെ പ്രധാന ആകർഷണം, മുഴുനീള ഫോൾഡബിൾ ഗ്ലാസ് വിൻഡോസ് വഴി പ്രവേശിക്കാവുന്ന കോർട്യാർഡാണ്. വീടിനുള്ളിലേക്ക് കാറ്റും നാച്ചുറൽ ലൈറ്റും എത്തിക്കുന്നതിൽ ഇവിടം പ്രധാനപങ്കുവഹിക്കുന്നു.
ഡൈനിങ്ങിലേക്ക് തുറക്കുന്ന ഓപ്പൺ കിച്ചൻ ക്രമീകരിച്ചു. എൻട്രി പോയിന്റിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകി. അനുബന്ധമായി വർക്കേരിയയുമുണ്ട്.
അറ്റാച്ഡ് ബാത്റൂമോടുകൂടിയ ഒരുകിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് വീടിന്റെ മുകൾനിലയിലുള്ളത്. താഴെയുള്ള ലിവിങ്ങിനുമുകളിലായി അപ്പർ ലിവിങ് ഒരുക്കിയതിനാൽ ഡബിൾഹൈറ്റ് സ്‌കൈലൈറ്റ് വഴി മുകളിലും വെളിച്ചം നിറയുന്നു.
ഏതായാലും സമയത്തുതന്നെ പാലുകാച്ചലും കല്യാണവുമെല്ലാം ശുഭമായി നടന്നു. നികേഷും കുടുംബവും ഹാപ്പി...
Project facts
Location- Kottali, Kannur
Plot- 9 cent
Area- 1750 Sq.ft
Owner- Nikesh, Sarga
Design & Construction- Ar.Sarang , Ar.Ajmal, Ar.Sahar