എന്തൊരുമാറ്റം: കണ്ടാൽ പറയുമോ, ഇത് ആ പഴയ വീടാണെന്ന്!

Mail This Article
20 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. തൃശൂർ പുന്നയൂർക്കുളത്താണ് ഷാജഹാന്റെയും കുടുംബത്തിന്റെയും പഴയ വീടുണ്ടായിരുന്നത്. പഴയ മോഡൽ ഇരുനില വാർക്കവീട്ടിൽ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ഇടുങ്ങിയ അകത്തളങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു. അങ്ങനെയാണ് കാലോചിതമായി നവീകരിച്ചാലോ എന്ന് വീട്ടുകാർ ആലോചിക്കുന്നത്.

ചരിഞ്ഞ മേൽക്കൂര മുറിച്ചുനീക്കി സമകാലിക ശൈലിക്കിണങ്ങുംവിധം ഫ്ലാറ്റ് റൂഫിലേക്ക് മാറ്റിയെടുത്തു. ഗെയ്റ്റിന്റെ സ്ഥാനം മാറ്റിയപ്പോൾ ലാൻഡ്സ്കേപ്പിങ്ങിന് കൂടുതൽ സ്ഥലംലഭിച്ചു.

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയുമാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ഇടഭിത്തികൾ പൊളിച്ചുകളഞ്ഞു കൂടുതൽ ജാലകങ്ങൾ സ്ഥാപിച്ചതോടെ അകത്തളം കൂടുതൽ വിശാലവും പ്രകാശമാനവുമായി. ഇൻഡയറക്ട് ലൈറ്റിങ്ങും ഉൾപ്പെടുത്തി. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി വാം ടോൺ ലൈറ്റുകളും നൽകിയതോടെ അകത്തളം പ്രകാശമാനമായി.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്നു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2930 ചതുരശ്രയടിയാണ് വിസ്തീർണം.

കസ്റ്റം മെയ്ഡ് ഫർണിച്ചറുകൾ ലിവിങ്ങിൽ ഭംഗിനിറയ്ക്കുന്നു. ഇവിടെ ഫുൾ ലെങ്ത് സ്ലൈഡിങ് ഗ്ലാസ് ഡോറുണ്ട്. ഇത് തുറന്ന് ഇടനാഴിയിലേക്ക് കടക്കാം.

വുഡൻ ചെയറുകളും മാർബിൾ ടേബിൾ ടോപ്പമുള്ള ഡൈനിങ് ടേബിളൊരുക്കി. ഇവിടെയുള്ള ഫുൾ ലെങ്ത് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി കോർട്യാർഡിലേക്കിറങ്ങാം.

മെറ്റൽ സ്ട്രക്ചറിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. സ്‌റ്റെയർ ഭിത്തിയിലുള്ള വെർട്ടിക്കൽ സ്ലിറ്റുകൾ വഴി പ്രകാശം ഉള്ളിലെത്തുന്നു.

റിസോർട്ട് തീമിനെ അനുസ്മരിപ്പിക്കുംവിധം മനോഹരമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. ഹെഡ്‌സൈഡ് ഭിത്തിയിൽ പുതുമകൾ പരീക്ഷിച്ചാണ് വ്യത്യസ്തത കൊണ്ടുവന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്.

ഒരുരീതിയിലും ഇത് പഴയ വീട് നവീകരിച്ചതാണെന്ന് തോന്നുകയില്ല. ചുരുക്കത്തിൽ പഴയ വീട് മനസ്സിൽ വച്ച് ഇവിടെ വരുന്നവർക്ക് വീടുതെറ്റുമെന്ന് തീർച്ച.
Project facts

Location- Punnayurkulam, Thrissur
Plot- 13 cent

Area- 2930 Sq.ft
Owner- Shajahan
Architect, Interior Design- Sumayya Salih Architects
Y.C- 2022