ഇന്നത്തെക്കാലത്ത് വീട് അടിച്ചുതുടച്ചു വൃത്തിയാക്കാൻ ജോലിക്കാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ വിദേശരാജ്യങ്ങളിൽ ഇതിനായി ധാരാളം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. മത്സരക്ഷമത ഉറപ്പാക്കാൻ വ്യത്യസ്തമായ പല പരീക്ഷണങ്ങളും ഇവർ നടത്താറുണ്ട്.
വീട് വൃത്തിയാക്കാൻ സഹായിക്കുന്ന ജോലിക്ക് ഒരു പ്രത്യേക ഡ്രസ്സ് കോഡുണ്ടോ? ജോലിക്ക് തടസ്സം ഉണ്ടാക്കാത്ത ഏതൊരു വസ്ത്രവും ധരിക്കാം എന്നതായിരിക്കും ഉത്തരം. എന്നാൽ വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ട് ശ്രദ്ധ നേടി പാർട്ട്ടൈം വീട്ടുജോലിയിലൂടെ മണിക്കൂറിന് ആയിരങ്ങൾ സമ്പാദിക്കുകയാണ് റിയാനൻ എന്ന മാഞ്ചസ്റ്റർ സ്വദേശിനിയായ യുവതി.. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് റിയാനൻ ജോലിക്ക് ഇറങ്ങുന്നത്.
എന്നാൽ വെറുതെ ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ വ്യത്യസ്തമായ വസ്ത്രധാരണവുമായി ജോലിക്ക് ഇറങ്ങിയതല്ല റിയാനൻ. 'നേക്കഡ് ക്ലീനിങ്' കമ്പനി എന്ന സ്ഥാപനത്തിലെ ജോലിക്കാരി എന്ന നിലയിലാണ് യുവതി ജോലിക്കായി വീടുകളിൽ എത്തുന്നത്. അർദ്ധനഗ്നയായി വസ്ത്രം ധരിക്കുന്നത് ഇവർക്ക് ഇഷ്ടമാണ്. ഇഷ്ട ഹോബിയാകട്ടെ വീട് വൃത്തിയാക്കുന്നതും. ഈ രണ്ട് ഇഷ്ടങ്ങളും ഒരേസമയം സാധ്യമാക്കിക്കൊണ്ട് നല്ലൊരു തുക ശമ്പളം വാങ്ങാനാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഈ ജോലി തിരഞ്ഞെടുത്തത്.
റിയാനൻ ഒരു ബ്യൂട്ടീഷ്യനാണ്. എന്നാൽ ബ്യൂട്ടീഷ്യനായി ജോലി നോക്കുമ്പോൾ ആഴ്ചയിൽ 40 മണിക്കൂർ ജോലിചെയ്താൽ ലഭിക്കുന്നത്ര വരുമാനം അർദ്ധനഗ്നയായി വീടുകൾ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ 10 മണിക്കൂറുകൾകൊണ്ട് ഇവർക്ക് സമ്പാദിക്കാനാകുന്നുണ്ട്. 83 ഡോളറാണ് (6800 രൂപ) ഒരു മണിക്കൂർ വീട്ടുജോലിക്ക് ഇവർ ഈടാക്കുന്നത്. കൂടുതൽ ക്ലൈന്റുകളെ ലഭിച്ചാൽ ബ്യൂട്ടീഷ്യൻ ജോലി ഉപേക്ഷിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് യുവതി.
ഏതുതരത്തിലുള്ള വസ്ത്രമാണ് വീട്ടുടമകൾക്ക് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചാണ് സ്ഥാപനത്തിലെ ജോലിക്കാർ ജോലിക്കായി വീടുകളിൽ എത്തുന്നത്. ഇന്നോളം തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ ക്ലൈന്റ്സും മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ എന്ന് യുവതി കൂട്ടിച്ചേർക്കുന്നു. എന്നാൽ അർദ്ധനഗ്നയായി ജോലി ചെയ്യുന്നതുകൊണ്ട് ജോലിയിൽ എന്തെങ്കിലും വ്യത്യാസം വരുന്നതായി ഒരിക്കലും ഇവർക്ക് തോന്നിയിട്ടുമില്ല.
2020 ൽ നിക്കി ബെൽറ്റൺ എന്ന യുവതിയാണ് നേക്കഡ് ക്ലീനിങ് കമ്പനി ആരംഭിച്ചത്. കമ്പനിയുടെ കീഴിൽ ജോലിക്കിറങ്ങുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിക്കി ഒരാളെ ക്ലൈന്റായി അംഗീകരിക്കൂ. എന്നാൽ ഇതേ മേഖലയിൽ തന്നെ മറ്റ് ധാരാളം കമ്പനികൾ ഇത്തരത്തിൽ നേക്കഡ് ക്ലീനിങ് സർവീസ് നൽകുന്നുണ്ട്. പക്ഷേ ഇവയൊന്നും നിക്കിയെ പോലെ ജോലിക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല എന്ന് റിയാനൻ പറയുന്നു.
English Summary- Woman Offer Naked Home Cleaning Service-News