ADVERTISEMENT

വൈദ്യുതി, വെള്ളം, ആഹാരം എന്നിങ്ങനെ എല്ലാ അടിസ്ഥാന ആവശ്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതാണ് നഗരജീവിതത്തിന്റെ പ്രത്യേകത. ബെംഗളൂരു പോലെ തിരക്കു നിറഞ്ഞ നഗരത്തിലെ കാര്യം പറയുകയും വേണ്ട. എന്നാൽ തിങ്ങിനിറഞ്ഞ കെട്ടിടങ്ങൾക്കിടയിൽ പ്രകൃതിയോടിണങ്ങിനിൽക്കുന്ന ഒരു പച്ചത്തുരുത്ത് സ്വന്തമായി ഉണ്ടാക്കി എടുത്തിരിക്കുകയാണ് മഞ്ജുനാഥ് - ഗീത ദമ്പതികൾ. തികച്ചും പ്രാദേശികമായ രീതിയിൽ ഒരു വീടുവേണമെന്ന വർഷങ്ങൾ നീണ്ട ആഗ്രഹത്തിനൊടുവിലാണ് ഈ പ്രകൃതി സൗഹൃദവീട് ഇരുവരും നിർമ്മിച്ചെടുത്തത്.

manjunath-geeta

വൈദ്യുതി ലാഭിക്കാൻ സ്ഥാപിച്ച സോളർ സംവിധാനമാണ് ഈ വീട്ടിലെ ഏറ്റവും വലിയ സവിശേഷത. വീട്ടാവശ്യത്തിനായി സോളർപാനലുകൾ സ്ഥാപിക്കുന്നവർക്ക് ഗുണകരമാകുന്ന തരത്തിൽ ഒട്ടേറെ പദ്ധതികൾ ബെംഗളൂരുവിലെ പ്രാദേശിക ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്. ഇതു മനസ്സിൽ കണ്ട് 10 കിലോവാട്ട് സോളർ ഇൻസ്റ്റലേഷനാണ് സ്ഥാപിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനു വേണ്ടിവരുന്നതിനുശേഷം ബാക്കി വരുന്ന വൈദ്യുതി വൈദ്യുത ബോർഡിന് വിൽക്കുകയാണ് ചെയ്യുന്നത്. പ്രതിവർഷം ഏകദേശം അറുപതിനായിരം രൂപവരെ ഇവർ വൈദ്യുതി വിൽപനയിലൂടെ നേടുന്നുണ്ട്. 25 വർഷമാണ് കോൺട്രാക്ട്. സോളർ പാനലുകൾ സ്ഥാപിക്കുന്നതിനായി ഒൻപത് ലക്ഷം രൂപ ചെലവിട്ടിരുന്നു. എന്നാൽ ഈ തുകയ്ക്ക് മുകളിൽ വൈദ്യുതി വിൽപനയിലൂടെ നേടാനായതായി മഞ്ജുനാഥ് പറയുന്നു.

eco-house-bengaluru-solar

വീടിന്റെ നിർമ്മാണത്തിൽ 70 ശതമാനവും കല്ലുകളും ഇഷ്ടികകളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിന്റെയും മറ്റും ഉപയോഗം കുറച്ചതുവഴി നിർമാണച്ചെലവ് 15 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. വേനൽക്കാലത്ത് ബെംഗളൂരു നഗരത്തിലെ ചൂടിനെ ചെറുത്തുനിൽക്കാൻ ഈ വീട്ടിൽ എയർകണ്ടീഷൻ പോലും ആവശ്യമില്ല. ഇത് സാധ്യമാക്കി എടുക്കുന്നതിനായി ക്രോസ് വെന്റിലേഷൻ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വാഭാവിക വെളിച്ചം വീടിനുള്ളിലേക്ക് ധാരാളമായി എത്തുന്ന വിധത്തിലാണ് രൂപകല്പന. പുറത്തെ താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താഴെ മാത്രമാണ് വീടിനുള്ളിൽ ചൂട് അനുഭവപ്പെടുന്നത്.

മഴവെള്ളം സംഭരിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. മഴവെള്ളം വീടിന്റെ ഒരു ഭാഗത്തേക്ക് ശേഖരിക്കാവുന്ന രീതിയിലാണ് നിർമ്മാണം. ഭൂമിക്കടിയിലേക്ക് ശേഖരിക്കുന്ന വെള്ളം മണലും ചരൽകല്ലുകളും ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ബോർവെല്ലിലേക്ക് മാറ്റുന്നു. പ്രതിവർഷം 4,50,000 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള സംഭരണശേഷിയാണ് മഴവെള്ള സംഭരണിക്കുള്ളത്. ഇതിൽ നിന്നും രണ്ടുലക്ഷം ലിറ്ററാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ശേഷിക്കുന്ന ജലം ഭൂമിയിൽ ജലാശം നിലനിർത്തുന്നതിന് സഹായിക്കുന്നു. വീട്ടുമുറ്റത്തെ ഫലവൃക്ഷങ്ങളും പച്ചക്കറികളും എല്ലാം തഴച്ചു വളരുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റാക്കി അത് കൃഷിക്കായി ഉപയോഗിക്കുന്നു. വഴുതനയും ക്യാരറ്റും പച്ചമുളകുമെല്ലാം വീട്ടുമുറ്റത്ത് തന്നെ ഇവർക്ക് ലഭിക്കുന്നുണ്ട്.

നഗരത്തിൽ എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ജീവിതശൈലിയിൽ മാറ്റം വരണമെന്ന് ദൃഢനിശ്ചയത്തോടെ വീടും പരിസരവും ഒരു സ്വർഗ്ഗമാക്കി മാറ്റിയെടുത്തിരിക്കുകയാണ് ഈ ദമ്പതികൾ . 

English Summary- Solar Powered Energy Efficient Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com