ADVERTISEMENT

ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്. ഒരുപക്ഷേ ഇന്ന് വേതനത്തിന്റെ കാര്യത്തിൽ കെട്ടിടനിർമ്മാണ മേഖല ഏറ്റവും മുന്നിലാണെന്ന് തന്നെ പറയാം. ഇലക്ട്രീഷ്യന്മാർ, പ്ലമർ, നിർമ്മാണ തൊഴിലാളികൾ എന്നിവരടക്കം പരിചയ സമ്പന്നരായവർക്ക് മറ്റ് ദിവസ വേതന തൊഴിലാളികളേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നുണ്ട്. ചെറിയ ഇടവേളകൾക്കുള്ളിൽ തന്നെ വേതന നിരക്കിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം.  

മറ്റ് ഏതൊരു മേഖലയിലും വിദ്യാഭ്യാസ യോഗ്യത സുപ്രധാന ഘടകമാണെങ്കിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയ സമ്പന്നതയ്ക്കും വൈദഗ്ധ്യത്തിനുമാണ് മുൻതൂക്കം. അത്തരത്തിൽ ഒരു സർവകലാശാല ബിരുദം പോലുമില്ലാതിരുന്നിട്ടും പ്രതിവർഷം കോടികൾ സമ്പാദിക്കുന്ന ഒരു പ്ലമിങ് തൊഴിലാളി യുകെയിലുണ്ട്. സ്റ്റീഫൻ ഫ്രൈ എന്ന 34കാരനാണ് പ്ലമിങ് ജോലിയിലൂടെ മാത്രം 2,10,000 പൗണ്ട് (2.15 കോടി രൂപ) പ്രതിവർഷം സമ്പാദിക്കുന്നത്. ബോയിലറുകൾ ഫിക്സ് ചെയ്യുക, ടോയ്ലറ്റുകളിലെ തടസ്സം നീക്കം ചെയ്യുക, വാഷറുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയവയെല്ലാമാണ് സ്റ്റീഫന്റെ പ്രധാന പ്രവർത്തന മേഖല. 

പ്ലമിങ് മേഖലയിൽ നിന്നും ഇത്രയധികം വരുമാനം നേടുന്നവർ ലോകത്തിൽ തന്നെ ചുരുക്കമായിരിക്കും. വൻകിട കോർപ്പറേറ്റുകളിലെ ഉദ്യോഗസ്ഥരെ പോലെ ആഡംബര ജീവിതം നയിക്കാനും സ്റ്റീഫൻ ഇപ്പോൾ പ്രാപ്തനായി കഴിഞ്ഞു. ലണ്ടനിലെ മുന്തിയ വാസമേഖലയിലാണ് വീട്. ഇതിനുപുറമേ സമ്പാദ്യത്തിൽ നിന്നും നീക്കിവയ്ക്കുന്ന പണംകൊണ്ട് മാലിദ്വീപിലും കാനറി ദ്വീപുകളിലും അവധി ദിനങ്ങൾ അത്യാഡംബരത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു.

പതിനേഴാം വയസ്സിൽ ഒരു ജോബ് സെന്ററിന്റെ സഹായത്തോടെയാണ് പ്ലമിങ് മേഖലയിൽ അപ്രന്റീസായി സ്റ്റീഫൻ ജോലി ചെയ്തു തുടങ്ങിയത്. പത്ത് വർഷങ്ങൾക്കു മുൻപ് ലണ്ടൻ ആസ്ഥാനമായ പ്രവർത്തിക്കുന്ന പിംലിക്കോ പ്ലമേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭാഗമായതോടെയാണ് സ്റ്റീഫന്റെ തലവര മാറിയത്. കഠിനാധ്വാനം തന്നെയായിരുന്നു പ്രധാന കൈമുതൽ. എട്ടു മുതൽ ആറു വരെയുള്ള ജോലി എന്നതിനപ്പുറം ആഴ്ചയിൽ 58 മണിക്കൂർ എങ്കിലും സ്റ്റീഫൻ ജോലിക്ക് ഇറങ്ങുന്നുണ്ട്. 

രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസങ്ങൾ ഇല്ലാതെ ഏത് അടിയന്തര സാഹചര്യത്തിലും സ്റ്റീഫന്റെ സേവനം ലഭിക്കും. ചുരുങ്ങിയ കാലംകൊണ്ട് കമ്പനിയിലെ മുൻനിര പ്ലമർമാരിൽ ഒരാളായി സ്റ്റീഫൻ മാറുകയായിരുന്നു. സ്റ്റീഫന്റെ സേവനം ആവശ്യപ്പെട്ട് വരുന്ന കോളുകൾ ഏറെയാണ്. ഇത്രയധികം ജോലികൾ തീർക്കേണ്ടി വരുമ്പോൾ ഏറെ ക്ഷീണം തോന്നുമെങ്കിലും ഓരോ പ്രശ്നവും പരിഹരിച്ച ശേഷം ഉപഭോക്താക്കളുടെ മുഖത്തെ സംതൃപ്തി നൽകുന്ന സന്തോഷമാണ് സ്റ്റീഫനെ നയിക്കുന്നത്.

English Summary- Plumber Earns 2 Crore Annually- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com