ADVERTISEMENT

ലോകാവസാനത്തെക്കുറിച്ച് പലവിധ കഥകളും പ്രവചനങ്ങളും കണ്ടെത്തലുകളുമൊക്കെ പ്രചരിക്കുന്നുണ്ട്. മഹാവ്യാധിയോ മഹാദുരന്തമോ ഉണ്ടാവുന്നതിനെ തുടർന്ന് ഭൂമിയിൽ നിന്നും ജീവൻ തുടച്ചുനീക്കപ്പെടുന്ന സാഹചര്യം ഏത് നിമിഷവും പ്രതീക്ഷിക്കാം എന്ന വിശ്വാസത്തിലാണ് പലരും. എന്നാൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതിനെ അതിജീവിച്ച് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഏതു സാഹചര്യത്തെയും നേരിട്ട് ജീവൻ നിലനിർത്താൻ ഒരു ഭൂഗർഭ ബങ്കർ നിർമ്മിച്ചിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ ലാറി ഹാൾ എന്ന മുൻ സർക്കാർ കോൺട്രാക്ടർ.

ഭൂമിക്കടിയിൽ പല നിലകളിലായി ഒരുക്കിയിരിക്കുന്ന തന്റെ ഈ സർവൈവൽ കോണ്ടോയ്ക്ക് ലോകാവസാനത്തെ അതിജീവിക്കാൻ കഴിയുമെന്നാണ് ലാറിയുടെ വാദം. ബോംബ് സ്ഫോടനത്തെ അതിജീവിക്കാനായി യുദ്ധമേഖലകളിൽ പലയിടങ്ങളിലും ഭൂഗർഭ ബങ്കറുകൾ ഉണ്ടെങ്കിലും അത്തരത്തിൽ പരിമിതമായ ഒരു ഇടമല്ല ലാറിയുടെ സർവൈവൽ കോണ്ടോ. അത് യഥാർത്ഥത്തിൽ ഒരു ബഹുനില ആഡംബര ഹോട്ടലിന് സമാനമാണ്. ഭൂമിയുടെ ഉപരിതലത്തിൽ ഒരുക്കിയിരിക്കുന്ന എട്ട് ടൺ സ്റ്റീൽ വാതിലുകൾ കടന്ന് വേണം ഈ സുരക്ഷാ സങ്കേതത്തിൽ എത്താൻ .

15 നിലകളിലാണ് ബങ്കർ ഒരുക്കിയിരിക്കുന്നത്. ബങ്കറിന്റെ നിർമ്മാണത്തിനായി ഒരു ഭൂഗർഭ മിസൈൽ വിക്ഷേപണ അറയാണ് ലാറി ഉപയോഗപ്പെടുത്തിയത്. ഇവിടെ കഴിയേണ്ടി വരുന്നവർക്ക് വിരസകതകൾ ഇല്ലാതെ പുറം ലോകത്തുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനും ലാറി ശ്രദ്ധിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ, സിനിമ തിയറ്റർ, ജനറൽ സ്റ്റോർ, ബാർ, ഡിജിറ്റൽ കാലാവസ്ഥാ കേന്ദ്രം, മെഡിക്കൽ ബേകൾ, ഭക്ഷണശാലകൾ, ഇന്റർനെറ്റ് ആക്സസോടുകൂടിയ കമ്മ്യൂണിക്കേഷൻ സെന്റർ എന്നിങ്ങനെ സൗകര്യങ്ങളുടെ പട്ടിക നീളും. ഇതിനു പുറമേ ജലവിതരണത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

bunker-pool

മണിക്കൂറിൽ 500 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനെ ചെറുത്തുനിൽക്കാൻ ശക്തിയുള്ള കോൺക്രീറ്റ് ഭിത്തിയാണ് ഏറ്റവും മുകളിലായി നിർമ്മിച്ചിരിക്കുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഇറങ്ങേണ്ടി വന്നാൽ ആക്രമണങ്ങൾ ഏൽക്കാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക വസ്ത്രങ്ങളും താമസക്കാർക്കായി നിർമ്മിച്ചിരിക്കുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും 75 പേർക്ക് അഞ്ച് വർഷത്തേക്ക് ജീവനിൽ ഭയമില്ലാതെ ഇവിടെ കഴിയാനാവും എന്ന് നിർമ്മാതാക്കൾ പറയുന്നു. സർവൈവൽ കൊണ്ടോയ്ക്കായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. 

ലോകാവസാനത്തിന് സമാനമായ ഏത് സാഹചര്യമുണ്ടായാലും ബുദ്ധിമുട്ടുകളോ അപകടങ്ങളോ കൂടാതെ  സുരക്ഷിതമായി ആഡംബര സൗകര്യങ്ങൾ ആസ്വദിച്ച് ജീവിക്കാനുള്ള ഇടമൊരുക്കുകയാണ് സർവൈവൽ കോണ്ടോ ലക്ഷ്യമാക്കുന്നത് എന്ന് വെബ്സൈറ്റിൽ പറയുന്നു. ചിന്തിക്കാവുന്നതിലപ്പുറം സുരക്ഷയും സൗകര്യങ്ങളുമുള്ള ഈ ബങ്കറിൽ ഒരിടം കണ്ടെത്തുന്നതിന് അത്രയധികം വിലയും നൽകേണ്ടിവരും. ഉള്ളിലെ സൗകര്യങ്ങൾക്ക് അനുസരിച്ച് 1.5 മില്യൺ ഡോളർ (12.3 കോടി രൂപ) മുതൽ 4.5 മില്യൺ ഡോളർ (36.9 കോടി രൂപ) വരെയാണ് ബങ്കറിനുള്ളിൽ ഇടം കണ്ടെത്താനായി ചിലവാക്കേണ്ടി വരുന്നത്.

English Summary- Man Builds Bunker Claims to Survive Doomsday- Architecture News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com