എന്തൊരു ബുദ്ധി! വേസ്റ്റ് കണ്ടെയ്നറിനെ വീടാക്കി മാറ്റി! കാശും ലാഭം
Mail This Article
ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് രക്ഷപ്പെടാനായി ഇന്നോളം പരിചയമില്ലാത്ത പല വഴികളും നാം ആലോചിച്ചു പോകുന്നത്. വാടകയ്ക്ക് ഒരു വീട് സ്വന്തമാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിലോ? അന്തിയുറങ്ങാൻ ഏതു വിധേനയും ഒരു കൂര ഒപ്പിച്ചെടുക്കാൻ പല മാർഗങ്ങളെയും ആശ്രയിച്ചെന്നു വരാം. ബ്രിട്ടൻ സ്വദേശിയായ ഹാരിസൺ മാർഷൽ എന്ന കലാകാരന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ബ്രിട്ടനിലെ താങ്ങാനാവാത്ത വീട്ടുവാടകയിൽനിന്ന് രക്ഷനേടാൻ ഒടുവിൽ ഒരു വേസ്റ്റ് കണ്ടെയ്നറിനെയാണ് അദ്ദേഹം ആശ്രയിച്ചത്. കണ്ടെയ്നറിന് രൂപമാറ്റം വരുത്തി അദ്ദേഹം നിർമ്മിച്ച കുഞ്ഞു വീട് ഇപ്പോൾ വാർത്തകളിലെ താരമാണ്.
'സെൻട്രൽ ലണ്ടനിൽ അടുത്ത ഒരു വർഷത്തേക്ക് താമസിക്കാൻ താൻ ഒരുക്കിയ ഇടം' എന്ന കുറിപ്പോടെ ഹാരിസൺ തന്നെ കണ്ടെയ്നർ വീടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാനുള്ള ഇടമേയുള്ളൂ എങ്കിലും ഒരു ശരാശരി വീട്ടിൽ വേണ്ട മിക്ക സൗകര്യങ്ങളും ഇതിനുള്ളിൽ ഉണ്ട്. കിടക്കാൻ ഒരു ബെഡ്, സിങ്കും സ്‌റ്റൗവ്വുമുള്ള അടുക്കള ഭാഗം, തുണികൾ സൂക്ഷിക്കാനുള്ള ഇടം, ഒരു ചെറിയ ഫ്രിഡ്ജ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
തടി ഉപയോഗിച്ച് ഫ്രെയിം വർക്ക് ചെയ്താണ് വീടിന് രൂപമാറ്റം വരുത്തിയിരിക്കുന്നത്. ആർച്ച് ആകൃതിയിലാണ് മേൽക്കൂര. കിടക്കാനുള്ള ഭാഗം മുകൾതട്ടിലായി ക്രമീകരിച്ചിരിക്കുന്നു. 25 സ്ക്വയർമീറ്ററാണ് വീടിന്റെ ആകെ വിസ്തീർണ്ണം. എന്നാൽ കർട്ടനുകളും കസേരയും സ്റ്റോറേജ് യൂണിറ്റും ഇൻഡോർ പ്ലാന്റുകളും പെയ്ന്റിങ്ങുകളും ഉൾപ്പെടുത്തി വീടിന്റെ അകത്തളം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. മൂന്ന് പടികളുള്ള ഏണി ഉപയോഗിച്ചാണ് വീടിനകത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. സ്കിപ്പ് ഹൗസ് എന്ന പേര് കണ്ടെയ്നറിന് പുറത്ത് എഴുതിചേർത്തിട്ടുണ്ട്.
7000 ഡോളറാണ് (5.73 ലക്ഷം രൂപ) ഈ വീട് നിർമ്മിക്കാനായി ചെലവായത്. നിർമ്മാണ ഘട്ടത്തിൽ സുഹൃത്തുക്കളും സഹായിച്ചതായി ഹാരിസൺ പറയുന്നു. താമസം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും വൈദ്യുതി കണക്‌ഷനും ലഭിച്ചു. ഫ്ലഷ് ടോയ്ലറ്റ് സംവിധാനവും ബാത്റൂമും ഇല്ല എന്നുള്ളതാണ് വീടിന്റെ ഏക പോരായ്മ. ഇതിനായി ഓഫിസിനെയും ജിമ്മിനെയും ഒക്കെയാണ് ഹാരിസൺ ആശ്രയിക്കുന്നത്.
തങ്ങാൻ ഒരിടം ഒരുക്കുക എന്നതിന് പുറമേ മറ്റു ചില ലക്ഷ്യങ്ങളും ഈ വീടിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ടെന്ന് ഹാരിസൺ പറയുന്നു. ഉയർന്നുവരുന്ന വാടക മൂലം കഷ്ടപ്പെടുന്നവരാണ് തനിക്ക് ചുറ്റുമുള്ളത്. അവരെല്ലാവരും കണ്ടെയ്നറിനെ വീടാക്കി മാറ്റണം എന്നതല്ല ഉദ്ദേശം. നേരെമറിച്ച് ഒന്നു മനസ്സുവച്ചാൽ കുറഞ്ഞ ചിലവിൽ വീട് ഒരുക്കാനുള്ള ഒരുപാട് സാധ്യതകൾ ഉണ്ടെന്നും അത് തിരക്കി മുന്നിട്ടിറങ്ങുകയാണ് പരിഹാരം എന്നും ഓർമിപ്പിക്കാൻ ഈ വീട് സഹായിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.
English Summary- Man Converted Waste Bin to House- News