ADVERTISEMENT

കള്ളമോ ചതിവോ കാണിക്കാതെ നേർവഴിയിൽ പണം സമ്പാദിക്കാൻ വ്യത്യസ്തമായ ഐഡിയകൾ കണ്ടെത്തുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഓസ്ട്രേലിയക്കാരിയായ മോണിക് ജർമിയ എന്ന യുവതി. തന്റെ കിടപ്പുമുറിയിലെ കിടക്കയുടെ ഒഴിഞ്ഞു കിടക്കുന്ന ഒരു ഭാഗം മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകിയാണ് ഇവർ പണം സമ്പാദിക്കുന്നത്. ഇത്തരത്തിൽ ഒരു ഓഫർ കണ്ടാൽ ആരെങ്കിലും സ്വീകരിക്കുമോ എന്നാണ് ചോദ്യമെങ്കിൽ കിടക്ക വാടകയ്ക്ക് നൽകുന്നതിലൂടെ ഇവർ മാസം പതിനായിരങ്ങൾ സമ്പാദിക്കുന്നുണ്ട് എന്നതാണ് അതിനുത്തരം.

നിശ്ചിത തുക നൽകി ഒരാളുടെ കട്ടിലിൽ ഉറങ്ങാൻ ഇടം നൽകുന്ന വിചിത്രമായ ഈ രീതിക്ക് 'ഹോട്ട് ബെഡിങ്' എന്നാണ് പറയുന്നത്. മോണിക്കിന്റെ മനസ്സിലേക്ക് ഈ ആശയം എത്തിയത് കോവിഡ് കാലത്താണ്. വീടിനുള്ളിൽ അടച്ചിടപ്പെട്ട നിലയിൽ തനിച്ചു കഴിയാൻ അവർക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. എന്താണ് പോംവഴി എന്ന് ആലോചിച്ചപ്പോഴാണ് ആവശ്യത്തിലധികം വലുപ്പമുള്ള കിടക്ക മറ്റൊരാൾക്ക് വാടകയ്ക്ക് വിട്ടുനൽകിയാലോ എന്ന ചിന്ത ഉദിച്ചത്. താൻ കിടന്നു കഴിഞ്ഞാലും മറ്റൊരാൾക്ക് സ്വതന്ത്രമായി, സുഖമായി കിടക്കാനുള്ള ഇടം അതിലുണ്ട്. എങ്കിൽ പിന്നെ വീട്ടിലെ ഒരു മുറി വാടകയ്ക്ക് കൊടുക്കുന്നതുപോലെ തന്നെ കിടക്കയുടെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് അതിലെ ബിസിനസ് സാധ്യത ഉപയോഗപ്പെടുത്താമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.

കിടക്കയുടെ ഒരു ഭാഗം വാടകയ്ക്ക് നൽകപ്പെടും എന്ന് പരസ്യപ്പെടുത്തിയതോടെ ആവശ്യക്കാരും തേടിയെത്തി തുടങ്ങി. 400 പൗണ്ടാണ് (ഏകദേശം 42,000 രൂപ) ഇവർ ഇപ്പോൾ വ്യത്യസ്തമായ ഈ ബിസിനസിലൂടെ പ്രതിമാസം സമ്പാദിക്കുന്നത്.  അപരിചിതരായ വ്യക്തികൾക്ക് കിടക്കയുടെ ഒരുഭാഗം വിട്ടുനൽകുന്നത് അത്ര ശരിയായ കാര്യമാണോ എന്ന് ചിന്തിക്കുന്നവർക്ക് ആ സംശയം നീങ്ങാനുള്ള മറുപടിയും മോണിക്കിന്റെ പക്കലുണ്ട്. വാടക അടിസ്ഥാനത്തിൽ കിടക്ക വിട്ടുനൽകും മുൻപ് ആ വ്യക്തിയോട് ഈ കരാറിൽ 'ലൈംഗികപരമായ ഒരു വശം ഇല്ല' എന്ന കാര്യം ആദ്യംതന്നെ വ്യക്തമാക്കും. അത്തരത്തിൽ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കിടന്നുറങ്ങാൻ ഒരു സ്ഥലം തേടി എത്തുന്നവർക്ക് മാത്രമാണ് കിടക്ക വിട്ടുനൽകുന്നത്.

കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും തീർത്തും അപരിചിതരായ വ്യക്തികൾക്ക് ഇത്തരത്തിൽ കിടക്ക വിട്ടുനൽകുന്നത് അല്പം റിസ്ക്കുള്ള കാര്യമാണെന്നും മോണിക് തുറന്നു സമ്മതിക്കുന്നു. ഇതേരീതി പിന്തുടർന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ എത്തുന്ന വ്യക്തിയെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും തുടക്കത്തിൽ തന്നെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കണം എന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. അധികം ആളുകൾക്കും കേട്ടുകൾവിയില്ലെങ്കിലും സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ പഠന വിവരങ്ങൾ പ്രകാരം വിദേശരാജ്യങ്ങളിൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികളിൽ ചെറിയൊരു ശതമാനം കുറഞ്ഞ തുകയിൽ കിടക്കാൻ ഒരിടം ലഭിക്കുന്ന 'ഹോട്ട് ബെഡിങ്' മാതൃക പിന്തുടരുന്നുണ്ട്.

English Summary- Hot Bedding Trend in Foreign Countries to Save Rent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com